കൊച്ചി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഒരു കാര്യവിവരമില്ലാത്ത ആളെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. പ്രാദേശിക നേതാവിന്റെ കാര്യവിവരം പോലും ദേശീയ നേതാവിനില്ല. ഒരുകാര്യവും നേരെ ചൊവ്വെ മനസിലാക്കാനുള്ള കഴിവ് രാഹുല്‍ഗാന്ധിക്കില്ല. രാഹുല്‍ ഗാന്ധി കണ്ടാലും െകാണ്ടാലും പഠിക്കില്ല. രാഹുല്‍ പ്രവര്‍ത്തിക്കുന്നത് ബിജെപിയുടെ ബി ടീമായാണ്. ബിജെപിയെ സാഹായിക്കുന്ന സമീപനമാണ് എടുക്കുന്നത്. ഇത്രമാത്രം അധപതനം കോണ്‍ഗ്രസിന്റെ ആദരണീയനായ നേതാവിനുണ്ടാകുന്നത് എങ്ങനെ എന്ന് ഒരുകാലത്തും മനസിലാകുന്നില്ല. രാഹുല്‍ ഗാന്ധിയുടെ സി.പി.എം. ബി.ജെ.പി. ഡീല്‍ ആരോപണത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.

വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചത് രാഹുലും കോണ്‍ഗ്രസും സ്വീകരിച്ച നിലപാടുകളാണ്. ബിജെപി- ഇതര രാഷ്ട്രീയകക്ഷികളുടെ കൂട്ടായ്മകളെ ശിഥിലമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ ബിജെപിയും സിപിഐ എം നേതാക്കളും തമ്മില്‍ അവിശുദ്ധമായ സന്ധി നിലനില്‍ക്കുന്നുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവാണെങ്കിലും പ്രാദേശിക പ്രവര്‍ത്തകന്റെ കാര്യവിവരം പോലും രാഹുല്‍ ഗാന്ധിക്കില്ല. എത്ര കണ്ടാലും കൊണ്ടാലും പഠിക്കുന്നില്ല. എല്ലായിടങ്ങളിലും ബിജെപിയെ സഹായിക്കുന്ന സമീപനമാണ് രാഹുല്‍ സ്വീകരിക്കുന്നത്. പ്രതിപക്ഷ രാഷ്ട്രീയകക്ഷി നേതാക്കള്‍ക്കെതിരെ കേസെടുകളെടുത്ത് ബിജെപി വേട്ടയാടുന്നുണ്ട്. ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ മന്ത്രിസഭയിലെ ഒരംഗത്തെ അറസ്റ്റ് ചെയ്തപ്പോള്‍ എന്തുകൊണ്ട് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് രാഹുല്‍ ചോദിച്ചത്. പിന്നീട് കോടതി കെജ്‌രിവാളിനെ കുറ്റവിമുക്തനാക്കിയപ്പോള്‍ ബിജെപിക്ക് മാത്രമല്ല, രാഹുല്‍ ഗാന്ധിയുടെ മുഖത്തുമാണ് അടിയേറ്റ്.

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരാതിരിക്കാനുള്ള നിലപാടല്ല കോണ്‍ഗ്രസ് സ്വീകരിച്ചത്. ജയസാധ്യതയുണ്ടായിരുന്ന എഎപിക്കെതിരെയായിരുന്നു കോണ്‍?ഗ്രസ്. ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ ഇടയാക്കിയത് കോണ്‍ഗ്രസിന്റെ സമീപനമാണ്. ബിജെപിയുടെ സഖ്യകകക്ഷിയെപ്പലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത്.

ഹരിയാനയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് ആരും കണക്കാക്കിയിരുന്നില്ല. ബിജെപിയെ നേരിടാന്‍ ഇതര രാഷ്ട്രീയകക്ഷികള്‍ കൂട്ടായ്മ രൂപീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെയും കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നിലപാടെടുത്തു. അതിന്റെ ഫലമായി ബിജെപി-ഇതര വോട്ടുകള്‍ ശിഥിലീകരിക്കുകയും ബിജെപി അധികാരത്തിലെത്തുകയും ചെയ്തു. ബിഹാര്‍ അടക്കമുള്ള തെരഞ്ഞെടുപ്പുകളിലും മറ്റൊന്നല്ല കണ്ടത്. രംഗമാകെ കലുഷിതമാക്കി ബിജെപിയെ സഹായിക്കുകയാണ് കോണ്‍ഗ്രസ്. യോജിക്കേണ്ട കക്ഷികള്‍ തമ്മിലെ യോജിപ്പിന് പകരം സംഘര്‍ഷമുണ്ടാക്കുന്നത് കോണ്‍ഗ്രസാണ്. ഇതിനെല്ലാം നേതൃത്വം നല്‍കുന്നത് രാഹുല്‍ ഗാന്ധിയാണ്.

സിപിഎമ്മും ഇടതുപക്ഷവും എക്കാലത്തും ബിജെപിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. നേമത്തും തൃശൂരിലും ബിജെപിയെ വിജയിപ്പിച്ചത് കോണ്‍ഗ്രസാണ്. ഇവിടങ്ങളില്‍ കോണ്‍ഗ്രസ് വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. തദ്ദേശ സ്ഥാപനങ്ങളില്‍ ബിജെപിയുമായി യോജിച്ചാണ് യുഡിഎഫ് മത്സരിച്ചത്. പല തദ്ദേശ സ്ഥാപനങ്ങളിലും സ്ഥാനം ഒന്നിച്ചുപങ്കിട്ടു. ബിജെപിക്കും കോണ്‍ഗ്രസിനും എന്നും ഒരേ മനസാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്ന് കാണുമ്പോള്‍ ജനങ്ങളില്‍ എതിര്‍വികാരമുണ്ടാക്കാനാണ് ഇപ്പോള്‍ ഡീല്‍ ആരോപണം യുഡിഎഫ് ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, എല്ലാപാര്‍ട്ടിയിലുള്ളവരും വിമര്‍ശനത്തില്‍ അന്തസ് പാലിക്കണമെന്ന് മുഖ്യമന്ത്രി. പൊതുരംഗത്തുള്ള സ്ത്രീകളെ ഇത്തരത്തില്‍ വിമര്‍ശിക്കുന്നത് തെറ്റാണ്. കെ.സി വേണുഗോപാല്‍ ഇരുന്ന വേദിയിലാണ് വനിതയെ അപമാനിക്കുന്ന പരാമര്‍ശമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. യു.പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.