തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പു നല്‍കിയ നേട്ടങ്ങളുടെ പ്രതീക്ഷകള്‍ക്കും തിരിച്ചടികളുടെ ആശങ്കകള്‍ക്കും മുകളിലാണ് നിയമസഭാ തിരഞ്ഞെടുപ്പിന് വേദിയൊരുങ്ങുന്നത്.സീറ്റു വിഭജനവും സ്ഥാനാര്‍ഥിനിര്‍ണയവുമെല്ലാമായി തിരക്കിലാണ് മൂന്നു മുന്നണികളും. 14 നിയമസഭാ മണ്ഡലങ്ങളുള്ള എറണാകുളം ജില്ലയില്‍ തിരഞ്ഞെടുപ് ചൂടു കൂടിത്തുടങ്ങി.സീറ്റുകള്‍ നിലനിര്‍ത്താനും പിടിച്ചെടുക്കാനും കരുത്തു കാട്ടാനുമൊക്കെയുള്ള കണക്കുകൂട്ടലുകളിലാണ് മുന്നണികളും നേതാക്കളും.നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും പങ്കിട്ടിരുന്ന എറണാകുളം ജില്ലയിലെ രാഷ്ട്രീയ കാലാവസ്ഥ ഒറ്റയടിക്കാണ് ബിജെപി-ട്വന്റി 20 കൂട്ടുകെട്ടിലൂടെ മാറിയിരിക്കുന്നത്.

അതിനാല്‍ തന്നെ 14 മണ്ഡലങ്ങളിലും ഇക്കുറി പോരാട്ടം കടുക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.നഗരസഭ ഭരണം ബി ജെ പി പിടിച്ചതോടെ തൃപ്പൂണിത്തറ ജില്ലയിലെ തന്നെ ശ്രദ്ധ കേന്ദ്രമായി മാറും.

പരീക്ഷണത്തിന് മുതിരില്ല.. കരുത്തരെ കളത്തിലിറക്കാന്‍ ഇടതുപക്ഷം

യു ഡി എഫിന്റെ ഉരുക്ക് കോട്ടയായതിനാല്‍ തന്നെ പരീക്ഷണത്തിന് എല്‍ ഡി എഫ് മുതിരില്ല.നിലവിലെ അഞ്ച് എം എല്‍ എ മാര്‍ക്ക് തുടര്‍ന്നും അവസരം നല്‍കാനും നഷ്ടപ്പെട്ട ഒന്‍പത് സീറ്റില്‍ പ്രമുഖരെ ഇറക്കാനുമാണ് ഇടതിന്റെ പദ്ധതി.കൊച്ചി ഉള്‍പ്പെടെ 5 മണ്ഡലങ്ങളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചത്.

