മലപ്പുറം: യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിസ്ഥാനത്തിന് വേണ്ടി കോണ്‍ഗ്രസിനോട് ഒരു തരത്തിലുള്ള വിലപേശലിനും മുസ്ലിം ലീഗ് മുതിരില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. നേരത്തെ തന്നെ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിലപേശലിന് ഇല്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്. അധികാര പങ്കാളിത്തം സംബന്ധിച്ച എല്ലാ കാര്യങ്ങളും മുന്നണിക്കുള്ളിലെ സൗഹൃദപരമായ ചര്‍ച്ചകളിലൂടെ ആലോചിച്ച് തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ആരാകണം മുഖ്യമന്ത്രി എന്നത് കോണ്‍ഗ്രസ് തീരുമാനിക്കേണ്ട കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കോ ചര്‍ച്ചകള്‍ക്കോ ലീഗ് പ്രസക്തി നല്‍കുന്നില്ല. നിലവില്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിലനിര്‍ത്തേണ്ടതില്ലെന്നും അതൊക്കെ 'ഔട്ട്ഡേറ്റഡ്' ആയ കാര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങള്‍ അനാവശ്യ തര്‍ക്കങ്ങള്‍ക്കായി ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ഒരു എണ്ണയിട്ട യന്ത്രം പോലെയാണ് യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ താഴെത്തട്ടിലുള്ള പ്രചാരണം വരെ വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് പൂര്‍ത്തിയാക്കിയത്. ലീഗ് മത്സരിച്ച എല്ലാ സീറ്റുകളിലും മികച്ച വിജയപ്രതീക്ഷയുണ്ടെന്നും ബഹുഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും കുഞ്ഞാലിക്കുട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സിപിഎമ്മിന്റെ രാഷ്ട്രീയ ശൈലിയെയും അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. സിപിഎം എപ്പോഴും മുസ്ലിം ലീഗിനെ കടന്നാക്രമിക്കാനാണ് ശ്രമിക്കാറുള്ളത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്തെ 'കാഫിര്‍' പ്രയോഗം ഇതിന് ഉദാഹരണമാണ്. ഇത്തരം വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ അവര്‍ ആവര്‍ത്തിക്കുന്നത് അവര്‍ക്ക് തന്നെ ദോഷം ചെയ്യുമെന്നും ഇത്തരം നീക്കങ്ങളെ ജനങ്ങള്‍ തള്ളിക്കളയുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.