പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പിന് തൊട്ടുതലേന്ന് രാഷ്ട്രീയ പോര് അത്യന്തം നാടകീയമായ തലത്തിലേക്ക് നീങ്ങുന്നു. വോട്ടര്‍ക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ച പ്രതിരോധങ്ങള്‍ ഓരോന്നായി പൊളിയുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. പണം നല്‍കിയെന്ന് പറയപ്പെടുന്ന യുവതിയെ തനിക്ക് അറിയില്ലെന്ന ശോഭയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു.

ശോഭയുടെ വാദങ്ങള്‍ പൊളിച്ച് ചിത്രങ്ങള്‍

'കണ്ണാടി'യില്‍ വയോധികയ്ക്ക് പണം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന വെള്ള ചുരിദാര്‍ ധരിച്ച യുവതിയെ തനിക്ക് അറിയില്ലെന്നും അവര്‍ തന്റെ കാറില്‍ ഉണ്ടായിരുന്നില്ലെന്നുമാണ് ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍, പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ ശോഭാ സുരേന്ദ്രനൊപ്പം സിമി സജീവ്

എന്ന യുവതി നില്‍ക്കുന്ന ചിത്രം കോണ്‍ഗ്രസ് പുറത്തുവിട്ടു.

കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ബിജെപി ഓഫീസില്‍ എത്തിയപ്പോള്‍ ഇതേ യുവതി അവിടെ ഉണ്ടായിരുന്നുവെന്നും ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. യുവതി ശോഭയുടെ കാറില്‍ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന കൂടുതല്‍ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടതോടെ ബിജെപി പ്രതിരോധത്തിലായിരിക്കുകയാണ്.

'വേട്ടയാടല്‍' വാദവും ശോഭയുടെ പ്രതികരണവും

തന്നെ വേട്ടയാടാന്‍ കോണ്‍ഗ്രസ് തയ്യാറാക്കിയ തിരക്കഥയാണിതെന്നും ആരോപണങ്ങള്‍ വെറും 'ഉണ്ടയില്ലാ വെടി'യാണെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ തുറന്നടിച്ചു. ഇതിനിടെ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ലയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പണം കൈമാറിയിട്ടില്ലെന്ന് വയോധികയും കുടുംബവും മൊഴി നല്‍കിയതോടെ ആരോപണങ്ങളുടെ മുന ഒടിഞ്ഞിരിക്കുകയാണ്.

വയോധികയ്ക്ക് പണം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന, വെള്ള ചുരിദാര്‍ ധരിച്ച സ്ത്രീ തന്റെ കാറില്‍ കയറിയിട്ടില്ലെന്ന് ശോഭ വ്യക്തമാക്കി. ബിജെപി ജയിക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ വ്യാജ ദൃശ്യങ്ങളാണിതെന്ന് അവര്‍ ആരോപിച്ചു. വിനേഷ് എന്നയാള്‍ ഓടിച്ചിരുന്ന കാറില്‍ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്തുടര്‍ന്നു. സഭ്യമല്ലാത്ത രീതിയില്‍ ആംഗ്യം കാണിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് താന്‍ ചെയ്തത്. ഒരു സ്ത്രീ എന്ന നിലയില്‍ ഇത്തരം അതിക്രമങ്ങള്‍ കണ്ടുനില്‍ക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും ശോഭ പറഞ്ഞു.

കണ്ണാടിയില്‍ എത്തിയത് വോട്ടുപിടിക്കാനല്ല, മറിച്ച് അവിടെയുള്ള ഒരു ക്യാന്‍സര്‍ രോഗിയെ സന്ദര്‍ശിക്കാനാണെന്ന് അവര്‍ ആവര്‍ത്തിച്ചു.

ശോഭ സുരേന്ദ്രന്റെ വാക്കുകള്‍ ഇങ്ങനെ:

