- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല സ്വര്‍ണ കൊള്ളയില്‍ സോണിയാ ഗാന്ധിക്ക് പങ്കുള്ളതായി കരുതുന്നില്ല; അവരുടെ പങ്ക് തെളിയിക്കുന്ന രേഖകളൊന്നും പുറത്തുവന്നിട്ടില്ല; പത്മകുമാറിന് സ്വര്‍ണകൊള്ളയില്‍ നേരിട്ട് പങ്കില്ല; തെറ്റ് കണ്ടുപിടിക്കുന്നതില്‍ ഭരണപരമായ വീഴ്ചയുണ്ടായതാണ് പത്മകുമാര്‍ ചെയ്ത കുറ്റം: എം എ ബേബി പറയുന്നു
ശബരിമല സ്വര്‍ണ കൊള്ളയില്‍ സോണിയാ ഗാന്ധിക്ക് പങ്കുള്ളതായി കരുതുന്നില്ല

കോഴിക്കോട്: ശബരിമല സ്വര്‍ണ കൊള്ളക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് പങ്കുള്ളതായി കരുതുന്നില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി. രാഹുല്‍ഗാന്ധി പാരഡിഗാനം പാടിയപ്പോള്‍ അതിനെ തള്ളിപ്പറയാന്‍ സോണിയാ ഗാന്ധിക്ക് നേരെ ആരോപണം തിരിച്ച സിപിഎം നേതാക്കളെ തന്നെയാണ് എം എ ബേബി തള്ളിപ്പറയുന്നത്. സോണിയാ ഗാന്ധിയുടെ പങ്ക് തെളിയിക്കുന്ന രേഖകളൊന്നും പുറത്തുവന്നിട്ടില്ല. മുന്‍ദേവസ്വം മന്ത്രി അടക്കമുള്ളവര്‍ പ്രതിയോടെപ്പം ഒന്നിലധികം സോണിയയുടെ വീട്ടില്‍ പോയിട്ടുണ്ട്. ഇതില്‍ സംശയാസ്പദമായ കുറേ കാര്യങ്ങളുണ്ടെന്നും ബേബി വ്യക്തമാക്കി.
പത്മകുമാറിന് സ്വര്‍ണകൊള്ളയില്‍ നേരിട്ട് പങ്കില്ലെന്നും ബേബി പറഞ്ഞു. തെറ്റ് കണ്ടുപിടിക്കുന്നതില്‍ ഭരണപരമായ വീഴ്ചയുണ്ടായതാണ് പത്മകുമാര്‍ ചെയ്ത കുറ്റം. ചുമതലയില്‍ ശ്രദ്ധചെലുത്താത്‌കൊണ്ട് അവിടെ ചില കുറ്റങ്ങളുണ്ടായി. ബോര്‍ഡ് ചെയര്‍മാനായിരിക്കെ എല്ലാം ശ്രദ്ധിക്കേണ്ടതായിരുന്നു. അത് ശ്രദ്ധിച്ചില്ലെന്ന് കുറ്റമ മാത്രമേ ചെയ്തിട്ടുള്ളുവെന്നും ബേബി കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി ഉച്ചാരണ ശുദ്ധിയില്ലാതെ ഇവിടെ പാട്ട് പാടിയല്ലോ? സ്വര്‍ണം കട്ടവനാരപ്പാ എന്ന് ചോദ്യം എവിടെ പോയി ചോദിക്കണം എന്നുള്ളത് ജനം ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും ബേബി പറഞ്ഞു.
എസ്.ഡി.പി.ഐയോടു വോട്ട് ചോദിക്കുകയോ ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല. വോട്ട് ചെയ്യുന്നത് ഓരോരുത്തരുടെയും അവകാശമാണ്. സ്വഭാവ സര്‍ട്ടിഫിക്കറ്റ് നോക്കി വോട്ട് ചെയ്യുന്നവരെ കടത്തിവിടാന്‍ കഴിയുമോ?. എസ്.ഡി.പി.ഐയുമായി ഡീല്‍ നടത്തുന്നത് കോണ്‍ഗ്രസാണ്. കാസര്‍കോട് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ പറഞ്ഞത് യു.ഡി.എഫാണ്. തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സെഞ്ചറി അടിക്കും. തുടര്‍ ഭരണം ഉറപ്പാണ്. പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റില്‍ തെറ്റുപറ്റിയെങ്കില്‍ തിരുത്താനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ഥിയുടെ അറിവോടെ ഒന്നും സംഭവിച്ചിട്ടില്ല. മത ഭാഷാ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്നത് ഇടതുപക്ഷമാണ്. മറ്റുള്ളവര്‍ അവരെ വോട്ടുബാങ്കായി കാണുന്നെന്നും ബേബി വിശദീകരിച്ചു.
സ്വര്‍ണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയൊടൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച് സി.പി.എം അനുകൂലികള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടത്തിയിരുന്നു. സംഭവത്തില്‍ സോണിയാ ഗാന്ധിക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും സി.പി.എം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. സോണിയ ഗാന്ധിയുടെ വസതിയില്‍ എങ്ങനെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പ്രവേശനം ലഭിച്ചതെന്നും സോണിയ ഗാന്ധിക്കും അടൂര്‍ പ്രകാശിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം ഞെട്ടിക്കുന്നതാണെന്നും മന്ത്രി വി ശിവന്‍കുട്ടി നേരത്തെ പ്രതികരിച്ചിരുന്നു.


