കണ്ണൂര്‍: എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ വോട്ട് വേണ്ടെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, എസ്ഡിപിഐ ഒരു വര്‍ഗീയ പാര്‍ട്ടിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് എം.വി. ഗോവിന്ദന്‍ ഒഴിഞ്ഞുമാറി.

ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ തന്റെ വ്യക്തിത്വം ഇല്ലാതാകില്ലെന്ന് പറഞ്ഞ എം.വി. ഗോവിന്ദന്‍, എസ്ഡിപിഐ ഇതുവരെ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ മനസ്സില്‍ കണക്കുകൂട്ടി ചോദ്യം ചോദിച്ചാല്‍ മറുപടിയില്ലെന്നും വ്യക്തമാക്കി. വര്‍ഗീയ പാര്‍ട്ടികളെ സംബന്ധിച്ച് സിപിഎമ്മിന് വ്യക്തമായ നിലപാടുണ്ടെന്നും, എസ്ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കിയാല്‍ സിപിഎം അതില്‍ നിലപാട് അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ വര്‍ഗീയ പാര്‍ട്ടിയാണോ എന്ന ചോദ്യത്തിന് അത് വിശകലനം ചെയ്യേണ്ട വിഷയമാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

എസ്ഡിപിഐ വോട്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നേമത്ത് വി.ശിവന്‍കുട്ടി അടക്കം എല്‍ഡിഎഫ് സ്ഥാനാര്‍ഥികളില്‍ പലരും അനുകൂല നിലപാട് സ്വീകരിച്ച് വരുന്നുണ്ട്. കോണ്‍ഗ്രസ് ശക്തമായ വിമര്‍ശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് ഗോവിന്ദന്റെ പ്രതികരണം.

വയനാട് ഫണ്ട് വിഷയത്തിലും എം.വി. ഗോവിന്ദന്‍ പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനമുന്നയിച്ചു. ജോയിന്റ് അക്കൗണ്ട് ആണെങ്കില്‍ അത് സത്യവാങ്മൂലത്തില്‍ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 'ശവത്തിന്റെ പോക്കറ്റില്‍ നിന്ന് പണം തട്ടി' എന്ന മുഖ്യമന്ത്രിയുടെ ഉപമ വളരെ ശരിയാണെന്നും, സ്ഥലം വാങ്ങിയത് മുതല്‍ തട്ടിപ്പാണ് നടക്കുന്നതെന്നും ഗോവിന്ദന്‍ ആരോപിച്ചു.

യുഡിഎഫിന് വേണ്ടി നടത്തിയ സര്‍വ്വേ പോലും ഇടതുപക്ഷത്തിന് അനുകൂലമാണെന്ന് എം.വി. ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. പയ്യന്നൂര്‍ വ്യാജ ഐഡി കാര്‍ഡുമായി ബന്ധപ്പെട്ട് കെ.സി. വേണുഗോപാല്‍ അസംബന്ധം പറയുകയാണെന്നും തെളിവില്ലാതെ നുണ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.സി. വേണുഗോപാല്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ വില മനസ്സിലാക്കുന്നില്ലെന്നും, യൂത്ത് കോണ്‍ഗ്രസ്സ് വ്യാജരേഖകള്‍ ഉണ്ടാക്കിയ ചരിത്രം മനസ്സില്‍ വെച്ചാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. കാസറഗോഡ് മുതല്‍ തിരുവനന്തപുരം വരെ തനിക്കാണ് സംഘടന ചുമതലയെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്ഡിപിഐ പ്രവര്‍ത്തകരെ നന്നാക്കാനാണ് അവരോട് വോട്ട് ചോദിക്കുന്നതെന്ന് എ കെ ബാലന്‍

അതേസമയം, എസ്ഡിപിഐ പ്രവര്‍ത്തകരെ നന്നാക്കാനാണ് തങ്ങള്‍ അവരോട് വോട്ട് ചോദിക്കുന്നതെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. എസ്ഡിപിഐയുമായി ഒരു മുന്നണിയോ ധാരണയോ ഇല്ലെന്നും, എന്നാല്‍ സംഘടനയിലെ ജനങ്ങളെല്ലാം രാജ്യശത്രുക്കളാണെന്ന് മുദ്രകുത്തുന്നത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. എ

എസ്ഡിപിഐ നേതാക്കളോടോ സംഘടനയോടോ വോട്ട് ആവശ്യപ്പെടുന്നില്ലെന്ന് ബാലന്‍ പറഞ്ഞു. ഇത്തരം സംഘടനകളിലുള്ളവരെ രാഷ്ട്രവിരുദ്ധരെന്ന് ചാപ്പകുത്തുന്നത് ശരിയല്ല. തിരഞ്ഞെടുപ്പ് ഇത്തരം ആശയങ്ങളില്‍ വിശ്വസിക്കുന്നവരെ ശുദ്ധീകരിക്കാനുള്ള വേദി കൂടിയാണെന്നും, തെറ്റായ ചിന്താഗതിയിലുള്ള നേതൃത്വത്തിനെ മതനിരപേക്ഷമായി ചിന്തിപ്പിക്കാന്‍ പാര്‍ട്ടിക്കുള്ള ബാധ്യതയുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പ്രക്രിയ തുടരുമെന്നും ബാലന്‍ വ്യക്തമാക്കി.

എസ്ഡിപിഐയുമായി ഒരു മുന്നണിയോ, ധാരണയോ, കരാറോ, സംഭാഷണമോ നടത്തിയിട്ടില്ല. ഒരു മുന്നണിയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് കൃത്യമായി പ്രതിരോധിച്ച് പറയുമെന്നും, നിലവില്‍ മുന്നണിയില്ലാത്തതിനാല്‍ അവരെ പ്രതിരോധിക്കേണ്ട കാര്യമില്ലെന്നും ബാലന്‍ പറഞ്ഞു. സിപിഎം ആദ്യകാലം മുതല്‍ പറഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

അഭിമന്യു പ്രശ്‌നം ഇപ്പോള്‍ ഉയര്‍ത്തുന്നത് സിപിഎം എസ്ഡിപിഐയുമായി മുന്നണിയുണ്ടാക്കിയിരിക്കുന്നു എന്ന് വരുത്തിത്തീര്‍ക്കാനാണെന്ന് ബാലന്‍ ആരോപിച്ചു. കുഞ്ഞാലി കൊലപാതകക്കേസില്‍ പ്രതിയായിരുന്ന ആര്യാടന്‍ മുഹമ്മദിന് തങ്ങള്‍ വോട്ടുചെയ്തിട്ടുണ്ടെന്നും, അതാണ് തങ്ങളുടെ രാഷ്ട്രീയമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളോടും തങ്ങളുടെ ആശയങ്ങള്‍ പങ്കുവെക്കുകയും, തെറ്റായ ധാരണകള്‍ തിരുത്താന്‍ ശ്രമിക്കുകയും ചെയ്യുക എന്നതാണ് സിപിഎം പിന്തുടരുന്ന രാഷ്ട്രീയ സമീപനമെന്നും എ.കെ.ബാലന്‍ പറഞ്ഞു.