കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയക്കെതിരെ പരാതി. സമുദായത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി ലഭിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പേരാമ്പ്ര ആര്‍ഒഎയ്ക്ക് മൂന്ന് പരാതികള്‍ ലഭിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം തേടി ഫാത്തിമ തെഹ്ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി.

വീടുകളില്‍ ചെന്ന് സമുദായം പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചു എന്നാണ് ഫാത്തിമ തെഹ്ലിയക്കെതിരായ പരാതി. ഇത് സംബന്ധിച്ച് ഇന്നലെയായിരുന്നു ആര്‍ഒഎയ്ക്ക് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫാത്തിമയ്ക്ക് നോട്ടീസ് നല്‍കിയത്. ആരോപണത്തില്‍ ഫാത്തിമ വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. രണ്ട് ദിവസത്തിനുള്ളില്‍ ഫാത്തിമ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം പേരാമ്പ്രയിലെ എല്‍ഡിഎഫ് പ്രചാരണത്തിനെതിരെ യുഡിഎഫ് പരാതി നല്‍കിയിരുന്നു. ഫാത്തിമ തെഹ്ലിയക്കെതിരെ എല്‍ഡിഎഫ് മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ബാലനാരായണന്‍ ആയിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. എല്‍ഡിഎഫിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള അനൗണ്‍സ്മെന്റ് വീഡിയോ സഹിതമായിരുന്നു പരാതി നല്‍കിയത്.

ഫാത്തിമ തെഹ്ലിയയെ പേരാമ്പ്രയില്‍ സ്ഥാനാര്‍ത്ഥിയാക്കിയ മുസ്ലിം ലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗണ്‍സ്‌മെന്റ് എല്‍ഡിഎഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നുവെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. ഇതിന് പിന്നാലെ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ എല്‍ഡിഎഫ് കണ്‍വീനറും പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ടി പി രാമകൃഷ്ണന് നോട്ടീസ് നല്‍കിയിരുന്നു.

അതേസമയം തനിക്ക് നോട്ടീസ് ലഭിച്ചില്ലെന്നായിരുന്നു ടി പി രാമകൃഷ്ണന്റെ പ്രതികരണം. എല്‍ഡിഎഫിന് മുന്നില്‍ അനൗണ്‍സ്മെന്റ് വിവാദം ഇല്ലെന്നും തനിക്കെതിരെ പരാതി ഉണ്ടെങ്കില്‍ അന്വേഷിക്കട്ടെയെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

അതേസമയം, അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറാകാത്ത ടി. പി. രാമകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനാവുകയും ചെയ്തു. ഞങ്ങളുടെ മേല്‍ കുറ്റം ചാര്‍ത്താന്‍ എന്തിനാണ് ഇത്ര ധൃതിയെന്ന് ചോദിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ അനൗണ്‍സ്‌മെന്റ് നടത്തിയെന്ന പരാതിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് അയച്ചിരുന്നു.

യു.ഡി.എഫ്. നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് അയച്ചത്. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം നടന്നുവെന്ന പ്രാഥമിക കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. സ്ഥാനാര്‍ത്ഥി നല്‍കുന്ന വിശദീകരണം പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കുന്നത്.

'നമ്മുടെ ഖൗമിലെ (സമുദായം) കുട്ടിയെ വിജയിപ്പിക്കണമെന്ന് മുസ്ലിം ലീഗുകാര്‍ വീടുകള്‍ കയറി പറയുന്നു' എന്നതായിരുന്നു വിവാദമായ അനൗണ്‍സ്മെന്റിലെ ഉള്ളടക്കം. ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ചും അവഹേളിച്ചും വോട്ട് പിടിക്കാനുള്ള എല്‍.ഡി.എഫ്. നീക്കമാണിതെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയ ആരോപിച്ചിരുന്നു.

അനൗണ്‍സ്‌മെന്റ് വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍, മൈക്ക് പെര്‍മിഷന്‍ രേഖകള്‍, ഓഡിയോ ക്ലിപ്പ് എന്നിവ സഹിതമാണ് യു.ഡി.എഫ്. ജില്ലാ കളക്ടര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയത്. നടുവണ്ണൂരിലെ ഒരു സ്റ്റുഡിയോയില്‍ വെച്ചാണ് ഇത് റെക്കോര്‍ഡ് ചെയ്തതെന്നും സി.പി.എം. നേതാവിന്റെ ശബ്ദമാണ് ഇതിലുള്ളതെന്നും യുഡിഎഫ് ആരോപിക്കുന്നു.