പട്‌ന: വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപിച്ചും എസ്ഐആര്‍ (സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍) വോട്ടവകാശം നിഷേധിക്കാനുള്ള നീക്കമെന്ന് വാദം ഉയര്‍ത്തിയും രാഹുല്‍ ഗാന്ധി നടത്തിയ ജന്‍ അധികാര്‍ യാത്ര കടന്നുപോയ മണ്ഡലങ്ങളില്‍ കനത്ത തിരിച്ചടി നേരിട്ട് കോണ്‍ഗ്രസ്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2023 ലെ തെലങ്കാന തിരഞ്ഞെടുപ്പിലും രാഹുല്‍ ഗാന്ധി നടത്തിയ യാത്രകള്‍ കോണ്‍ഗ്രസിനു ഗുണം ചെയ്തിരുന്നു. എന്നാല്‍ ബിജെപി വോട്ടുകള്‍ മോഷ്ടിക്കുകയാണെന്ന പ്രചാരണവുമായി രാഹുല്‍ ഗാന്ധി സംസ്ഥാനം മുഴുവന്‍ യാത്ര നടത്തിയെങ്കിലും വോട്ടായി മാറിയില്ല എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ ജോഡോ യാത്രയുടെ മാതൃകയിലായിരുന്നു ബിഹാറിലും വോട്ടര്‍ അധികാര്‍ യാത്ര നടത്തിയത്. സസാറാമില്‍ നിന്ന് ആരംഭിച്ച യാത്ര പട്‌നയില്‍ അവസാനിച്ചപ്പോള്‍ 25 ജില്ലകളും 110 നിയമസഭാ മണ്ഡലങ്ങളും കടന്ന് ഏകദേശം 1,300 കിലോമീറ്റര്‍ പിന്നിട്ടിരുന്നു. എന്നാല്‍ ഈ പാതയിലെ ഒരു മണ്ഡലം പോലും കോണ്‍ഗ്രസിനൊപ്പം നിന്നില്ല.

ബിഹാറിലെ സസാറാമില്‍ നിന്ന് ആരംഭിച്ച യാത്ര 25 ജില്ലകളും 110 നിയമസഭാ മണ്ഡലങ്ങളും കടന്നാണ് പട്‌നയില്‍ അവസാനിച്ചത്. എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവച്ചായിരുന്നു രാഹുല്‍ ഗാന്ധി ജന്‍ അധികാര്‍ യാത്രയ്ക്കായി ബിഹാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചത്. ഏകദേശം 1,300 കിലോമീറ്റര്‍ സഞ്ചരിച്ച യാത്രയില്‍ കണ്ട ആള്‍ക്കൂട്ടം കോണ്‍ഗ്രസിന് വോട്ടായി മാറിയില്ല. അതേസമയം, രാഹുല്‍ ഗാന്ധി ജന്‍ അധികാര്‍ യാത്രയ്ക്കിടെ കുളത്തില്‍ ചാടി സമൂഹമാധ്യമങ്ങളില്‍ വൈറലായ ബെഗുസാരായ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് മാത്രമാണ് പാര്‍ട്ടിക്ക് ആശ്വാസമാകുന്നത്.

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2023 ലെ തെലങ്കാന തെരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്ര തുണച്ചെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. 2022 നും 2024 നും ഇടയില്‍ രാഹുല്‍ നടത്തിയ രണ്ട് പാന്‍-ഇന്ത്യ 'ഭാരത് ജോഡോ' യാത്രകളിലൂടെ 41 സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. തെലങ്കാനയില്‍, അവര്‍ വിജയിക്കുകയും സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. എന്നാല്‍ ബിഹാറില്‍ ഈ നീക്കം അമ്പേ പരാജയപ്പെട്ടു. ബിഹാറിലെ രാഹുലിന്റെ യാത്രയുടെ സംഘാടനത്തിനു പിന്നില്‍ ആര്‍ജെഡിയുടെ കരുത്താണെന്ന് നേരത്തെ ആക്ഷേപം ഉണ്ടായിരുന്നു.

ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും എതിരായ 'വോട്ട് ചോരി' ആരോപണം വോട്ടര്‍മാരെ ബോധ്യപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു എന്നാണ് പാര്‍ട്ടിക്കുള്ളിലെ ആക്ഷേപം. ബിഹാറിലെ പരാജയത്തെക്കുറിച്ച് കോണ്‍ഗ്രസ് ഔദ്യോഗിക വിലയിരുത്തല്‍ നടത്തിയിട്ടില്ലെങ്കിലും, ഘടകകക്ഷികള്‍ക്കിടയിലെ ഐക്യമില്ലായ്മ തിരിച്ചടി ആയെന്നാണ് നിഗമനം. ആര്‍ജെഡിയുടെ തേജസ്വി യാദവിനെ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കാന്‍ കോണ്‍ഗ്രസ് മടിച്ചുനിന്നതും ഇതിലെ പ്രധാന കാരണമാണ്.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ തേരോട്ടത്തില്‍ ആര്‍ജെഡിയടക്കമുള്ള ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികള്‍ പകുതിയായി ചുരുങ്ങിയപ്പോള്‍ കോണ്‍ഗ്രസ് ഒറ്റയക്കത്തിലേക്കാണ് ചുരുങ്ങിയത്. 61 സീറ്റുകളില്‍ മത്സരിച്ച രാജ്യത്തെ ഏറ്റവും പഴക്കംചെന്ന പാര്‍ട്ടിക്ക് ജയിക്കാനായത് രണ്ട് സീറ്റുകളില്‍ മാത്രം. കഴിഞ്ഞ തവണ 70 സീറ്റില്‍ മത്സരിച്ച് 19 സീറ്റുകള്‍ നേടിയിരുന്നു.

