കോഴിക്കോട്: മുസ്ലീം ലീഗില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കമായി. മൂന്ന് ടേം വ്യവസ്ഥയില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ഇളവ് നല്‍കാനാണ് ഇക്കുറി ധാരണ. മൂന്ന് ടേം പൂര്‍ത്തിയാക്കാത്തവരും ഇത്തവണ മാറി നില്‍ക്കാന്‍ സാധ്യതയുണ്ട്. പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍, പി കെ ബഷീര്‍, കെ പി എ മജീദ്, എന്‍ ഷംസുദ്ദീന്‍, മഞ്ഞളാംകുഴി അലി, എന്‍.എ നെല്ലിക്കുന്ന്, പി ഉബൈദുള്ള എന്നിവരാണ് മൂന്ന് ടെമോ അതില്‍ അധികമോ പൂര്‍ത്തിയാക്കിയവര്‍. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യവും ശക്തം. പി.കെ കുഞ്ഞാലിക്കുട്ടിക്കും എം.കെ മുനീറിനും ഇളവ് ലഭിക്കും. മുനീറിന്റെ കാര്യത്തില്‍ ആരോഗ്യ അവസ്ഥ കൂടി പരിഗണിച്ചാകും തീരുമാനം.

അതേസമയം മണ്ഡലം മാറി മത്സരിക്കാന്‍ ഒരുങ്ങി പി.കെ കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്ന് മലപ്പുറത്തേക്ക് മാറി മത്സരിക്കാന്‍ ആണ് സാധ്യത. അങ്ങനെയെങ്കില്‍ ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം വേങ്ങരയില്‍ മത്സരിച്ചേക്കാം. കെപിഎ മജീദ് മൂന്ന് ടേം പൂര്‍ത്തിയാക്കി മാറി നില്‍ക്കാന്‍ ഇടയുള്ളതിനാല്‍ തിരൂരങ്ങാടിയിലും പിഎംഎ സലാമിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. തിരൂരങ്ങാടിയില്‍ പിഎംഎ സലാം അല്ലെങ്കില്‍ വനിതാ ലീഗ് സംസ്ഥാന സുഹറ മമ്പാട് മത്സരിച്ചേക്കാം.

എന്‍.ഷംസുദ്ദീന്‍, പി.കെ ബഷീര്‍, മഞ്ഞളാംകുഴി അലി എന്നിവര്‍ക്കും ഇളവ് ലഭിക്കുമെന്ന സൂചനകളുണ്ട്. ഏറനാട് എം.എല്‍എ പി.കെ ബഷീറിന് ഇളവ് ലഭിക്കുകയാണെങ്കില്‍ മണ്ഡലം മാറും. ലീഗ് മലപ്പുറം ജില്ല ഓര്‍ഗാനിസിങ് സെക്രട്ടറി ഇസ്മായില്‍ മൂത്തേടത്തിനാണ് എറനാട് സാധ്യത. കഴിഞ്ഞ തവണ താനൂരില്‍ മത്സരിച്ച യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് കുന്ദമംഗലത്തേക്ക് മാറുമെന്ന് കേള്‍ക്കുന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നാവാസിന്റെ പേരാണ് താനൂരില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. എന്‍.എ നെല്ലിക്കുന്ന്, കെപിഎ മജീദ്, പി.ഉബൈദുള്ള എന്നിവരും ഒരു ടെം പൂര്‍ത്തിയാക്കിയ യു.എ ലത്തീഫും ഇത്തവണ മാറി നില്‍ക്കും.

പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരംപുരം, കോട്ടക്കലില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍, തിരൂരില്‍ കുറുക്കോളി മൊയ്തീന്‍ എന്നിവര്‍ തുടരാന്‍ സാധ്യത ഉണ്ട്. മുസ്ലീം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ടി പി അഷ്റഫ് അലി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, ചന്ദ്രിക ഫിനാന്‍സ് ഡയറക്ടറും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.എം.എ സമീര്‍ എന്നിവരുടെ പേരും വിവിധ മണ്ഡലങ്ങളില്‍ പരിഗണിക്കുന്നതായി സൂചനകള്‍ ഉണ്ട്.

കെ എം ഷാജി കാസര്‍കോട് സീറ്റില്‍നോട്ടമിട്ട് രംഗത്തുണ്ട്. അതേസയമം നിയമസഭ തെരഞ്ഞെടുപ്പില്‍ പട്ടാമ്പി മണ്ഡലത്തിന് വേണ്ടി ചരട് വലിച്ച് മുസ്ലിം ലീഗ് രംഗത്തുണ്ട്. കോങ്ങാടിന് പകരം പട്ടാമ്പി മണ്ഡലം ആവശ്യപ്പെടണമെന്ന് കഴിഞ്ഞദിവസം കോഴിക്കോട്ട് നടന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ പാലക്കാട്ടെ ലീഗ് നേതാക്കള്‍ പറഞ്ഞെന്നാണ് വിവരം. പട്ടികജാതി സംവരണ മണ്ഡലമായ കോങ്ങാട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ് ലിം ലീഗിലെ യു.സി. രാമനാണ് യു.ഡി.എഫിന് വേണ്ടി മത്സരിച്ചതെങ്കിലും വിജയം എല്‍.ഡി.എഫിലെ കെ. ശാന്തകുമാരിക്കായിരുന്നു. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലും മണ്ഡല പരിധിയിലെ പഞ്ചായത്തുകളില്‍ വ്യക്തമായ ഭൂരിപക്ഷം ഇടതിനാണ്.

എന്നാല്‍, ഇടതിനെയും, വലതിനെയും മാറി മാറി സ്വീകരിച്ച പാരമ്പര്യമാണ് പട്ടാമ്പിക്കുള്ളത്. 2001 മുതല്‍ 11 വരെ കോണ്‍ഗ്രസിലെ സി.പി. മുഹമ്മദാണ് ഇവിടെ വിജയിച്ചതെങ്കില്‍ 2016ല്‍ സി.പി.ഐയിലെ മുഹമ്മദ് മുഹ്‌സിന്‍ തിരിച്ചുപിടിച്ച മണ്ഡലത്തില്‍ വീണ്ടും വിജയം ആവര്‍ത്തിച്ച് മുഹ്‌സിന്‍ തുടരുകയാണ്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ എല്‍.ഡി.എഫിന് അനുകൂലമില്ലാത്ത മണ്ഡലമാണ് പട്ടാമ്പി. മാത്രമല്ല, മേഖലയില്‍ ലീഗിന് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കാനും കഴിഞ്ഞു.