കൊച്ചിയില്‍ പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് കെ ജെ മാക്സി തന്നെയായിരിക്കും ഇടതു സ്ഥാനാര്‍ഥി. വിജയസാധ്യത പരിഗണിച്ച് 2 ടേം പരിധി പ്രശ്നമാക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ സ്ഥാനാര്‍ഥിത്വം ഉറപ്പ്.കൊച്ചി കോര്‍പറേഷന്‍ മേയര്‍ സ്ഥാനമൊഴിഞ്ഞ അഡ്വ. എം.അനില്‍ കുമാറിനെ സിപിഎം ഇത്തവണ നിയമസഭയിലേക്ക് മത്സരിപ്പിക്കുമെന്നത് ഏറെക്കുറെ ഉറപ്പാണ്. അതിനായി പാര്‍ട്ടി പരിഗണിക്കുന്ന പ്രധാന മണ്ഡലവും തൃപ്പൂണിത്തുറയാണ്.കൊച്ചി മേയറായിരുന്നപ്പോഴത്തെ ക്ലീന്‍ പ്രതിച്ഛായയും ജനബന്ധവും അനില്‍ കുമാറിനെ തുണയ്ക്കുമെന്നാണ് പാര്‍ട്ടി കരുതുന്നത്. എന്നാല്‍ വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ എല്‍ഡിഎഫിന് ആകുന്നുണ്ടോ എന്ന ചോദ്യം നിലനില്‍ക്കുന്നു. ഒരു കാലത്ത് സിപിഎം അല്ലാതെ മറ്റൊരു പാര്‍ട്ടിക്കും അടുക്കാന്‍ പോലും കഴിയാതിരുന്ന ഉദയംപേരൂര്‍ പഞ്ചായത്തില്‍ ഇന്ന് ഭരണം യുഡിഎഫാണ്.സിപിഎം- സിപിഐ തര്‍ക്കം രൂക്ഷമായ ഒട്ടേറെ മേഖലകളാണ് മണ്ഡലത്തിലുള്ളത്. അനില്‍ കുമാറിന്റെ പേരിനു പുറമെ മുന്‍ എംഎല്‍എ എം.സ്വരാജിന്റെ പേരും ചര്‍ച്ചകളില്‍ ഉയരുന്നുണ്ട്. പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളാണ് 2021ല്‍ വെറും 1232 വോട്ടുകള്‍ക്ക് സ്വരാജിന് പരാജയം സമ്മാനിച്ചത് എന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു. അതുകൊണ്ടു തന്നെ സ്വരാജ് ഇവിടെ മത്സരിച്ചാലും അദ്ഭുതപ്പെടാനില്ല.

കോതമംഗലത്തെ ആന്റണി ജോണിനും വീണ്ടും അവസരം ലഭിച്ചേക്കും. വ്യവസായ മന്ത്രി പി രാജീവിന്റെ കളമശേരിയാകും ഇടതിന്റെ മറ്റൊരു പ്രധാന മണ്ഡലം.

ലക്ഷ്യം 9 ല്‍ നിന്ന് 14 ലേക്ക്.. പ്രതിപക്ഷ നേതാവിന്റെ ജില്ലയില്‍ പ്രതീക്ഷയോടെ യുഡിഎഫ്

എറണാകുളം ജില്ലയില്‍ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്കഴിഞ്ഞ തവണ നഷ്ടപ്പെട്ട 5 എണ്ണം ഉള്‍പ്പെടെ 14 സീറ്റുകളും പിടിക്കുകയാണ് ലക്ഷ്യം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൂട്ടലും കിഴിക്കലും സജീവം. യുഡിഎഫിന്റെ ഒന്‍പതു സിറ്റിങ് എംഎല്‍മാരും മത്സരിക്കാനുള്ള സാധ്യത നിലനില്‍ക്കുമ്പോഴും ചില സീറ്റുകളില്‍ മാറ്റം വന്നേക്കാമെന്ന സൂചനകളുമുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ജില്ലയായതിനാല്‍ കോണ്‍ഗ്രസിന് അഭിമാന പോരാട്ടം കൂടിയാണ്. അതിനാല്‍ അസ്വാരസ്യങ്ങള്‍ പരമാവധി ഒഴിവാക്കിയുള്ള സ്ഥാനാര്‍ഥി നിര്‍ണയമാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ നേതാക്കള്‍ പറയുന്നു. എല്‍ഡിഎഫിന്റെ പക്കലുള്ള 5 സീറ്റുകളില്‍ ആരൊക്കെ മത്സരിക്കും എന്നതിനൊപ്പം ചില സിറ്റിങ് എംഎല്‍എമാര്‍ക്ക് മാറ്റമുണ്ടാകുമോ എന്ന ചര്‍ച്ചകളും സജീവം.

