തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിലും പോളിങ് കുറയുമ്പോള്‍ മുന്നണികള്‍ കണക്കു കൂട്ടലില്‍. ശതമാനം കുറയുമ്പോള്‍ സിപിഎമ്മിന് നേട്ടമെന്നതാണ് പഴയ പല്ലവി. എന്നാല്‍ അതൊന്നും ഇപ്പോള്‍ യഥാര്‍ത്ഥ്യമാകറില്ല. ശബരിമലയിലും ഭരണ പ്രശ്‌നങ്ങളിലും വേദനയുള്ളവര്‍ വോട്ട് ചെയ്യാനെത്തിയില്ലെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിശ്വാസം. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിവാദമാണ് വോട്ടര്‍മാരെ അകറ്റിയതെന്ന് ഇടതുപക്ഷവും കരുതുന്നു. തങ്ങളുടെ കേഡര്‍ വോട്ടുകളെല്ലാം പോള്‍ ചെയ്തുവെന്നാണ് സിപിഎം നിരീക്ഷണം. ഭരണപ്രതിപക്ഷ ഒത്തുകളിയാണ് വോട്ടര്‍മാരെ അകറ്റുന്നതെന്ന് ബിജെപിയും പറയുന്നു. വലിയ നേട്ടങ്ങള്‍ അവരും അവകാശപ്പെടുന്നു.

വ്യാഴാഴ്ച വോട്ടെടുപ്പ് നടന്ന തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ 76.08 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. അന്തിമ കണക്ക് പിന്നീട് പുറത്തുവരും. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 77.9 ശതമാനമായിരുന്നു ഇൗ ജില്ലകളിലെ ശരാശരി പോളിങ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 70.91 ശതമാനമായിരുന്നു പോളിങ്. തിരുവനന്തപുരംമുതല്‍ എറണാകുളംവരെയുള്ള ഏഴ് ജില്ലയില്‍ 94,10,450 പേര്‍ സമ്മതിദായക അവകാശം വിനിയോഗിച്ചു. 2020ല്‍ ഇൗ ഏഴു ജില്ലകളിലെ ശരാശരി പോളിങ് 73.82 ശതമാനമായിരുന്നു. ഇക്കുറി ഏഴ് ജില്ലയിലും പോളിങ് കുറഞ്ഞു. എറണാകുളം ജില്ലയിലാണ് കൂടുതല്‍ പോളിങ്, 74.57 ശതമാനം. കുറവ് പത്തനംതിട്ടയിലും 66.78. അതായത് രണ്ടു ഘട്ടത്തിലും പോളിങ് കുറഞ്ഞു. കേരളത്തിന്റെ ചിന്ത ഒരേ മനസ്സിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കുറവ്. അതുകൊണ്ട് തന്നെ ഫലം കേരളത്തില്‍ ഉടനീളം ഒരു മുന്നണിയ്ക്ക് അനുകൂലമാകുമെന്ന വിലയിരുത്തല്‍ ഉണ്ട്. വലിയ പ്രചരണമാണ് ബിജെപി ഇത്തവണ നടത്തിയത്. ഇതിന്റെ വോട്ടിങ്ങിലെ പ്രതിഫലനവും അന്തിമ ഫലത്തെ തീരുമാനിക്കും. നാളെയാണ് വോട്ടെണ്ണല്‍.

ജില്ലകളിലെ രണ്ടാംഘട്ട പോളിങ് ശതമാനം (ബ്രാക്കറ്റില്‍ 2020ലെ പോളിങ്)

തൃശൂര്‍ - 72.46 (75.20)

പാലക്കാട് - 76.27 (78.13)

മലപ്പുറം - 77.43 (78.91)

കോഴിക്കോട് - 77.26 (79.20)

വയനാട് - 78.3 (79.47)

കണ്ണൂര്‍ - 76.77 (77.13)

കാസര്‍കോട് - 74.86 (77.25)

കോര്‍പറേഷന്‍ (ബ്രാക്കറ്റില്‍ 2020ലെ പോളിങ്)

തൃശൂര്‍ - 62.45 (71.88)

കോഴിക്കോട് - 69.55 (74.70)

കണ്ണൂര്‍ - 70.33 (74.75)

തദ്ദേശപൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ശനിയാഴ്ച വിവിധ കേന്ദ്രങ്ങളില്‍ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളില്‍ വച്ച് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ഇതു കൂടാതെ 14 ജില്ലാപഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നത് അതത് ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ കളക്ട്രേറ്റുകളിലായിരിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വരണാധികാരികളുടെ ടേബിളില്‍ എണ്ണും.

