താമരശേരി: ഫ്രഷ്കട്ട് കോഴിയറവ് മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ സമരത്തിൽ പ്രതിയായി ഒളിവിലിരിക്കെ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഫ്രഷ്കട്ട് സമരസമിതി ചെയർമാൻ സൈനുൽ ആബിദീന് (ബാബു കുടുക്കിൽ) തിളക്കമാർന്ന വിജയം. താമരശേരി പഞ്ചായത്തിലെ 11-ാം വാർഡായ കരിങ്ങമണ്ണയിൽ മുസ് ലിം ലീഗ് സ്ഥാനാർത്ഥിയായിട്ടാണ് ഒരു ദിവസം പോലും പ്രചാരണത്തിനിറങ്ങാതെ ബാബു ജനവിധി നേടിയത്.

ബാബു കുടുക്കിലിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കരിങ്ങമണ്ണ വാർഡിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ നേരിട്ടെത്തിയതിന് ശേഷം അദ്ദേഹം വീണ്ടും ഒളിവിൽ പോവുകയായിരുന്നു.

നാമനിർദേശ പത്രിക സമർപ്പിക്കാൻ ബാബുവിനെ സഹായിച്ചതിന്റെ പേരിൽ ഒരു പ്രാദേശിക മുസ് ലിം ലീഗ് നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സ്ഥാനാർത്ഥിയുടെ അഭാവത്തിലും കരിങ്ങമണ്ണ വാർഡിൽ 76.5 ശതമാനം പോളിങ് രേഖപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. ഒരു ജനപ്രതിനിധിക്ക് പ്രചാരണം നടത്താൻ കഴിയാത്ത സാഹചര്യത്തിലും ലഭിച്ച ഈ ജനപിന്തുണ ഫ്രഷ്കട്ട് സമരസമിതിയുടെ നിലപാടിനുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.