പറവൂര്‍ (വി.ഡി.സതീശന്‍), അങ്കമാലി (റോജി എം.ജോണ്‍), പെരുമ്പാവൂര്‍ (എല്‍ദോസ് കുന്നപ്പള്ളി), തൃക്കാക്കര (ഉമ തോമസ്), തൃപ്പൂണിത്തുറ (കെ.ബാബു), എറണാകുളം (ടി.ജെ.വിനോദ്), മൂവാറ്റുപുഴ (മാത്യു കുഴല്‍നാടന്‍), ആലുവ (അന്‍വര്‍ സാദത്ത്) പിറവം (അനൂപ് ജേക്കബ്) എന്നിവരാണ് ജില്ലയിലെ യുഡിഎഫ് എംഎല്‍എമാര്‍. ഇവര്‍ എല്ലാവരും ഇത്തവണ ജനവിധി തേടുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. സാമുദായിക പരിഗണനകളും ഗ്രൂപ്പ് സമവാക്യങ്ങളും ശരിയാകേണ്ടതുള്ളതിനാല്‍ കുറഞ്ഞത് 2 മണ്ഡലങ്ങളിലെങ്കിലും സ്ഥാനാര്‍ഥികള്‍ മാറിയേക്കാമെന്ന ചര്‍ച്ചകളും നിലവിലുണ്ട്. കളമശേരി, കുന്നത്തുനാട്, കൊച്ചി, കോതമംഗലം, വൈപ്പിന്‍ എന്നിവയാണ് എല്‍ഡിഎഫ് വിജയിച്ച മണ്ഡലങ്ങള്‍.

1991 മുതല്‍ തൃപ്പൂണിത്തുറയെ പ്രതിനിധീകരിക്കുന്ന കെ.ബാബുവിന് 2016ല്‍ മാത്രമാണ് സിപിഎമ്മിന്റെ എം.സ്വരാജിനോട് കാലിടറിയത്. 2021ല്‍ മണ്ഡലം ബാബു തിരിച്ചു പിടിക്കുകയും ചെയ്തു. ഇത്തവണ മത്സരരംഗത്തു നിന്നു മാറാനുള്ള താല്‍പര്യം അദ്ദേഹം ചിലരോട് പ്രകടിപ്പിച്ചെന്നാണ് വിവരം. എന്നാല്‍ കെ.ബാബു തന്നെ മത്സരിക്കണമെന്നാണ് കെപിസിസി നേതൃത്വം അദ്ദേഹത്തോട് നിര്‍ദേശിച്ചിട്ടുള്ളത്.എന്താകും അദ്ദേഹത്തിന്റെ തീരുമാനം എന്നതനുസരിച്ചിരിക്കും തൃപ്പൂണിത്തുറയിലെ സ്ഥാനാര്‍ഥി നിര്‍ണയം.കെ ബാബുവിന്റെ അഭാവത്തില്‍ ഉയര്‍ന്ന് വരുന്ന പേരുകള്‍ ഒരുപാടുണ്ട്. ഇതില്‍ പ്രധാനം കെപിസിസി വൈസ് പ്രസിഡന്റ് എം.ലിജു, നടന്‍ രമേഷ് പിഷാരടി തുടങ്ങിയവരുടെ പേരുകളാണ്. എന്നാല്‍ ഇവരാരും തന്നെ മത്സരിക്കാനുള്ള സന്നദ്ധത പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല. മണ്ഡലത്തില്‍ ശക്തമായ ഈഴവ വോട്ടുകള്‍ എം.ലിജുവിലൂടെ സമാഹരിക്കാന്‍ കഴിയും എന്നാണ് കരുതപ്പെടുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.ആര്‍.അഭിലാഷ്, വക്താവ് രാജു പി.നായര്‍ തുടങ്ങിയവരുടെ പേരുകളും ചര്‍ച്ചകളിലുണ്ട്.

