- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ.വി. ഗോപിനാഥിന്റെ നിലപാട് മാറ്റം കോണ്‍ഗ്രസിന് തിരിച്ചടിയായി; ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ലീഡ് നേടിയ പ്രദേശങ്ങള്‍ യുഡിഎഫിന് പ്രതീക്ഷ; തുടര്‍ ഭരണത്തിനായി എല്‍.ഡി.എഫ്; കുഴല്‍മന്ദം ബ്ലോക്കില്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം
കുഴല്‍ മന്ദം: ത്രിതല പഞ്ചായത്ത് സംവിധാനം നിലവില്‍ വന്ന വര്‍ഷം മുതല്‍ ഇടതിനോട് ചേര്‍ന്നു നിന്ന ചരിത്രമാണ് കുഴല്‍മന്ദം ബ്ലോക്കുപഞ്ചായത്തിനുള്ളത്. ഏഴ് ഗ്രാമപഞ്ചായത്തുകളിലായി 13 ഡിവിഷനുകളാണ് കുഴല്‍മന്ദം ബ്ലോക്കിലുള്ളത്. വാര്‍ഡ് പുനര്‍വിഭജനത്തിന്റെ ഭാഗമായി അത് 14 ആയി വര്‍ധിച്ചു. ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകള്‍ യു.ഡി.എഫിന് അനുകൂലമാകുമ്പോഴും ആ പ്രദേശം ഉള്‍പ്പെടുന്ന ബ്ലോക്കുഡിവിഷന്‍ ഇടതുമായി ചേര്‍ന്നുനില്‍ക്കുന്നതായിരുന്നു ഇതുവരെയുള്ള ശീലം.
പെരുങ്ങോട്ടുകുറുശ്ശി, കുഴല്‍മന്ദം, കുത്തനൂര്‍, മാത്തൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ യു.ഡി.എഫ് ആണ് ഭരണ സാരഥികള്‍. കോട്ടായി, കണ്ണാടി, തേങ്കുറുശ്ശി പഞ്ചായത്തുകള്‍ എല്‍.ഡി.എഫുമാണ് ഭരിക്കുന്നത്. പഞ്ചായത്തു തലത്തില്‍ ഉണ്ടാക്കിയ നേട്ടം ബ്ലോക്കുഡിവിഷനില്‍ യു.ഡി.എഫിന് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ തട്ടകമെന്ന് അറിയപ്പെടുന്ന പെരുങ്ങോട്ടുകുറുശ്ശിയിലെ ചൂലനൂര്‍ ബ്ലോക്കുഡിവിഷനില്‍ വിജയിച്ചത് എല്‍.ഡി.എഫാണ്. 13 ഡിവിഷനില്‍ 12ഉം എല്‍.ഡി.എഫ് ആണ് കൈയാളുന്നത്. പരുത്തിപ്പുള്ളി ഡിവിഷന്‍ മാത്രമാണ് യു.ഡി.എഫിനോടൊപ്പം നിന്നത്.
എന്നാല്‍ യുഡിഎഫ് സാന്നിധ്യം നാമമാത്രമായിരുന്ന കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ ഇക്കുറി മത്സരം കടുക്കുമെന്നാണ് വിവരം. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപ്പഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും തുല്യശക്തികളാണെങ്കിലും തുടക്കംമുതല്‍ ബ്ലോക്ക് പഞ്ചായത്ത് ഭരിച്ചത് എല്‍ഡിഎഫാണ്. കഴിഞ്ഞതവണ 13 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് ഒരംഗമായിരുന്നു. ഇത്തവണ ഇദ്ദേഹം എ.വി. ഗോപിനാഥ് നേതൃത്വം നല്‍കുന്ന ഐഡിഎഫിനൊപ്പമായി.
കണ്ണാടി, മാത്തൂര്‍, കോട്ടായി, പെരിങ്ങോട്ടുകുറുശ്ശി, കുത്തനൂര്‍, കുഴല്‍മന്ദം, തേങ്കുറുശ്ശി ഗ്രാമപ്പഞ്ചായത്തുകളാണ് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍. ഇതില്‍ കുഴല്‍മന്ദം, മാത്തൂര്‍, കുത്തനൂര്‍ ഗ്രാമപ്പഞ്ചായത്തുകള്‍ യുഡിഎഫും തേങ്കുറുശ്ശി, കോട്ടായി, കണ്ണാടി ഗ്രാമപ്പഞ്ചായത്തുകള്‍ എല്‍ഡിഎഫുമാണ് ഭരിക്കുന്നത്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്ത് എ.വി. ഗോപിനാഥിന്റെ നിലപാട് മാറ്റത്തോടെ എല്‍ഡിഎഫ് പക്ഷത്തായി.
എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും രണ്ട് ഡിവിഷനുകള്‍ വീതം ഇത്തവണ ആകെ 14 ഡിവിഷന്‍ ആണ്. കുത്തനൂര്‍, കണ്ണാടി, മാത്തൂര്‍, കുഴല്‍മന്ദം ഗ്രാമപ്പഞ്ചായത്തുകളിലെ ഡിവിഷനുകളില്‍ ശക്തമായ മത്സരമാണ്. പൊതുവെ സിപിഎമ്മിന്റെ സ്വാധീനമേഖലയാണ് ബ്ലോക്ക് പരിധി. നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ ലീഡ് ലഭിച്ച പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് യുഡിഎഫിന്റെ പ്രതീക്ഷ. തേങ്കുറുശ്ശി, കുത്തനൂര്‍, മാത്തൂര്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ ബിജെപി ശക്തികേന്ദ്രങ്ങളുണ്ട്.
കുഴല്‍മന്ദം സാമൂഹികാരോഗ്യകേന്ദ്രത്തിലുള്‍പ്പെടെ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ പദ്ധതികളും സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങളും എല്‍ഡിഎഫ് പ്രചാരണ വിഷയമാക്കുന്നു. യുഡിഎഫ് ഇതിനെ ഖണ്ഡിക്കുമ്പോള്‍ കേന്ദ്രത്തിന്റെ ഭരണനേട്ടങ്ങളും മാറ്റത്തിനായുള്ള വോട്ടുമാണ് ബിജെപിയുടെ പ്രചാരണായുധം. നിലവിലെ കക്ഷിനില: എല്‍.ഡി.എഫ്- 12: സി.പി.എം- 11, സി.പി.ഐ -01. യു.ഡി.എഫ് - 01: കോണ്‍ഗ്രസ് - 01.




