കോഴിക്കോട്: പേരാമ്പ്രയിലെ വിവാദമായ 'ഖൗമിലെ കുട്ടി' വര്‍ഗീയ അനൗണ്‍സ്‌മെന്റില്‍ യു ടേണ്‍ അടിച്ച് സിപിഎം. പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ടി പി രാമകൃഷ്ണന്റെ അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ നിന്ന് നടത്തിയ വിവാദ പരാമര്‍ശങ്ങളിലാണ് നിലപാട് മാറ്റിയത്.

സ്ഥാനാര്‍ഥിയുടേയോ മുന്നണിയുടേയോ അറിവോടയല്ല അനൗണ്‍സ്‌മെന്റ് ഉണ്ടായതെന്ന് ടി.പി. രാമകൃഷ്ണന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ വിശദീകരണത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്. തെറ്റായ രീതിയില്‍ അനൗണ്‍സ്‌മെന്റ് പോകുന്നുണ്ടെന്ന് മനസിലായ ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി. മതവിദ്വേഷ പ്രചാരണം എല്‍ഡിഎഫിന്റെ നയമല്ലെന്നും വിശദീകരണത്തില്‍ പറഞ്ഞു. എന്നാല്‍, വിവാദപരാമര്‍ശം തങ്ങളുടേതല്ല എന്നായിരുന്നു ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥി മാധ്യമങ്ങളോടും മറ്റും പ്രതികരിച്ചിരുന്നത്. ഇതില്‍നിന്ന് മാറിയാണ് ഇപ്പോള്‍ നല്‍കിയ വിശദീകരണം.

'പേരാമ്പ്രയുടെ മണ്ണില്‍ ഒരു സഹോദരിയെ സ്ഥാനാര്‍ഥിയാക്കി മുസ്ലിം ലീഗ് നടത്തുന്ന സ്വകാര്യപ്രചാരണം, നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്നാണ്. മത ഏകീകരണത്തിന്റെ ചിന്നംവിളിയാണ് ലീഗ് നടത്തുന്നത്. സമത്വബോധമുള്ള മനുഷ്യര്‍ ഇത് ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്' എന്നായിരുന്നു വിവാദ അനൗണ്‍സ്‌മെന്റ്.

ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം തെളിവായി നല്‍കിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്. അതിനുപിന്നാലെ, സമുദായത്തിന്റെ പേരില്‍ വോട്ടുചോദിച്ചെന്ന ആരോപണവുമായി ഫാത്തിമ തഹ്‌ലിയക്കെതിരെയും എല്‍.ഡി.എഫ് പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ തഹ്‌ലിയ ഇന്ന് വിശദീകരണം നല്‍കും.