തിരുവനന്തപുരം: വിവാദ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമായിരിക്കെ, പാലക്കാട് നിയോജക മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമോ എന്ന ചര്‍ച്ചകള്‍ സജീവമായി. രാഹുല്‍ രാജി വച്ചാല്‍, നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ എട്ടുമാസം മാത്രം ബാക്കി നില്‍ക്കുന്ന സാഹചര്യത്തില്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാധ്യത വിരളമാണ്.

സിപിഐ എംഎല്‍എ ആയിരുന്ന വാഴൂര്‍ സോമന്റെ നിര്യാണത്തെ തുടര്‍ന്ന് പീരുമേട് നിയമസഭാ മണ്ഡലവും ഇപ്പോള്‍ ഒഴിവായി കിടക്കുകയാണ്. ഈ സാഹചര്യത്തില്‍, രണ്ട് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കുമോ എന്നതാണ് ചോദ്യം. എന്നാല്‍, നിയമസഭയുടെ കാലാവധി തീരാന്‍ എട്ടുമാസം മാത്രം ബാക്കി നില്‍ക്കുന്നതിനാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാധ്യത കുറവാണ്. നിയമപ്രകാരം, ആറു മാസത്തിനുള്ളില്‍ ഒഴിവു വന്ന മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന ചട്ടമുണ്ടെങ്കിലും, ഇത്തരമൊരു സാഹചര്യത്തില്‍ അതിനുള്ള സാധ്യതകള്‍ വിരളമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പരിശോധിച്ചാല്‍, യുഡിഎഫ് 4, എല്‍ഡിഎഫ് 1 എന്ന നിലയിലാണ് ഭൂരിപക്ഷം. പതിനഞ്ചാം കേരള നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളായിരുന്ന പി.ടി. തോമസ് (തൃക്കാക്കര), ഉമ്മന്‍ ചാണ്ടി (പുതുപ്പള്ളി) എന്നിവരുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പുകള്‍ നടന്നത്. ഇരു മണ്ഡലങ്ങളിലും യുഡിഎഫ് തങ്ങളുടെ സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തി. തൃക്കാക്കരയില്‍ ഉമ തോമസും, പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനും ജയിച്ചു.

എംഎല്‍എമാരായ കെ രാധാകൃഷ്ണനും (ചേലക്കര) ഷാഫി പറമ്പിലും (പാലക്കാട്) എംപിമാരായപ്പോള്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ രണ്ട് മുന്നണികളും അവരവരുടെ സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തി. ചേലക്കരയില്‍ യു ആര്‍ പ്രദീപും, പാലക്കാട് ഷാഫിയുടെ നോമിനി രാഹുല്‍ മാങ്കൂട്ടത്തിലും ജയിച്ചുകയറി. സിപിഎം സ്വതന്ത്രനായിരുന്ന പിവി അന്‍വര്‍ എല്‍ഡിഎഫുമായി ഉടക്കി പിരിഞ്ഞ് എംഎല്‍എ സ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്ന് നിലമ്പൂരിലെ ഉപതിരഞ്ഞൈടുപ്പില്‍ യുഡിഎഫിലെ ആര്യാടന്‍ ഷൗക്കത്ത് 11,007 വോട്ടിന്റെ ഭൂരിപക്ഷത്തിന് മണ്ഡലം തിരിച്ചുപിടിച്ചു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെച്ചാല്‍ പാലക്കാട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന ചര്‍ച്ചകള്‍ സജീവമായിരിക്കെ, നിയമസഭയുടെ കാലാവധി അവസാനിക്കാറായിരിക്കുന്നതിനാല്‍ അതിനുള്ള സാധ്യത വിരളമാണ്. അതേസമയം, എംഎല്‍എയുടെ ഓഫീസിലേക്ക് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഇരുന്നൂറോളം വരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് വെള്ളിയാഴ്ച എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. രാഹുല്‍ മോശമായി പെരുമാറിയെന്ന് സ്ത്രീകള്‍ പരാതികള്‍ ഉന്നയിച്ച സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം സഞ്ജീവിന്റെ നേത്യത്വത്തിലാണ് മാര്‍ച്ച് നടന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നൂറോളം ആളുകള്‍ ചേര്‍ന്ന വലിയ മാര്‍ച്ചോടെയാണ് പ്രവര്‍ത്തകര്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിന് മുന്നില്‍ എത്തിയത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ ഓഫിസിനു മുന്നിലേക്ക് ഓടിയെത്തി. ബാരിക്കേഡ് വച്ചതിനു 500 മീറ്റര്‍ അകലെയായിരുന്നു രാഹുലിന്റെ ഓഫിസ്. അടച്ചിട്ട ഗേറ്റിനു മുന്നില്‍നിന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ജീവനക്കാര്‍ സംഭവസമയത്ത് ഓഫിസിലുണ്ടായിരുന്നു.