മുംബൈ: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തദ്ദേശ സ്വയംഭരണ സ്ഥാപനമായ ബൃഹന്‍ മുബൈ കോര്‍പ്പറേഷനില്‍ (BMC) ഇത്തവണ കാവിക്കൊടി പാറുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. വ്യാഴാഴ്ച പുറത്തുവന്ന നാല് പ്രധാന എക്‌സിറ്റ് പോളുകളും ബി.ജെ.പി - ഷിന്‍ഡെ ശിവസേന സഖ്യത്തിന് വന്‍ മുന്നേറ്റമാണ് പ്രവചിക്കുന്നത്.

20 വര്‍ഷത്തെ അകല്‍ച്ച മറന്ന് ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒന്നിച്ചിട്ടും മുംബൈ നഗരഭരണം പിടിക്കാന്‍ താക്കറെ പക്ഷത്തിന് കഴിയില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. ദീര്‍ഘകാലമായി മുംബൈ കോര്‍പ്പറേഷന്‍ ഭരിച്ചിരുന്ന ശിവസേനയുടെ അടിത്തറ ഇളകുന്ന കാഴ്ചയാണ് പ്രവചനങ്ങളില്‍ കാണുന്നത്. 20 വര്‍ഷത്തെ ശത്രുത മറന്ന് ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒന്നിച്ചണിനിരന്നിട്ടും 'മറാത്തി മാനൂസ്' വോട്ടുകള്‍ പൂര്‍ണ്ണമായി സമാഹരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

മുംബൈയിലെ വോട്ട് ബാങ്കുകളില്‍ ദൃശ്യമായ വിള്ളലുകളാണ് ബി.ജെ.പിക്ക് അനുകൂലമായത്. ഉത്തരേന്ത്യന്‍, ദക്ഷിണേന്ത്യന്‍ വോട്ടര്‍മാര്‍ കൂട്ടത്തോടെ ബി.ജെ.പിക്ക് വോട്ട് ചെയ്തപ്പോള്‍, മറാത്ത വോട്ടുകള്‍ താക്കറെ സഖ്യത്തിന് അനുകൂലമായി നിന്നു. എന്നാല്‍ നിര്‍ണ്ണായകമായ മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസും ഉദ്ധവ് പക്ഷവും പങ്കിട്ടെടുത്തത് ബി.ജെ.പി സഖ്യത്തിന്റെ വിജയം എളുപ്പമാക്കി.

ആക്‌സിസ് മൈ ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം, ഉത്തരേന്ത്യന്‍ വോട്ടുകളുടെ 68 ശതമാനവും ബി.ജെ.പിക്ക് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് വെറും രണ്ട് ശതമാനത്തില്‍ ഒതുങ്ങി. യുവ വോട്ടര്‍മാരുടെയും സ്ത്രീകളുടെയും പിന്തുണയും ബി.ജെ.പിക്ക് വലിയ കരുത്തായി മാറി.

സീറ്റ് പ്രവചനങ്ങളില്‍ ജെ.വി.സി (JVC) ബി.ജെ.പി സഖ്യത്തിന് 138 സീറ്റുകള്‍ നല്‍കുമ്പോള്‍, ആക്‌സിസ് മൈ ഇന്ത്യ 131 മുതല്‍ 151 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. 227 വാര്‍ഡുകളുള്ള ബി.എം.സിയില്‍ 114 സീറ്റുകള്‍ നേടുന്നവര്‍ക്ക് ഭരണം പിടിക്കാം. താക്കറെ സഹോദരന്മാരുടെ സഖ്യം (UBT + MNS) 58 മുതല്‍ 75 സീറ്റുകള്‍ വരെ നേടുമെന്ന് വിവിധ പോളുകള്‍ സൂചിപ്പിക്കുന്നു. കോണ്‍ഗ്രസ് ഇത്തവണയും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നാണ് കണക്കുകള്‍ പറയുന്നത്.

