- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറ്റ് നിഷേധിച്ചത് സതീശനോ? പെരുമ്പാവൂരിനൊപ്പം പറവൂരും 'വിമത' ഭീഷണിയുമായി എല്‍ദോസ് കുന്നപ്പള്ളി; 'പെരുമ്പാവൂര്‍ കുന്നപ്പിള്ളിക്കൊപ്പം'എന്ന ബാനറുമായി പാര്‍ട്ടി ഓഫിസിലേക്ക് പ്രാദേശിക പ്രവര്‍ത്തകരുടെ പ്രകടനം; കലാപം അടങ്ങാതെ കോണ്‍ഗ്രസ്

പെരുമ്പാവൂര്‍: സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെച്ചൊല്ലി പെരുമ്പാവൂര്‍ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. സീറ്റ് നിഷേധിക്കപ്പെട്ട സിറ്റിങ് എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിക്ക് പിന്തുണയുമായി പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും രംഗത്തിറങ്ങി. കുറുപ്പംപടിയിലെ പാര്‍ട്ടി ഓഫീസിലെത്തിയ ഒരുവിഭാഗം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. പെരുമ്പാവൂര്‍ കുന്നപ്പിള്ളിക്കൊപ്പം എന്ന ബാനറുകളുമായാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.
സീറ്റ് നല്‍കിയില്ലെങ്കില്‍ പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന എല്‍ദോസിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രകടനമെന്നത് ശ്രദ്ധേയമായി. സിറ്റിംഗ് എം എല്‍ എമാരില്‍ തനിക്ക് മാത്രം സീറ്റ് നിഷേധിക്കുന്നത് നീതികേടാണെന്നാണ് എല്‍ദോസിന്റെ പ്രതികരണം. എല്‍ദോസിന് മേല്‍ അനുയായികളുടെ സമ്മര്‍ദവുമുണ്ട്. 'പെരുമ്പാവൂര്‍ കുന്നപ്പള്ളിക്കൊപ്പം' എന്ന ബാനറുയര്‍ത്തിയാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. മനോജ് മൂത്തേടനെ സ്ഥാനാര്‍ഥിയായി അംഗീകരിക്കാനാവില്ലെന്നും ഇദ്ദേഹത്തെ പിന്തുണയ്ക്കില്ലെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്.
അതേസമയം അനുനയ ശ്രമത്തിനായി രമേശ് ചെന്നിത്തല രംഗത്തെത്തിയിട്ടുണ്ട്. എല്‍ദോസുമായടക്കം ചെന്നിത്തല സംസാരിച്ചതായാണ് വിവരം. നേരത്തെ സീറ്റുണ്ടാകുമെന്ന് പ്രതീക്ഷിച്ച് നേതാക്കളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനായി എല്‍ദോസ് രണ്ട് തവണ ഡല്‍ഹിയിലെത്തിയിരുന്നു. പക്ഷേ ഡല്‍ഹി ചര്‍ച്ചകളില്‍ അനുകൂലമായ സമീപനം ഉണ്ടായില്ല. തുടര്‍ന്നാണ് വിമതനായി മത്സരിക്കാനുള്ള നീക്കം എല്‍ദോസ് ശക്തമാക്കിയിരിക്കുന്നത്. വിമതനായി മത്സരിക്കാന്‍ രണ്ട് മണ്ഡലങ്ങളാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. ഒന്ന് സ്വന്തം മണ്ഡലമായ പെരുമ്പാവൂരും രണ്ടാമതായി പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരും. ഇവയില്‍ ഏതെങ്കിലും ഒന്നില്‍ മത്സരിക്കാനാണ് നീക്കം. സീറ്റ് തടഞ്ഞത് സതീശനെന്നാണ് എല്‍ദോസ് ക്യാംപിന്റെ ആരോപണം. ഇത് മുന്‍നിര്‍ത്തിയാണ് പറവൂരിലും മത്സരിക്കാന്‍ ആലോചിക്കുന്നത്.
തൃപ്പൂണിത്തുറയൊഴികെ മറ്റെല്ലായിടത്തും സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കുമെന്ന് കരുതിയിടത്താണ് പെരുമ്പാവൂരില്‍ അപ്രതീക്ഷിത ട്വിസ്റ്റ് സംഭവിച്ചത്. കെപിസിസി തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തിറങ്ങിയ പ്രാദേശിക നേതൃത്വത്തിന്റെ നീക്കം തിരഞ്ഞെടുപ്പ് ഗോദയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്.