വി.ഡി.സതീശനുമായി ഏറെ അടുപ്പമുള്ള ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഇത്തവണ മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചനകള്‍. എന്നാല്‍ ഷിയാസിന് ഏതു മണ്ഡലം എന്ന കാര്യത്തിലുള്ള ചര്‍ച്ചകള്‍ സജീവം. പഠിച്ചു വളര്‍ന്ന കളമശേരിയില്‍ തന്നെ മത്സരിക്കാനാണ് ഷിയാസിന് താല്‍പര്യമെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്. എന്നാല്‍ മധ്യകേരളത്തില്‍ മുസ്ലീം ലീഗിനുള്ള ഏക സീറ്റായ കളമശേരി അവര്‍ വിട്ടുകൊടുക്കുമോ എന്നതാണ് ചോദ്യം.വി.കെ.ഇബ്രാഹിം കുഞ്ഞ് രണ്ടു തവണ വിജയിച്ച മണ്ഡലത്തില്‍ കഴിഞ്ഞ തവണ അദ്ദേഹത്തിന്റെ മകന്‍ വി.ഇ.അബ്ദുള്‍ ഗഫൂറിനെ മന്ത്രി പി.രാജീവ് തോല്‍പ്പിച്ചിരുന്നു. രാജീവ് ഇത്തവണയും കളമശേരിയില്‍ തന്നെ മത്സരിക്കാനാണ് സാധ്യത എന്നിരിക്കെ, അദ്ദേഹത്തെ വീഴ്ത്താന്‍ പോന്ന എതിരാളിയെ ആണ് കോണ്‍ഗ്രസ് നോക്കുന്നത്. ലീഗിന് കൊച്ചി സീറ്റ് നല്‍കി കളമശേരി കോണ്‍ഗ്രസ് ഏറ്റെടുത്തേക്കുമെന്ന ചര്‍ച്ചകളുമുണ്ട്. ലീഗ് സീറ്റ് വിട്ടുകൊടുത്തില്ലെങ്കില്‍ അബ്ദുള്‍ ഗഫൂര്‍ തന്നെ ഇവിടെ മത്സരിച്ചേക്കും. കോണ്‍ഗ്രസില്‍ നിന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലബിന്റെ പേരും ചര്‍ച്ചകളിലുണ്ട്.

കളമശേരിക്കു പകരം കൊച്ചി ലീഗിനു കൊടുത്താല്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാ ഇവിടെ മത്സരിച്ചേക്കും. കോണ്‍ഗ്രസാണ് മത്സരിക്കുന്നതെങ്കില്‍ ഒന്നിലേറെ പേരുകള്‍ പരിഗണിക്കുന്നുണ്ട്. മുതിര്‍ന്ന നേതാവ് ഡൊമിനിക് പ്രസന്റേഷന്‍, മുഹമ്മദ് ഷിയാസ് തുടങ്ങിയ പേരുകളാണ് ചര്‍ച്ചയിലുള്ളത്.കൊച്ചി പോലെ തന്നെ സജീവ സ്ഥാനാര്‍ഥി ചര്‍ച്ച നടക്കുന്ന മണ്ഡലമാണ് വൈപ്പിന്‍. മുതിര്‍ന്ന നേതാവ് അജയ് തറയില്‍, യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ ഷാരോണ്‍ പനക്കല്‍, മുന്‍ മേയര്‍ ടോണി ചമ്മിണി തുടങ്ങിയ പേരുകള്‍ ഇവിടെ ചര്‍ച്ചയിലുണ്ട്. ഇരു മണ്ഡലങ്ങളിലും സമുദായ പരിഗണനകള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രധാനമാകും.

സംവരണ മണ്ഡലമായ കുന്നത്തുനാട്ടില്‍ കഴിഞ്ഞ തവണത്തെ എതിരാളിയും സിറ്റിങ് എംഎല്‍എയുമായ പി.വി.ശ്രീനിജിനെ നേരിടാന്‍ മുന്‍ എംഎല്‍എയും കെപിസിസി വൈസ് പ്രസിഡന്റുമായ വി.പി.സജീന്ദ്രന്‍ മത്സരിച്ചേക്കും. കഴിഞ്ഞ തവണ ട്വന്റി 20യും ശക്തമായ പോരാട്ടം കാഴ്ചവച്ച മണ്ഡലമാണിത്. കോതമംഗലം നിലനിര്‍ത്താന്‍ സിപിഎം മൂന്നാം വട്ടവും ആന്റണി ജോണിനെ തന്നെ രംഗത്തിറക്കുമ്പോള്‍ കഴിഞ്ഞ തവണത്തെ എതിരാളിയും കേരള കോണ്‍ഗ്രസിന്റെ ജില്ലാ അധ്യക്ഷനുമായ ഷിബു തെക്കുംപുറം മത്സരിച്ചേക്കും.