ഓരോ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുംതോറും ബിഹാറില്‍ കോണ്‍ഗ്രസ് മെലിഞ്ഞുമെലിഞ്ഞു വരികയാണ്. രാഹുല്‍ ഗാന്ധിയുടെ 'വോട്ടുര്‍ അധികാര്‍ യാത്രയും തൊഴിലില്ലായ്മ, മോശം വിദ്യാഭ്യാസ നിലവാരം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളുയര്‍ത്തിയുള്ള പ്രചാരണങ്ങളും വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ലെന്നും വേണം കരുതാന്‍.

2015-ല്‍ 41 സീറ്റുകളില്‍ മത്സരിച്ച് 27 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു. 2020-ല്‍ കൂടുല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട കോണ്‍ഗ്രസ് 70 സീറ്റുകളില്‍ മത്സരിച്ചു. കിട്ടിയത് 19 സീറ്റുകള്‍ മാത്രം. ഇത്തവണ 61 ഇടത്ത് മത്സരിച്ചപ്പോള്‍ കിട്ടിയത് രണ്ടിടത്ത് മാത്രമാണ് പാര്‍ട്ടി ലീഡ് ചെയ്യുന്നത്.

ബിഹാറില്‍ ഒരുകാലത്ത് പ്രബല ശക്തിയായിരുന്ന കോണ്‍ഗ്രസ് അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയേക്കാളും ചുരുങ്ങിയ നിലയിലെത്തിയിട്ടുണ്ട്. ബീഹാറിലെ 243 നിയോജകമണ്ഡലങ്ങളിലും ദുര്‍ബലമായ സംഘടനാ ശൃംഖലയാണ് കോണ്‍ഗ്രസിനുള്ളത്. ജനങ്ങളെ സംഘടിപ്പിക്കുന്നതിനും വോട്ടര്‍മാരിലേക്ക് എത്തുന്നതിനും പാര്‍ട്ടി ആര്‍ജെഡിയുടെ താഴെത്തട്ടിലുള്ള സംവിധാനങ്ങളെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. പ്രാദേശികമായി സ്വാധീനം ചെലുത്താനോ വ്യക്തമായ രാഷ്ട്രീയ നിലപാട് രൂപീകരിക്കാനോ കഴിവുള്ള ഒരു നേതാവ് കോണ്‍ഗ്രസിനില്ലാത്തതും പാര്‍ട്ടിക്ക് വെല്ലുവിളിയാണ്.

1990-ല്‍ മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്രയുടെ കീഴിലായിരുന്നു സംസ്ഥാനത്ത് പാര്‍ട്ടിയുടെ അവസാനകാലത്തെ നേതൃത്വം. അതിനുശേഷം, സംഘടനാപരമായ തളര്‍ച്ചയും നേതൃശൂന്യതയും മൂലം പാര്‍ട്ടിയുടെ സ്വാധീനം ക്രമേണ കുറഞ്ഞുവരികയായിരുന്നു. സ്വന്തം സഖ്യത്തിനുള്ളില്‍ത്തന്നെയുള്ള തര്‍ക്കങ്ങള്‍ക്ക് പുറമേ വിഭാഗീയതയും സംസ്ഥാന ഘടകത്തിലെ അനൈക്യവും പാര്‍ട്ടിയെ അലട്ടിക്കൊണ്ടിരിക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഏകോപനത്തിലുമുള്ള തര്‍ക്കങ്ങള്‍ പലപ്പോഴും പ്രചാരണത്തില്‍ മുഴച്ചുനിന്നിരുന്നു.

ഇന്ത്യാ സഖ്യത്തിലെ സംയുക്തമായുള്ള തന്ത്രത്തിന്റെ അഭാവവും പ്രധാനമായിരുന്നു. ഇത് മഹാസഖ്യത്തിന്റെ പ്രചാരണം വോട്ടര്‍മാരിലേക്ക് എത്തിക്കുന്നതില്‍ പരാജയപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് താഴെത്തട്ടിലുള്ള പ്രവര്‍ത്തകരില്‍ പുതിയ ഊര്‍ജം പകരാന്‍ കഴിഞ്ഞെങ്കിലും, പ്രചാരണം അവസാനിക്കുമ്പോഴേക്കും അതെല്ലാം ഇല്ലാതായി. തിരഞ്ഞെടുപ്പിലേക്ക് കടന്നപ്പോഴും യാത്രയുടെ ആവേശം മങ്ങിയെന്നും വിലയിരുത്തലുണ്ടായി. അതിനോടൊപ്പം മഹാസഖ്യത്തിലെ കക്ഷികള്‍ക്കിടയിലെ തമ്മിലടി വിഭാഗീയതയ്ക്കും ആശയക്കുഴപ്പത്തിനും ഇടയാക്കി.

ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രാഹുല്‍ ഉന്നയിച്ച വോട്ട് മോഷണ ആരോപണം വോട്ടര്‍മാരെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് ബിഹാര്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എസ്ഐആര്‍ (സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍) വഴി ബീഹാറിലെ ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ വോട്ടവകാശം നിഷേധിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം. വോട്ട് ചോരി യാത്രയില്‍ വമ്പന്‍ ജനപങ്കാളിത്തമുണ്ടായെങ്കിലും വോട്ടായി മാറിയില്ല എന്നാണ് കണക്കുകകള്‍ പറയുന്നത്. മഹാഗത്ബന്ധന്‍ പാര്‍ട്ടികള്‍ക്കിടയിലെ ഐക്യമില്ലായ്മയാണ് എതിരാളികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.