- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ താളപ്പിഴ; 25 ലക്ഷം പേരെ ഒഴിവാക്കിയതിനെതിരെ സര്‍ക്കാര്‍; രാജാജി മാത്യു തോമസിന്റെയും ഭാര്യയുടെയും പേര് വരെ പട്ടികയില്‍ നിന്ന് നീക്കി; എന്യൂമറേഷന്‍ ഫോമുകള്‍ നല്‍കാനുള്ള സമയം രണ്ടാഴ്ചയെങ്കിലും നീട്ടണം; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചീഫ് സെക്രട്ടറിയുടെ കത്ത്
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചീഫ് സെക്രട്ടറിയുടെ കത്ത്
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലെ (SIR) പിഴവുകള്‍ ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി എ.ജയതിലക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് അടിയന്തര കത്തയച്ചു. വോട്ടര്‍ പട്ടികയിലെ പ്രശ്‌നങ്ങള്‍ അക്കമിട്ട് നിരത്തിയ ചീഫ് സെക്രട്ടറി, പട്ടികയില്‍ നിന്ന് പുറത്തായ 25 ലക്ഷം പേരുടെ വോട്ടവകാശം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
വെട്ടിനിരത്തലില്‍ 'രാജാജി'യും വീണു
വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ പേരില്‍ നടന്നത് കണ്ണടച്ചുള്ള വെട്ടിനിരത്തലാണെന്ന ആരോപണം ശരിവെക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. സിപിഐ മുന്‍ എംഎല്‍എ രാജാജി മാത്യു തോമസിന്റെയും ഭാര്യയുടെയും പേര് വരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. മരിച്ചവര്‍ക്കും സ്ഥലം മാറിപ്പോയവര്‍ക്കും ഒപ്പം ജീവിച്ചിരിക്കുന്നവരെയും 'കണ്ടെത്താന്‍ കഴിയാത്തവര്‍' (ASD ലിസ്റ്റ്) എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് ഒഴിവാക്കിയത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പുറത്തായിരിക്കുന്നത്.
ചീഫ് സെക്രട്ടറിയുടെ കത്തിലെ പ്രധാന ആവശ്യങ്ങള്‍:
എന്യൂമറേഷന്‍ ഫോമുകള്‍ സമര്‍പ്പിക്കാനുള്ള സമയം കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും നീട്ടി നല്‍കണം.
വിതരണം ചെയ്യാന്‍ കഴിയാത്ത ഫോമുകളുടെ വിശദാംശങ്ങള്‍ കമ്മീഷന്‍ വെളിപ്പെടുത്തണം.
ഒക്ടോബറിലെ പട്ടികയില്‍ ഉണ്ടായിരുന്ന 25 ലക്ഷം പേര്‍ എങ്ങോട്ട് പോയെന്ന് കമ്മീഷന്‍ വ്യക്തമാക്കണം.
തിരിച്ചു കയറാന്‍ വഴിയുണ്ട്; പൗരന്മാര്‍ ശ്രദ്ധിക്കുക
പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവര്‍ക്ക് അത് തിരിച്ചു ചേര്‍ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ അവസരമൊരുക്കിയിട്ടുണ്ട്.
ഡിസംബര്‍ 23-ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ എന്ന് ഉറപ്പുവരുത്തുക.
ഫോം 6 നല്‍കുക: പേര് നീക്കം ചെയ്യപ്പെട്ടവര്‍ക്കും പുതുതായി ചേര്‍ക്കുന്നവര്‍ക്കും ഡിസംബര്‍ 23 മുതല്‍ ജനുവരി 22 വരെ ഓണ്‍ലൈനായോ (voters.eci.gov.in) ബിഎല്‍ഒ വഴിയോ അപേക്ഷിക്കാം.
പരാതികള്‍ അറിയിക്കുക: വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴിയോ 1950 എന്ന നമ്പറില്‍ വിളിച്ചോ അപാകതകള്‍ അറിയിക്കാം.




