കോഴിക്കോട്: തന്റെ വിവാദമായ 'മറ്റേ മോനേ' പ്രയോഗത്തിന് വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോഴിക്കോട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഈ പദം എയിംസ് വരുമെന്ന അര്‍ത്ഥത്തിലാണ് ഉപയോഗിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ, രാജീവ് ചന്ദ്രശേഖരന് ഷാള്‍ അണിയിച്ചതുമായി ബന്ധപ്പെട്ട വിവാദം 'മറ്റേ ഗുണം' ആണെന്ന് വിശേഷിപ്പിച്ച് സമാനമായ മറ്റൊരു പ്രയോഗവും അദ്ദേഹം അതേ പ്രചാരണ പരിപാടിയില്‍ നടത്തി.

'മറ്റേ മോനേ' എന്ന വാക്കിന് മറ്റ് അര്‍ത്ഥങ്ങളില്ലെന്നും എയിംസ് വരുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും സുരേഷ് ഗോപി വിശദീകരിച്ചു. രാജീവ് ചന്ദ്രശേഖര്‍ സംസാരിച്ചുകൊണ്ടിരുന്നതിനാലാണ് താന്‍ ഷാള്‍ സ്വയം അണിയിച്ചതെന്നും, ഇത് വിവാദമാക്കുന്നവര്‍ 'മറ്റേ ഗുണത്തില്‍' പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. 'പ്രജ' എന്ന് താന്‍ പറയുമ്പോള്‍ 'രാജാവ്' എന്ന് തിരിച്ച് പറയുന്നവരുണ്ട്. 'പ്രജ' എന്ന വാക്കില്‍ തന്നെ 'രാജ' അടങ്ങിയിട്ടുണ്ടെന്നും, 'ചൊറിയുന്നവര്‍ക്ക്' വേണ്ടിയാണ് ഈ പദം വീണ്ടും വീണ്ടും പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിക്കെതിരായ ഡീല്‍ ആരോപണങ്ങള്‍ 'കൊതിക്കെറുവ്' കൊണ്ടാണെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. തമിഴ്നാട്ടില്‍ ഒരുമിച്ച് മത്സരിക്കുന്നവരാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും, യഥാര്‍ത്ഥത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലാണ് ഡീല്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ ബി.ജെ.പി വിജയിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്ന് ശോഭാ സുരേന്ദ്രന്‍ ജയിച്ചിരുന്നെങ്കില്‍ ശബരിമല സ്വര്‍ണക്കടത്ത് നടത്തിയവരോട് നിയമസഭയില്‍ 'വയ്ക്കടോ സ്വര്‍ണം' എന്ന് പറയാന്‍ ഒരാളുണ്ടാകുമായിരുന്നു. അങ്ങനെയൊന്ന് സംഭവിച്ചിരുന്നെങ്കില്‍ ഇത്തവണ ബി.ജെ.പിക്ക് സംസ്ഥാന ഭരണം പിടിക്കാന്‍ കഴിയുമായിരുന്നുവെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ശോഭാ സുരേന്ദ്രനെപ്പോലുള്ള നിരവധി 'നാരീശക്തികള്‍' ബി.ജെ.പിയിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടത്, വലത് മുന്നണികളെ ചവിട്ടിപ്പുറത്താക്കണമെന്നും അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.