പറവൂരില്‍ വി.ഡി.സതീശനും എറണാകുളത്ത് ടി.ജെ.വിനോദും അങ്കമാലിയില്‍ റോജി എം.ജോണും മൂവാറ്റുപുഴയില്‍ മാത്യു കുഴല്‍നാടനും മത്സരിക്കും. തൃക്കാക്കരയില്‍ ഉമ തോമസിനു തന്നെയാണ് സാധ്യത. അതേസമയം, മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്‍ അടക്കമുള്ളവര്‍ ഈ സീറ്റില്‍ താല്‍പര്യമുള്ളവരാണ്. പെരുമ്പാവൂരില്‍ രണ്ടു വട്ടം വിജയിച്ച എല്‍ദോസ് കുന്നപ്പിള്ളി വീണ്ടും മത്സരിക്കാനൊരുങ്ങുകയാണ്. ഇവിടെ ജയ്സണ്‍ ജോസഫ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ തുടങ്ങിയവരുടെ പേരുകളും ചര്‍ച്ചയാകുന്നുണ്ടെങ്കിലും സിറ്റിങ് എംഎല്‍എയെ മാറ്റാന്‍ കോണ്‍ഗ്രസ് തയാറാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

തൃപ്പൂണിത്തറയും ട്വന്റി 20 യും കരുത്ത്.. കുതിക്കാന്‍ എന്‍ ഡി എ

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും പങ്കിട്ടിരുന്ന എറണാകുളം ജില്ലയിലെ രാഷ്ട്രീയ കാലാവസ്ഥ ഒറ്റയടിക്കാണ് ബിജെപി-ട്വന്റി 20 കൂട്ടുകെട്ടിലൂടെ മാറിയിരിക്കുന്നത്. തൃപ്പൂണിത്തുറ ഒഴിച്ചു നിര്‍ത്തിയാല്‍ കാര്യമായ സാന്നിധ്യമോ സ്വാധീനമോ ഇല്ലാത്ത ജില്ലയില്‍ രാഷ്ട്രീയ ചുവടുറപ്പിക്കാന്‍ സാധിക്കുമോ എന്ന് ബിജെപി നോക്കുമ്പോള്‍ ട്വന്റി 20യെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിനുള്ള പോരാട്ടം കൂടിയാണ് പുതിയ കൂട്ടുകെട്ട്. മത, സാമുദായിക സമവാക്യങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ളതാണ് ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളും. ഇവിടെ പൊളിച്ചെഴുത്ത് നടത്താന്‍ എന്‍ഡിഎ സഖ്യത്തിന് ആവുമോ എന്നതാണ് പ്രധാനം.

ഏറെക്കാലമായി കൃത്യമായി അടിത്തട്ടില്‍ പണിയെടുത്താണ് ബിജെപി തൃപ്പൂണിത്തുറ നഗരസഭാ ഭരണം പിടിച്ചത്. 53 അംഗ നഗരസഭ കൗണ്‍സിലില്‍ 21 സീറ്റുകളില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വിജയിച്ചപ്പോള്‍ ഒരു സീറ്റ് കുറവായിരുന്നു എല്‍ഡിഎഫിന്. യുഡിഎഫിന് 12 സീറ്റുകള്‍ മാത്രം. ബിജെപി നേതാവ് പി.എല്‍.ബാബു നഗരസഭ ചെയര്‍പഴ്സനാവുകയും ചെയ്തു. നഗരസഭാ ഭരണം പിടിച്ചതിന്റെ ആത്മവിശ്വാസം തന്നെയാണ് ബിജെപിക്കുള്ള അനുകൂല ഘടകങ്ങളില്‍ ഒന്ന്. സംസ്ഥാന വക്താക്കളായ പി.ആര്‍.ശിവശങ്കരന്‍, കെ.വി.എസ്.ഹരിദാസ് തുടങ്ങിയവരുടെ പേരുകളാണ് തുടക്കത്തില്‍ ചര്‍ച്ചയിലുള്ളത്.

