പത്തനംതിട്ട: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ ആദ്യമായി എന്‍ഡിഎ സര്‍ക്കാര്‍ വരാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. പല തവണ കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തെ കാറ്റ് വ്യത്യസ്തമാണെന്നും മോദി പറഞ്ഞു. തിരുവല്ലയിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. ശബരിമല അയ്യപ്പനെ പ്രണമിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. മലയാളത്തില്‍ അഭിസംബോധന ചെയ്ത മോദി കേരളത്തിലെ വികസനം തിരുവല്ലയില്‍ നിന്ന് തുടങ്ങുമെന്ന് വ്യക്തമാക്കി. അനൂപ് ആന്റണിയെ തിരുവല്ലയ്ക്ക് സമര്‍പ്പിക്കുകയാണെന്ന് പറഞ്ഞ മോദി തിരുവല്ലയില്‍ വിജയിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. അനൂപ് ആന്റണി തനിക്കൊപ്പം വര്‍ഷങ്ങളായുണ്ടെന്നും മോദി പറഞ്ഞു. കേരളത്തിലെ പ്രവര്‍ത്തകരുമായി തന്റെ ബൂത്ത് പരിപാടിയില്‍ സംസാരിച്ചു. എല്‍ഡിഎഫിന് വിട നല്‍കാന്‍ കേരളം തയ്യാറാണെന്ന് അതിലൂടെ മനസിലായി. തന്നെ കാണാന്‍ ഹെലിപാഡിന് സമീപം റോഡ് ഷോക്ക് എത്തിയപോലെ ജനങ്ങള്‍ തടിച്ചുകൂടിയിരിക്കുന്നു. റോഡിന് ഇരുവശവും ജനങ്ങളുണ്ടായിരുന്നു.

കുമ്മനം രാജശേഖരന്‍, അനൂപ് ആന്റണി അടക്കമുള്ള സ്ഥാനാര്‍ത്ഥികളുടെ കൈപിടിച്ച് ഉയര്‍ത്തിയാണ് മോദി സദസിനെ അഭിവാദ്യം ചെയ്തത്. വേദിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മോദിക്കൊപ്പം അണിനിരന്നു. തിരുവല്ലയിലെ കണ്‍വെന്‍ഷനില്‍ 11 എന്‍ഡിഎ സ്ഥാനാര്‍ഥികളാണ് പങ്കെടുക്കുന്നത്. തിരുവല്ലയിലെ എന്‍ഡിഎ കണ്‍വെന്‍ഷന്‍ വേദിയിലെത്തിയ മോദിക്ക് ക്രിസ്തുവിന്റെ രൂപം നല്‍കിയാണ് ബിജെപി നേതാവ് സ്വീകരിച്ചത്. കോട്ടയം ജില്ലാ കമ്മിറ്റിയാണ് മോദിക്ക് തിരുരൂപം നല്‍കിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി അനൂപ് ആന്റണിയും ജനറല്‍ സെക്രട്ടറി എസ്. സുരേഷും നല്‍കിയ പടയണിയുടെ തപ്പ് കൊട്ടി മോദി ബിജെപി പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി. മലയാളത്തിലാണ് മോദി തന്റെ പ്രസംഗം ആരംഭിച്ചത്.