എട്ട് വര്‍ഷത്തിന് ശേഷം നടക്കുന്ന ഈ തിരഞ്ഞെടുപ്പ് മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാണ്. ചെറുകിട സംസ്ഥാനങ്ങളുടെ ബജറ്റിനോളം വരുന്ന തുകയാണ് (ഏകദേശം 74,000 കോടി രൂപ) മുംബൈ കോര്‍പ്പറേഷന്റെ കൈവശമുള്ളത്. ശിവസേനയിലെ പിളര്‍പ്പിന് ശേഷം നഗരഭരണം ആര്‍ക്കൊപ്പം നില്‍ക്കുന്നു എന്നത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഗതി നിശ്ചയിക്കും. താക്കറെ പാരമ്പര്യം ഉയര്‍ത്തിക്കാട്ടി ഉദ്ധവും രാജും നടത്തിയ പരീക്ഷണങ്ങള്‍ വിജയിച്ചോ ഇല്ലയോ എന്ന് വെള്ളിയാഴ്ച നടക്കുന്ന വോട്ടെണ്ണലിലൂടെ വ്യക്തമാകും. മുംബൈക്ക് പുറമെ മഹാരാഷ്ട്രയിലെ മറ്റ് 28 നഗരസഭകളിലും എക്‌സിറ്റ് പോള്‍ പ്രകാരം ബി.ജെ.പി സഖ്യത്തിന് മികച്ച വിജയസാധ്യതയാണുള്ളത്.

പ്രധാന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍:

227 വാര്‍ഡുകളുള്ള കോര്‍പ്പറേഷനില്‍ ഭരണത്തിലേറാന്‍ 114 സീറ്റുകളാണ് വേണ്ടത്.

എക്‌സിറ്റ് പോള്‍

ഏജന്‍സി -ബിജെപി + ഷിന്‍ഡെ സേന ശിവസേന (UBT) + MNS കോണ്‍ഗ്രസ്

Axis My India 131 - 151 58 - 68

ജവക് 138 59 23

Sakal 119 75 20

വോട്ട് ബാങ്കിലെ മാറ്റങ്ങള്‍:

ഉത്തരേന്ത്യന്‍ - ദക്ഷിണേന്ത്യന്‍ വോട്ടുകള്‍:

മുംബൈയിലെ നിര്‍ണ്ണായക ശക്തിയായ ഉത്തരേന്ത്യന്‍ വോട്ടുകളുടെ 68 ശതമാനവും ബി.ജെ.പി തൂത്തുവാരുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. ദക്ഷിണേന്ത്യക്കാരും ബി.ജെ.പിക്ക് പിന്നില്‍ ഉറച്ചുനിന്നു.

മറാത്ത വോട്ടുകള്‍:

താക്കറെ സഹോദരന്മാരുടെ ഏകീകരണം മറാത്ത വോട്ടുകളില്‍ ചലനമുണ്ടാക്കിയിട്ടുണ്ട്. 49 ശതമാനം മറാത്ത വോട്ടുകള്‍ താക്കറെ സഖ്യത്തിന് ലഭിക്കുമ്പോള്‍ ബി.ജെ.പിക്ക് 30 ശതമാനം മാത്രമേ നേടാനാവൂ.

മുസ്ലിം - ക്രിസ്ത്യന്‍ വോട്ടുകള്‍:

ന്യൂനപക്ഷ വോട്ടുകളില്‍ കോണ്‍ഗ്രസ് ആധിപത്യം തുടരുന്നു. മുസ്ലിം വോട്ടുകളുടെ 41 ശതമാനം കോണ്‍ഗ്രസിനും 28 ശതമാനം ഉദ്ധവ് പക്ഷത്തിനുമാണ് പ്രവചിക്കുന്നത്. ക്രിസ്ത്യന്‍ വോട്ടുകളില്‍ കോണ്‍ഗ്രസും ഉദ്ധവ് പക്ഷവും തുല്യനിലയിലാണ് (29%).

സ്ത്രീകളും യുവാക്കളും:

ബി.ജെ.പിയുടെ വിജയത്തിന് കരുത്തായത് വനിതാ വോട്ടര്‍മാരുടെയും യുവാക്കളുടെയും പിന്തുണയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബാല്‍ താക്കറെയുടെ പാരമ്പര്യം ഉയര്‍ത്തിക്കാട്ടി ഉദ്ധവും രാജും കൈകോര്‍ത്തത് ശിവസേനയുടെ അടിത്തറ തിരിച്ചുപിടിക്കാനായിരുന്നു. എന്നാല്‍ എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ മുംബൈ നഗരത്തിലെ വികസന രാഷ്ട്രീയത്തിന് വോട്ടര്‍മാര്‍ മുന്‍ഗണന നല്‍കിയതായാണ് എക്‌സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നത്. ബി.എം.സിക്ക് പുറമെ മഹാരാഷ്ട്രയിലെ മറ്റ് 28 നഗരസഭകളിലും ഇന്നാണ് വോട്ടെടുപ്പ് നടന്നത്