ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിവികെ നേതാവും നടനുമായ വിജയ് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും. പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് വിജയ് മത്സരിക്കുക. ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് ടി നഗറില്‍ നിന്നും ട്രഷറര്‍ വെങ്കട് രമണന്‍ മൈലാപൂരില്‍ നിന്നും മത്സരിക്കും. ആഥവ് അര്‍ജുന വില്ലിവാക്കത്ത് നിന്നാണ് മത്സരിക്കുക. എഐഡിഎംകെയില്‍ നിന്നെത്തിയ മുതിര്‍ന്ന നേതാവായ സെങ്കോട്ടയ്യന്‍ ഗോപിചെട്ടിപ്പാളയത്ത് മത്സരിക്കും.

സി ജോസഫ് വിജയ് എന്ന പേരിലാണ് താന്‍ മത്സരിക്കുക എന്നു പറഞ്ഞുകൊണ്ടായിരുന്നു ചെന്നൈയില്‍ നടന്ന റാലിയില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ടിവികെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയുന്നത് തനിക്ക് ചെയ്യും പോലെയാണെന്നും തന്നെ പോലെ തന്നെ എല്ലാ സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കണമെന്നും വിജയ് അഭ്യര്‍ത്ഥിച്ചു. തനിക്കെതിരായ അനീതികള്‍ക്ക് മറുപടി നല്‍കണം. തമിഴ്‌നാടിന്റെ ഭാവിക്കായി വോട്ട് ചെയ്യണമെന്നും വിജയ് ആവശ്യപ്പെട്ടു. ലഹരി ഇല്ലാത്ത തമിഴ്‌നാട്, ഉന്നത വിദ്യാഭ്യാസത്തിനു 20 ലക്ഷം രൂപ എന്നിങ്ങനെയെല്ലാമാണ് വിജയ്‌യുടെ ഗ്യാരണ്ടികള്‍.

വടക്കന്‍ ചെന്നൈയിലെ ഡിഎംകെ കോട്ടയാണ് പെരമ്പൂര്‍. 2021ല്‍ ഈ മണ്ഡലത്തില്‍ ഡിഎംകെയുടെ ഭൂരിപക്ഷം 54,976 ആണ്. സിറ്റിംഗ് എംഎല്‍എ ആര്‍ ഡി ശേഖര്‍ ആണ് ഇവിടെ ഡിഎംകെ സ്ഥാനാര്‍ഥി. 1967ന് ശേഷം പെരമ്പൂരില്‍ എഐഎഡിഎംകെ ജയിച്ചത് രണ്ട് തവണ മാത്രമാണ്. ഇത്തവണ എഐഎഡിഎംകെ മുന്നണിയില്‍ മത്സരിക്കുന്നത് പിഎംകെ ആണ്. ചെന്നൈയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ള മണ്ഡലം (2,22,792) ആണിത്. എസ്‌ഐആറിലൂടെ 25 ശതമാനത്തോളം വോട്ടര്‍മാരെ നീക്കി. 2011ല്‍ നിലവില്‍ വന്ന മണ്ഡലമാണ് തിരുച്ചിറപ്പള്ളി ഈസ്റ്റ്. 2011ലും 2016ലും എഐഎഡിഎംകെ ജയിച്ചു. 2021ല്‍ ഡിഎംകെയ്ക്ക് 53,797 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണിത്.

29 വയസ് കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തവര്‍ക്ക് മാസം 4000 രൂപ, ഡിപ്ലോമ ഡിഗ്രി ഉള്ളവര്‍ക്ക് മാസം 2500 രൂപ, 75% തമിഴ് തൊഴിലാളികള്‍ ഉള്ള സ്വകാര്യ കമ്പനികള്‍ക്ക് വൈദ്യുതി ബില്ലില്‍ ഇളവ് എന്നിങ്ങനെയാണ് പ്രഖ്യാപനങ്ങള്‍. പ്രധാന മത്സരം ടിവികെയും ഡിഎംകെയും തമ്മിലാണ് എന്നും വിജയ് പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കാന്‍ പോകുന്നവരെ പ്രഖ്യാപിക്കുകയാണ് എന്നാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പായി വിജയ് പറഞ്ഞത്. തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ സാധാരണക്കാരാണ്. അവര്‍ വലിയ സമ്പത്തോ പദവിയോ ഒന്നും ഉള്ളവരല്ല. എന്നാല്‍ സാധാരണക്കാരന്റെ ബുദ്ധിമുട്ടുകള്‍ അറിയുന്നവരാണ് എന്ന് വിജയ് പറഞ്ഞു. ടിവികെ സ്ഥാനാര്‍ത്ഥികള്‍ അഴിമതിക്കാരല്ല എന്നും വിജയ് പറഞ്ഞു. പൊതുപണം പാഴാക്കില്ല എന്നും വഴിവിട്ട് ചിലവാക്കില്ല എന്നും പറഞ്ഞ വിജയ് തങ്ങള്‍ അഴിമതിയില്‍ ഏര്‍പ്പെടില്ലെന്നും, സ്ത്രീ സൗഹൃദ, ലഹരിവിരുദ്ധ തമിഴ്നാടിനെ സൃഷ്ടിക്കുമെന്നും ഉറപ്പ് നല്‍കി.

അതേസമയം, തെരഞ്ഞെടുപ്പിലേക്കുളള സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഡിഎംകെ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഡിഎംകെ അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. ആകെ 234 സീറ്റുകളുളള തമിഴ്നാട് നിയമസഭയില്‍ 164 മണ്ഡലങ്ങളിലാണ് ഡിഎംകെ മത്സരിക്കുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കൊളത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ചെപ്പോക്കില്‍ നിന്നുമാണ് ജനവിധി തേടുന്നത്. എഐഎഡിഎംകെ വിട്ട് കഴിഞ്ഞ മാസം ഡിഎംകെയില്‍ ചേര്‍ന്ന മുന്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ബോഡിനായ്ക്കന്നൂര്‍ മണ്ഡലത്തില്‍ നിന്നാണ് ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. മുന്‍ മന്ത്രി സെന്തില്‍ ബാലാജി കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ നിന്നും ജനവിധി തേടും.