'കേരളത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ, എല്ലാവര്‍ക്കും എന്റെ നമസ്‌കാരം' എന്ന് മലയാളത്തില്‍ പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം പ്രസംഗം ആരംഭിച്ചത്. തിരുവല്ലയെ ശ്രീ വല്ലഭന്റെ പവിത്രഭൂമിയെന്നും ശബരിമല തീര്‍ത്ഥാടനത്തിന്റെ പുണ്യഭൂമിയെന്നും വിശേഷിപ്പിച്ച് സ്വാമി അയ്യപ്പനെ പ്രണമിക്കുന്നതായും അദ്ദേഹം പറഞ്ഞു.കേരളത്തിന്റെ സമഗ്ര വികസനം തിരുവല്ലയില്‍ നിന്ന് തുടങ്ങണമെന്നും വരും വര്‍ഷങ്ങളില്‍ കേരളം വികസന പാതയില്‍ കുതിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''അനൂപ് ആന്റണി കഴിഞ്ഞ 5 വര്‍ഷമായി എനിക്കു വേണ്ടി ജോലി ചെയ്യുന്ന ആളാണ്. രാജ്യം മൊത്തം എനിക്കു വേണ്ടി സഞ്ചരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശക്തിയെപ്പറ്റി എനിക്ക് അറിയാം. കുറേ കാലമായി എന്റെ വലംകൈയ്യായി അനൂപ് പ്രവര്‍ത്തിക്കുകയാണ്. അത് നിങ്ങള്‍ക്ക് ആര്‍ക്കും അറിയില്ല. ഇനി അനൂപിന്റെ സംഭാവന നാടിനു ലഭിക്കാന്‍ പോവുകയാണ്. തിരുവല്ലയിലെ ജനങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി'' പ്രധാനമന്ത്രി പറഞ്ഞു.

കേരളം വികസനത്തിന്റെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വളരെ പിന്നിലാണ്. ഗ്രാമീണ ഇട റോഡുകളുടെയൊക്കെ അവസ്ഥ പരിതാപകരമാണ്. തൊട്ടടുത്തുള്ള കോട്ടയം മെഡിക്കല്‍ കോളജിന്റെ അവസ്ഥ പരിതാപകരമാണ്. കേരളത്തില്‍ നാളിതു വരെ ബിജെപി സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. എന്നിട്ടും കേരളത്തിന്റെ വികസനത്തിനു വേണ്ടി ഒരവസരവും ഞങ്ങള്‍ പാഴാക്കിയിട്ടില്ല. കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ച സമയത്തെക്കാള്‍ അഞ്ച് ഇരട്ടി പണമാണ് എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തിനു വേണ്ടി നല്‍കിയത്.'മോദി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ മൂന്നാം ഘട്ട പ്രചാരണം ആവേശം പകര്‍ന്നാണ് പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തിയത്.ചങ്ങനാശ്ശേരിയില്‍ എന്‍എന്‍എസ് ഹിന്ദു കോളേജില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാര്‍ഗം തിരുവല്ലയിലെത്തി.പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരുമുള്‍പ്പെടെ നിരവധി കേന്ദ്ര നേതാക്കളാണ് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തില്‍ എത്തുന്നത്. എന്‍ഡിഎ ക്യാമ്പിന് ആവേശം പകര്‍ന്നുകൊണ്ടാണ് കേന്ദ്ര നേതാക്കളുടെ പ്രചാരണം മുന്നോട്ട് പോവുന്നത്. വഴിനീളെ പ്രധാനമന്ത്രിയെ കാണാന്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. റോഡ് ഷോ ഇല്ലെങ്കിലും പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് മോദി വേദിയിലെത്തിയത്. തിരുവല്ലയിലെ പരിപാടിക്കുശേഷം പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് പോകും. തിരുവനന്തപുരത്ത് മോദിയുടെ റോഡ് ഷോ നടക്കും.

പത്തനംതിട്ടയിലെയും സമീപ മണ്ഡലങ്ങളിലെയും പതിനായിരക്കണക്കിന് പ്രവര്‍ത്തകരാണ് പ്രധാനമന്ത്രിയെ കാണാന്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.സാംസ്‌കാരിക തനിമ വിളിച്ചോതുന്ന സ്വീകരണമാണ് തിരുവല്ലയില്‍ പ്രധാനമന്ത്രിക്ക് ലഭിച്ചത്. ബിജെപി നേതാവ് അനൂപ് ആന്റണി പടയണി തപ്പ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. തപ്പില്‍ താളം പിടിച്ച് മോദി ജനസാഗരത്തെ ആവേശത്തിലാഴ്ത്തി. ന്യൂനപക്ഷ സ്വാധീനമേഖലയായ തിരുവല്ലയില്‍ ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി പ്രധാനമന്ത്രിക്ക് ക്രിസ്തുരൂപവും സമ്മാനമായി നല്‍കി. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും പ്രധാനമന്ത്രിയോടൊപ്പം വേദിയില്‍ അണിനിരന്നു.