തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച ശ്രദ്ധേയമായ വിജയം സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനെതിരായ ജനവിധിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ മുന്നേറ്റം കോൺഗ്രസ് പാർട്ടിയുടെയും ഘടകകക്ഷികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. നേതാക്കന്മാരുടെയും സാധാരണക്കാരായ ജനങ്ങളുടെയും ശക്തമായ പിന്തുണക്ക് അദ്ദേഹം നന്ദി അറിയിച്ചു.

കോൺഗ്രസ് പാർട്ടിയും ഐക്യജനാധിപത്യ മുന്നണിയിലെ കക്ഷികളും ഒത്തൊരുമിച്ച് നടത്തിയ മികച്ച പ്രവർത്തനമാണ് ഈ വിജയത്തിന് പിന്നിലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും സഹകരണത്തെയും അദ്ദേഹം പ്രശംസിച്ചു. കോൺഗ്രസിനെ ജനങ്ങൾ തിരിച്ചറിഞ്ഞെന്നും, എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ കൃത്യമായി ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരു സെമി ഫൈനൽ മാത്രമാണെന്നും, നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് വലിയ വിജയം ഉറപ്പിക്കുമെന്നും സണ്ണി ജോസഫ് പ്രത്യാശ പ്രകടിപ്പിച്ചു. പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമാണ് യുഡിഎഫിനുണ്ടായതെന്നും, ജനപിന്തുണ കണക്കുകൂട്ടലുകൾക്കപ്പുറമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്റെ നയങ്ങൾക്കുള്ള ശക്തമായ താക്കീതാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും സണ്ണി ജോസഫ് ആവർത്തിച്ചു.

വൈഷ്ണയുടെ പേര് വെട്ടിമാറ്റാൻ ശ്രമിച്ചതും കണ്ണൂരിൽ റിട്ടയേർഡ് അധ്യാപകനെ സിപിഐഎം പ്രവർത്തകർ മർദിച്ചതും വാർഡ് വിഭജനത്തിലെ അശാസ്ത്രീയതയുമെല്ലാം ജനങ്ങൾ തിരിച്ചറിഞ്ഞെന്നും, പ്രവർത്തകരുടെ ത്യാഗപൂർണമായ പ്രവർത്തനമാണ് വിജയത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ഇരട്ടത്താപ്പ് കാട്ടിയെന്നും തീരദേശത്തോട് കടുത്ത അവഗണനയാണ് കാണിച്ചതെന്നും സണ്ണി ജോസഫ് ആരോപിച്ചു. ശബരിമല സ്വർണ്ണക്കടത്ത് കേസിൽ സിപിഐഎം നേതാക്കൾക്ക് പങ്കുണ്ടെന്നും, മന്ത്രിമാരിലേക്ക് ചോദ്യം ചെയ്യൽ എത്താതെ മുഖ്യമന്ത്രി ഭരണ സംവിധാനം ദുരുപയോഗം ചെയ്ത് അവരെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. പ്രതികൾക്കെതിരെ ഒരു ശാസന പോലുമില്ലാത്തത് ലജ്ജാകരമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

കേരളം കണ്ടത് ഏകാധിപത്യ ഭരണാധികാരിയുടെ വീഴ്ചയാണെന്നും ദുർഭരണത്തിന് എതിരായ താക്കീതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വർധിച്ചുവരുന്ന തൊഴിലില്ലായ്മയും നിയന്ത്രിക്കാൻ കഴിയാത്ത വിലക്കയറ്റവും തുടർഭരണത്തിൻറെ അഹങ്കാരവും ജനങ്ങൾക്ക് ഒട്ടും ബോധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ച തെറ്റായ സമീപനം തന്നെയാണ് ഈ വിജയത്തിന്റെ പ്രധാന കാരണമെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഈ ജനവിധിയെ തങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നു. ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെതിരെയുള്ള അതിശക്തമായ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി പ്രവർത്തകരും നേതാക്കളും ഒരുമനസ്സോടെ പ്രവർത്തിച്ചതിൻറെ ഫലമാണ് ഈ വിജയമെന്നും, എല്ലാ യുഡിഎഫ് പ്രവർത്തകരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 2010 ലെ തദ്ദേശ തിരഞ്ഞെടുപ്പിനേക്കാൾ വലിയൊരു വിജയം നേടാനായത് ആത്മവിശ്വാസം വർധിപ്പിക്കുന്നതായും, കൂടുതൽ വിനയത്തോടെ ജനനന്മയ്ക്ക് വേണ്ടി പ്രവർത്തിക്കാനുള്ള സന്ദേശമാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യോജിച്ച് ഒരുമനസ്സോടെ യുഡിഎഫ് പ്രവർത്തിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.