ഒപ്പം ട്വന്റി 20 യുമായുള്ള കൂട്ടുകെട്ടും ബി ജെ പിക്ക് പ്രതീക്ഷയാകുന്നുണ്ട്. കുന്നത്തുനാട് നിയോജക മണ്ഡലത്തിനു കീഴിലുള്ള മുഴുവന്‍ പഞ്ചായത്തുകളിലും കൊച്ചി കോര്‍പറേഷന്റെ 50ലേറെ ഡിവിഷനുകളിലും മത്സരിച്ചെങ്കിലും ട്വന്റി 20 ആഗ്രഹിച്ച ഫലമല്ല ഇത്തവണ ഉണ്ടായത്. കിഴക്കമ്പലം കുന്നത്തുനാട്, മഴുവന്നൂര്‍, ഐക്കരനാട് എന്നീ ട്വന്റി 20 ഭരിച്ചിരുന്ന പഞ്ചായത്തുകളില്‍ കുന്നത്തുനാടും മഴുവന്നൂരും പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു. അതേസമയം, ഐക്കരനാട് തൂത്തുവാരിയെങ്കിലും ട്വന്റി 20 രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായ കിഴക്കമ്പലത്ത് കടന്നു കയറാന്‍ യുഡിഎഫ്എല്‍ഡിഫിന്റെ സംയുക്ത സ്ഥാനാര്‍ഥികള്‍ക്ക് കഴിഞ്ഞു. ഇവിടെ 14 സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ ട്വന്റി 20ക്ക് കഴിഞ്ഞത്. തിരുവാണിയൂരില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിലും പൂതൃക്കയില്‍ നറുക്കെടുപ്പിലൂടെയും പ്രസിഡന്റ് പദം ലഭിച്ചെങ്കിലും പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായി എന്ന് വ്യക്തമായിരുന്നു. കൊച്ചി കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഒരു ചലനവും ഉണ്ടാക്കാനുമായില്ല. 2015ല്‍ ഔദ്യോഗികമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തിയ ട്വന്റി 20 അതിന്റെ പിറവിയുടെ 10 വര്‍ഷം കഴിയുമ്പോള്‍ തളര്‍ച്ച കാട്ടിത്തുടങ്ങി എന്ന തിരിച്ചറിവ് കൂടിയാണ് സഖ്യസാധ്യതകളിലേക്ക് പോകാന്‍ ട്വന്റി 20 കണ്‍വീനറും സ്ഥാപകനുമായ സാബു എം.ജേക്കബിനെ പ്രേരിപ്പിച്ചത് എന്നു വേണം കരുതാന്‍.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത കുതിപ്പാണ് ട്വന്റി 20 പാര്‍ട്ടി നടത്തിയത്. എല്‍ഡിഎഫിന്റെ പി.വി.ശ്രീനിജിന്‍ (51,180 വോട്ടുകള്‍) 2715 വോട്ടുകളും 33.79 ശതമാനം വോട്ടുവിഹിതവുമായി വിജയിച്ചെങ്കിലും ശ്രദ്ധാകേന്ദ്രമായത് മൂന്നാമതെത്തിയ ട്വന്റി 20 സ്ഥാനാര്‍ഥിയാണ്. 27.56 ശതമാനം വോട്ടാണ് ട്വന്റി 20 സ്ഥാനാര്‍ഥി ഡോ. സുജിത് പി.സുരേന്ദ്രന്‍ (41,890) ഇവിടെ നേടിയത്. കോണ്‍ഗ്രസിന്റെ വി.പി.സജീന്ദ്രന്‍ (48463) ആയിരുന്നു രണ്ടാം സ്ഥാനത്ത്32.04 ശതമാനം വോട്ട്. രണ്ടും മൂന്നും സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള അന്തരം 3543 വോട്ടുകള്‍. എന്‍ഡിഎയുടെ രേണു സുരേഷ് നേടിയത് 7,056 വോട്ടുകള്‍ മാത്രം.

