തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് ചൂട് പകര്‍ന്നുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചു. ഒരു മാസത്തിനകം തെരഞ്ഞെടുപ്പു പ്രഖ്യാപനം തീരുന്ന വിധത്തിലാണ് തിയ്യതി പ്രഖ്യാിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പു നടത്തുക. തിരുവനന്തപുരം വരെ എറണാകുളം വരെയുള്ള ഏഴ് തെക്കന്‍ ജില്ലകളില്‍ വോട്ടെടുപ്പ് ഡിസംബര്‍ 9ന് നടക്കും. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള മറ്റ് ജില്ലകളില്‍ വോട്ടെടുപ്പ് ഡിസംബര്‍ 11ാം തീയ്യതിയും നടക്കും. വോട്ടെണ്ണല്‍ 13ാം തീയ്യതിയാണ് നടക്കുക.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജാഹാനാണ് പ്രഖ്യാപനം നടത്തിയത്. തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. നവംബര്‍ 14ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശം നല്‍കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. സൂക്ഷ്മപരിശോധന 22ന്. നാമനിര്‍ദേശപത്രിക നവംബര്‍ 24 പിന്‍വലിക്കാം.

കാലാവധി പൂര്‍ത്തിയായിട്ടില്ലാത്ത മട്ടന്നൂര്‍ ഒഴികെയുള്ള 1199 തദ്ദേശസ്ഥാപങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കാന്‍ പോകുന്നത്. വാര്‍ഡുവിഭജനത്തിനുശേഷം ആകെ 23,612 വാര്‍ഡുകളാണുള്ളത്. മുന്‍പ് 21,900 ആയിരുന്നു. മട്ടന്നൂരിലെ 36 ഒഴിവാക്കി 23,576 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കേണ്ടത്.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സെമിഫൈനലായി ഉള്‍ക്കൊണ്ട്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജീവന്മരണപ്പോരാട്ടമായി ഏറ്റെടത്തിരിക്കുകയാണ് മുന്നണികള്‍. നേരത്തെ സ്ഥാനര്‍ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ് മുന്നിലോടുന്നുണ്ട്. സര്‍ക്കാരിന്റെ വികസനനേട്ടം പ്രചാരണായുധമാക്കി ഇറങ്ങാനാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം. നിയമസഭയില്‍ എട്ടുസീറ്റെങ്കിലും ലക്ഷ്യമിടുന്ന എന്‍ഡിഎ ആദ്യപടിയായി തദ്ദേശതിരഞ്ഞെടുപ്പില്‍ പരമാവധി വോട്ടും സീറ്റും ഉറപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലാണ്.

941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2267 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 മുനിസിപ്പാലിറ്റിയിലെ 3205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകള്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ആകെ 23,576 വാര്‍ഡുകളിലേക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഓരോ വാര്‍ഡും ഓരോ നിയോജകമണ്ഡലമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. സംസ്ഥാത്താകെ, 2, 84,30,761 ലേറെ വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1, 34,12,470 പുരുഷക 1,50,180,10 പേര്‍ സ്ത്രീകളുമാണ്. 281 ട്രാന്‍സ് ജെന്‍ഡറുകളും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുന്നു. പ്രവാസി വോട്ടര്‍മാരായി 2841 പേരും ഉള്ളതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിക്കും. ഇതിനു മുമ്പ് 6 മണിക്ക് മോക് പോള്‍ നടത്തും. വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ് നടക്കുക. പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള മറ്റ് രേഖകളും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. വോട്ടെടുപ്പ് ദിവസം നൊഗേഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധിയായിരിക്കും. സ്വകാര്യ കമ്പനികള്‍ വോട്ടുചെയ്യാന്‍ അനുവാദം നല്‍കേണ്ടതാണ്. വോട്ടെടുപ്പു ദിവസം മദ്യശാലകള്‍ക്ക് അവധിയായിരിക്കും.