- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന്റെ പടനായകന്‍ എത്തുന്നു' എന്ന കുറിപ്പോടെയുള്ള ഫ്‌ലക്‌സുകള്‍ നേതൃത്വത്തിനുള്ള പരസ്യമായ താക്കീത്; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അനിശ്ചിതത്വം; കണ്ണൂരില്‍ വീണ്ടും സുധാകരനായി ഫ്ലക്സ് യുദ്ധം; ഹൈക്കമാന്‍ഡിനെ മുള്‍മുനയില്‍ നിര്‍ത്തി സുധാകര അണികള്‍

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ കണ്ണൂരില്‍ നാടകീയ നീക്കങ്ങള്‍. കെ. സുധാകരനെ മത്സരരംഗത്തിറക്കണമെന്ന ആവശ്യവുമായി അണികള്‍ വീണ്ടും തെരുവിലിറങ്ങി. കണ്ണൂര്‍ തളാപ്പ് റോഡിലെ ഡി.സി.സി ഓഫീസിന് മുന്നില്‍ ഇന്ന് പുലര്‍ച്ചെയാണ് സുധാകരനായി കൂറ്റന്‍ ഫ്‌ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടത്. 'പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന്റെ പടനായകന്‍ എത്തുന്നു' എന്ന കുറിപ്പോടെയുള്ള ഫ്‌ലക്‌സുകള്‍ നേതൃത്വത്തിനുള്ള പരസ്യമായ താക്കീതായി മാറി.
എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് നിലപാടാണ് സുധാകരനെയും അനുകൂലികളെയും ചൊടിപ്പിച്ചത്. എന്നാല്‍ മലബാറിലെ പാര്‍ട്ടി കരുത്ത് ചോരാതിരിക്കാന്‍ താന്‍ മത്സരരംഗത്തുണ്ടാകണമെന്ന ഉറച്ച നിലപാടിലാണ് സുധാകരന്‍. ഹൈക്കമാന്‍ഡ് വഴങ്ങിയില്ലെങ്കില്‍ അത് വടക്കന്‍ കേരളത്തില്‍ യു.ഡി.എഫിന് കനത്ത തിരിച്ചടിയാകും. കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് ജനവിധി തേടുന്ന പേരാവൂരില്‍ ഉള്‍പ്പെടെ സുധാകരന്റെ അതൃപ്തി വിജയസാധ്യതകളെ ബാധിക്കുമെന്ന ആശങ്ക പാര്‍ട്ടിക്കുള്ളിലുണ്ട്.
കണ്ണൂര്‍ സീറ്റിലെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കെ. സുധാകരനും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുകയാണ്. മുന്‍ മേയര്‍ ടി.ഒ. മോഹനനെ കണ്ണൂരില്‍ ഇറക്കാനുള്ള കെ.സി വേണുഗോപാലിന്റെ നീക്കത്തെ സുധാകരന്‍ പക്ഷം ശക്തമായി എതിര്‍ക്കുന്നു. റിജില്‍ മാക്കുറ്റി, അമൃത രാമകൃഷ്ണന്‍, മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവരില്‍ ഒരാളെ പരിഗണിക്കണമെന്ന സുധാകരന്റെ 'ഒത്തുതീര്‍പ്പ് ഫോര്‍മുല'യില്‍ ഹൈക്കമാന്‍ഡ് ഇതുവരെ മനസ്സ് തുറന്നിട്ടില്ല. ഇരിക്കൂര്‍ സീറ്റിലെ മുന്‍ അനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമോ എന്ന ഭയവും സുധാകരന്‍ പക്ഷത്തിനുണ്ട്.
സോഷ്യല്‍ മീഡിയയിലും സുധാകരനായി യുവനേതാക്കള്‍ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. 'കണ്ണൂരിനെ അറിയുന്നവര്‍ വരണം, അല്ലാതെ പാരലല്‍ ഗ്രൂപ്പുകാരല്ല' എന്ന മുദ്രാവാക്യവുമായി റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുണ്ട്. സുധാകരനെ അവഗണിച്ച് പിന്‍വാതിലിലൂടെ നോമിനികളെ തിരുകിക്കയറ്റിയാല്‍ ഡി.സി.സി ഓഫീസിന് മുന്നില്‍ ശക്തമായ പ്രതിഷേധം അരങ്ങേറും. ഇരുപക്ഷത്തിനും സമ്മതനായ ഒരു പൊതുസ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ഹൈക്കമാന്‍ഡ് നീക്കം തുടരുന്നതിനിടെയാണ് അണികള്‍ തെരുവില്‍ കരുത്തുകാട്ടുന്നത്.
അതിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കെ. സുധാകരന് അനുകൂലമായി ഹൈക്കമാന്‍ഡ് വഴങ്ങുന്നതായി സൂചനയുണ്ട്. എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കര്‍ശന നിലപാടില്‍ നിന്ന് സുധാകരനും അടൂര്‍ പ്രകാശിനും മാത്രമായി ഇളവ് നല്‍കിയേക്കും. ഈഴവ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന സമുദായ സംഘടനകളുടെയും ശിവഗിരി മഠത്തിന്റെയും സമ്മര്‍ദ്ദം കൂടി കണക്കിലെടുത്താണ് ഈ നീക്കം. ഇന്ന് പുലര്‍ച്ചെ കണ്ണൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ച സുധാകരന്‍ രാഹുല്‍ ഗാന്ധിയുമായും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും കൂടിക്കാഴ്ച നടത്തും.
സീറ്റിന്റെ കാര്യത്തില്‍ ഉറപ്പ് ലഭിക്കാതെ ഡല്‍ഹിയിലേക്കില്ലെന്ന് വാശിപിടിച്ച സുധാകരനെ അനുനയിപ്പിച്ചത് രമേശ് ചെന്നിത്തലയുടെ ഇടപെടലാണ്. ചെന്നിത്തലയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സുധാകരന്‍ ഡല്‍ഹി യാത്രയ്ക്ക് തയ്യാറായത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ആവശ്യമായ രേഖകളെല്ലാം ശരിയാക്കി അടൂര്‍ പ്രകാശും പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. ഇതോടെ, കണ്ണൂരില്‍ സുധാകരനും കോന്നിയില്‍ അടൂര്‍ പ്രകാശും തന്നെ അങ്കത്തിനിറങ്ങാനാണ് സാധ്യതയേറുന്നത്.
55 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ആദ്യഘട്ട പട്ടിക ഇന്ന് പ്രഖ്യാപിക്കാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ നീക്കം. വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരന്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പാലക്കാട് നടന്‍ രമേഷ് പിഷാരടി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. ചെങ്ങന്നൂരില്‍ മറിയ ഉമ്മന്റെ പേരും സജീവമായി പരിഗണിക്കുന്നുണ്ട്. സുധാകരനും അടൂര്‍ പ്രകാശും പട്ടികയില്‍ ഇടംപിടിക്കുന്നതോടെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി തര്‍ക്കങ്ങള്‍ക്കും പടലപ്പിണക്കങ്ങള്‍ക്കും താല്കാലിക ശമനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.