2024ല്‍ കുന്നത്തുനാട് ഉള്‍പ്പെടുന്ന ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ ട്വന്റി 20 11.11% വോട്ടുവിഹിതം നേടിയിരുന്നു. ഇത്തവണയും എല്‍ഡിഎഫിനു വേണ്ടി പി.വി.ശ്രീനിജിനും യുഡിഎഫിനു വേണ്ടി വി.പി.സജീന്ദ്രനുമായിരിക്കും രംഗത്തിറങ്ങാന്‍ സാധ്യത. ട്വന്റി 20ക്ക് കിട്ടിയിരിക്കുന്ന പുതിയ ഊര്‍ജം വോട്ടായി മാറുമോ അതോ, പുതിയ കൂട്ടുക്കെട്ടിനോട് ട്വന്റി 20യുടെ സ്ഥിരം വോട്ടര്‍മാര്‍ മുഖംതിരിക്കുമോ എന്നതാണ് പ്രധാനം. കുന്നത്തുനാട്ടില്‍ കഴിഞ്ഞ തവണത്തേക്കാള്‍ തിരഞ്ഞെടുപ്പിനു ചൂടുകൂടുമെന്ന് ഉറപ്പ്.

എട്ടു മണ്ഡലങ്ങളില്‍ മത്സരിച്ച ട്വന്റി 20, 13.5 ശതമാനത്തോളം വോട്ട് കഴിഞ്ഞ തവണ നേടിയിരുന്നു. കുന്നത്തുനാടി (27.64%)നു പുറമെ പെരുമ്പാവൂര്‍ (14.24), കോതമംഗലം (5.8), മൂവാറ്റുപുഴ (9.38), തൃക്കാക്കര (10.18), എറണാകുളം (9.66), കൊച്ചി (15.29), വൈപ്പിന്‍ (12.79) മണ്ഡലങ്ങളിലാണ് ട്വന്റി 20 മത്സരിച്ചത്. ഇതില്‍ ട്വന്റി 20 ബിജെപിക്ക് മുകളില്‍ മൂന്നാം സ്ഥാനത്ത് വന്നത് കുന്നത്തുനാട്, കോതമംഗലം,കൊച്ചി,മണ്ഡലങ്ങളിലാണ്പല മണ്ഡലങ്ങളിലും എന്‍ഡിഎ സഖ്യം പിടിക്കുന്ന വോട്ടുകള്‍ മത്സരഗതിയെ നിര്‍ണയിക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകള്‍

യു ഡി എഫ്

1. എല്‍ദോസ് കുന്നപ്പിള്ളി - പെരുമ്പാവൂര്‍ - 2899

2. റോജി എം ജോണ്‍ -അങ്കമാലി-15929

3. അന്‍വര്‍ സാദത്ത് - ആലുവ - 18886

4. വി ഡി സതീശന്‍ - പറവൂര്‍ -21 301

5. കെ ബാബു- തൃപൂണിത്തുറ - 992

6. ടി ജെ വിനോദ് - എറണാകുളം -10970

7. ഉമ തോമസ് -തൃക്കാക്കര - 25016

8. അനൂപ് ജേക്കബ് - പിറവം - 25,364

9. മാത്യു കുഴല്‍നാടന്‍- മൂവാറ്റ്പുഴ -616 1

എല്‍ ഡി എഫ്

1. പി രാജീവ്-കളമശ്ശേരി - 15336

2. കെ എന്‍ ഉണ്ണികൃഷ്ണന്‍ - വൈപ്പിന്‍ - 8,201

3. കെ ജെ മാക്‌സി - കൊച്ചി - 14,079

4. പി വി ശ്രീനിജന്‍ - കുന്നത്ത്‌നാട് - 2,715

5. ആന്റണി ജോണ്‍ - കോതമംഗലം - 6,605

നാളെ മലപ്പുറം