വോട്ടെണ്ണല്‍ ശനിയാഴ്ച രാവിലെ എട്ടിനു ആരംഭിക്കും. ആദ്യം വരണാധികാരിയുടെ ടേബിളില്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണി തുടങ്ങും. തുടര്‍ന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണും. വോട്ടെണ്ണലിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ മാത്രമാണ് സ്ട്രോങ്ങ് റൂമുകളില്‍ നിന്നും ടേബിളുകളില്‍ എത്തിക്കുക. സ്ട്രോംഗ് റൂം തുറക്കുന്നത് വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും. അവിടെ നിന്ന് ഓരോ വാര്‍ഡിലെയും മെഷീനുകള്‍ കൗണ്ടിങ് ഹാളിലേക്ക് വോട്ടെണ്ണുന്നതിനായി കൊണ്ടു പോകും.

വാര്‍ഡുകളുടെ ക്രമനമ്പര്‍ പ്രകാരമായിരിക്കും വോട്ടിങ് മെഷീനുകള്‍ ഓരോ കൗണ്ടിംഗ് ടേബിളിലും വയ്ക്കുക. ഒരു വാര്‍ഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും മെഷീനുകള്‍ ഒരു ടേബിളിള്‍ തന്നെ ആയിരിക്കും എണ്ണുക. സ്ഥാനാര്‍ത്ഥിയുടെയോ സ്ഥാനാര്‍ത്ഥികള്‍ നിയോഗിക്കുന്ന കൗണ്ടിംഗ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബളിലും വോട്ടെണ്ണുക. ടേബിളിള്‍ വയ്ക്കുന്ന കണ്‍ട്രോള്‍ യൂണിറ്റില്‍ സീലുകള്‍, സ്പെഷ്യല്‍ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാര്‍ഥികളുടെയോ കൗണ്ടിങ്, ഇലക്ഷന്‍ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും വോട്ടെണ്ണല്‍ ആരംഭിക്കുക.

കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നും ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥികളുടെ വോട്ടുനില ലഭിക്കും. തുടര്‍ന്ന്, ബ്ലോക്ക്പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെയും ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെയും വോട്ടുവിവരം കിട്ടും. ഓരോ കണ്‍ട്രോള്‍ യൂണിറ്റിലെയും ഫലം അപ്പോള്‍ തന്നെ കൗണ്ടിങ് സൂപ്പര്‍വൈസര്‍ രേഖപ്പെടുത്തി വരണാധികാരിക്ക് നല്‍കും. ഒരു വാര്‍ഡിലെ പോസ്റ്റല്‍ ബാലറ്റുകളും എല്ലാ ബൂത്തുകളിലെ വോട്ടുകളും എണ്ണി തീരുന്ന മുറയ്ക്ക് അതത് തലത്തിലെ വരണാധികാരി ഫലപ്രഖ്യാപനം നടത്തും. ഓരോ ബൂത്തും എണ്ണി തീരുന്ന മുറയ്ക്ക് വോട്ടുനില ടെന്‍ഡ് വെബ് സൈറ്റില്‍ -ല്‍ അപ് ലോഡ് ചെയ്യും. ലീഡ് നിലയും ഫലവും തത്സമയം അറിയാന്‍ കഴിയും.

വരണാധികാരി അനുവദിക്കുന്ന വ്യക്തികളെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കൗണ്ടിങ് ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, ഇലക്ഷന്‍ ഏജന്റുമാര്‍, കൗണ്ടിംഗ് ഏജന്റുമാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളത്.