- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും'; പിണറായിക്ക് ആശംസകളുമായി ഉലകനായകൻ; കേരളം എന്റെയും നാടെന്ന് കമൽഹാസൻ; കഴിഞ്ഞ പത്തു വർഷത്തെക്കുറിച്ച് ചിന്തിക്കണമെന്നും അഭ്യർത്ഥിച്ച് താരം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനും വിജയാശംസകൾ നേർന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. ‘സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും’ എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. പിണറായി വിജയന്റെ ഭരണത്തുടർച്ച കേരളത്തിന് അനിവാര്യമാണെന്ന സൂചനയോടെയാണ് കമലിന്റെ കുറിപ്പ്.
താൻ തമിഴ്നാട്ടുകാരനാണെങ്കിലും കേരളവുമായി വൈകാരികമായ വലിയൊരു ബന്ധമുണ്ടെന്ന് കമൽഹാസൻ പറഞ്ഞു. "വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് എല്ലാ വിജയാശംസകളും നേരുന്നു. ചിലരുടെയെങ്കിലും മനസ്സിൽ ഞാൻ പുറത്തുനിന്നുള്ള ഒരാളാണെന്ന തോന്നലുണ്ടായാൽപ്പോലും കേരളം എന്റെയും നാടുകൂടിയാണ്. അത്രമേൽ അടുത്ത ബന്ധമാണ് എനിക്ക് ഈ മണ്ണുമായുള്ളത്," കമൽ കുറിച്ചു.
കഴിഞ്ഞ പത്തു വർഷത്തെക്കുറിച്ച് ചിന്തിക്കാൻ കേരളത്തിലെ ജനങ്ങളോട് കമൽഹാസൻ അഭ്യർത്ഥിച്ചു. ശരിയായ തീരുമാനമെടുക്കേണ്ട സമയമാണിതെന്നും പിണറായി വിജയന് ആശംസകൾ നേരുന്നത് തന്റെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി. സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും. ഇതെന്റെ അഭിപ്രായം’ കമൽഹാസൻ കുറിച്ചു..
അടുത്തിടെ തിരുവനന്തപുരത്ത് നടന്ന ‘പിണറായി: ദി ലെജൻഡ്’ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനത്തിൽ മുഖ്യാതിഥിയായി കമൽഹാസൻ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയുമായുള്ള തന്റെ വ്യക്തിപരമായ സൗഹൃദം പലപ്പോഴും പരസ്യമാക്കിയിട്ടുള്ള താരം, തിരഞ്ഞെടുപ്പ് വേളയിൽ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിലും ചർച്ചയായിട്ടുണ്ട്.