'എന്നെ വേട്ടയാടാന്‍ നിങ്ങള്‍ പരിശ്രമിച്ചതിന്റെ വാര്‍ത്ത കണ്ടു. പാലക്കാട്ടെ വോട്ടര്‍മാരെ മുഴുവന്‍ മാധ്യമങ്ങള്‍ അപമാനിച്ചു. പാലക്കാട്ടെ വോട്ടര്‍മാര്‍ പണം വാങ്ങി വോട്ടു ചെയ്യുന്നവരാണ് എന്ന രീതിയിലാണ് മാധ്യമങ്ങള്‍ ആ വാര്‍ത്ത സംപ്രേഷണം ചെയ്തത്. ഒരു മണിക്കൂറിലേറെ കാര്‍ എന്നെ പിന്തുടര്‍ന്നു. ആ കാറിനുള്ളില്‍ രണ്ട് ചെറുപ്പക്കാര്‍ ബാക്കിലിരിക്കുകയാണ്. ഒരു സ്ത്രീ മുഖം മറച്ച് ഫ്രണ്ടിലുണ്ടായിരുന്നു. അങ്ങനെ യാത്ര ചെയ്ത് ഓരോ സ്റ്റോപിലും ഞാനിറങ്ങുമ്പോള്‍ ആ കാര്‍ എന്റെ പിന്നില്‍ നിന്നു. എന്തിനാണ് ആ കാര്‍ ശോഭാ സുരേന്ദ്രനെ പിന്തുടര്‍ന്നത്? ആ കാറിന്റെ ഫോട്ടോയും നമ്പറും എന്റെ കയ്യിലുണ്ട്. ഇന്നലെ തന്നെ പാലക്കാട് ജില്ലാ കലക്ടര്‍ക്ക് എനിക്കെതിരെ പരാതി ലഭിച്ചു. ശോഭാ സുരേന്ദ്രന്‍ വോട്ടര്‍മാര്‍ക്ക് പൈസ കൊടുക്കുന്നതായിട്ടാണ് പരാതി. ആദ്യം പരാതി തയാറാക്കി, അത് കലക്ടര്‍ക്ക് കൊടുത്തു. ഫ്‌ലൈയിങ് സ്‌ക്വാഡിനെ റെഡിയാക്കി, കഥ തയാറാക്കി. ഇതെല്ലാം ചെയ്ത ശേഷമാണ് കാറിലെ ചെറുപ്പക്കാര്‍ പിന്തുടര്‍ന്നത്. ഒരാള്‍ കഥയുണ്ടാക്കുന്നു. തിരക്കഥ മറ്റൊരാള്‍ തയാറാക്കുന്നു. അത് മാധ്യമപ്രവര്‍ത്തകര്‍ ഏറ്റെടുക്കുന്നു. എന്താണ് എന്റെ ഭാഗം എന്ന് കേള്‍ക്കാന്‍ ആരും തയാറായില്ല. എന്നെ വ്യക്തിപരമായി വേട്ടയാടുന്നു. ആ വീട്ടിലെ അമ്മയെ സമ്മര്‍ദത്തിലാക്കിയിട്ടും മാധ്യമപ്രവര്‍ത്തകര്‍ക്ക് തൊണ്ടി കിട്ടിയോ? ആ അമ്മ പണം ആരെങ്കിലും തന്നുവെന്ന് പറഞ്ഞോ? ആ കഥയും പൊളിഞ്ഞില്ലേ?

അമ്മയുടെ പ്രായമുള്ള എന്നെ നോക്കി 23 വയസുള്ള കുട്ടി , സെക്ഷ്വലി ഹറാസ്‌മെന്റ് ചെയ്യുന്ന ഒരാക്ഷന്‍ മൂന്ന് തവണ കാണിച്ചാല്‍ ഞാന്‍ കാര്‍ നിര്‍ത്തി അവന്റെ അടുത്തേക്ക് ചെല്ലേണ്ട എന്നാണോ പറയുന്നത്? ഇന്നലെ രാത്രി ചന്ദ്രനഗറില്‍ നീ വന്നതെന്തിനാണെന്ന് ഞാന്‍ അവനോട് ചോദിക്കുന്നത് എന്റെ വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാം. വിനേഷ് സര്‍ഗ എന്നാണ് അവന്റെ പേര്. പൊലീസ് കേസുണ്ട്. നിരവധി കേസുകളില്‍ പ്രതിയായ യുവാവാണ്. കാറില്‍ രണ്ട് ഗുണ്ടകളെയും കയറ്റി സ്വന്തം അമ്മയ്ക്ക് തുല്യമായി കാണേണ്ട സ്ത്രീയെ മോശമായി നോക്കിയത് കൊണ്ടാണ് ചോദിക്കാന്‍ ചെയ്തത്. വൃത്തികെട്ട രീതിയിലാണ് അധിക്ഷേപമുണ്ടായത്. പണം കൊടുക്കാന്‍ വന്ന സ്ത്രീ കോണ്‍ഗ്രസ് വിട്ട സ്ത്രീയാണ്. എന്റെ കൂടെ കാറില്‍ ആ സ്ത്രീ ഇല്ല. മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തുകയാണ് എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, പണം കൊടുത്ത സ്ത്രീ ശോഭാസുരേന്ദ്രന്‍ സഞ്ചരിച്ച കാറിനുള്ളിലാണ് യാത്ര ചെയ്തതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാര്‍ നിര്‍ത്തി ശോഭാ സുരേന്ദ്രന്‍ പുറത്തേക്ക് ഇറങ്ങിയ ശേഷം ആ സ്ത്രീയെ വിളിച്ച് കാറില്‍ നിന്നിറക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

വയോധികയുടെ മൊഴിയും ഫ്‌ലയിംഗ് സ്‌ക്വാഡ് അന്വേഷണവും

ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് ഫ്‌ലയിംഗ് സ്‌ക്വാഡും സ്‌പെഷ്യല്‍ ബ്രാഞ്ചും കണ്ണാടിയിലെ വയോധികയുടെ വീട്ടിലെത്തി പരിശോധന നടത്തി. തനിക്ക് ആരും പണം നല്‍കിയിട്ടില്ലെന്നും കയ്യിലുണ്ടായിരുന്ന പണം സ്വന്തം സമ്പാദ്യമാണെന്നുമാണ് വയോധിക ഉദ്യോഗസ്ഥരോട് പറഞ്ഞത്. ആദ്യം മാധ്യമങ്ങളോട് പണം ലഭിച്ചെന്ന് പറഞ്ഞ വയോധിക പിന്നീട് മൊഴി മാറ്റിയത് വലിയ ചര്‍ച്ചയായിട്ടുണ്ട്. പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയതെന്നും ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.