- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിക്കാരന്റെ ജീവനെടുത്ത രാഷ്ട്രീയ പക കക്കോടില്‍; ആവിടേയും ഇത്തവണ താമര ചിഹ്നത്തില്‍ മത്സരിക്കാന്‍ ആളില്ല; ഒത്തുകളി സംശയിച്ച് കോണ്‍ഗ്രസ്; പുനലൂര്‍ നഗരസഭയിലെ 13 വാര്‍ഡില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്തത് ചര്‍ച്ചകളില്‍
കൊല്ലം: പുനലൂര്‍ നഗരസഭയില്‍ പലയിടത്തും സ്ഥാനാര്‍ഥികളെ നിര്‍ത്താതെയുള്ള ബിജെപി നീക്കം ചര്‍ച്ചകളില്‍. പിന്നില്‍ സിപിഎം-ബിജെപി അന്തര്‍ധാരയെന്ന ചര്‍ച്ച കോണ്‍ഗ്രസ് ഉയര്‍ത്തുന്നു. 13 വാര്‍ഡുകളിലാണ് ബിജെപി ഇക്കുറി സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനിടെ പുനലൂര്‍ നഗരസഭയില്‍ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ബിജെപി സ്ഥാനാര്‍ഥി കൊല്ലപ്പെട്ട കക്കോട് വാര്‍ഡില്‍ അടക്കം ബിജെപി മത്സരിക്കുന്നില്ല.
കക്കോട് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി സുമേഷ് ആണ് രണ്ടുവര്‍ഷം മുന്‍പുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ സിപിഎം കൗണ്‍സിലര്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്തിരുന്നു. കുതിരച്ചിറ എന്ന പുതിയ വാര്‍ഡ് കൂടി രൂപപ്പെട്ടതോടെ നിലവില്‍ 36 വാര്‍ഡുകളാണ് പുനലൂര്‍ നഗരസഭയില്‍ ഉള്ളത്. സമീപ പഞ്ചായത്തുകളില്‍ ഒട്ടുമിക്ക സീറ്റുകളിലും ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയപ്പോഴാണ് കഴിഞ്ഞ തവണ മികച്ച മത്സരം കാഴ്ചവച്ച പുനലൂരിലെ 13 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്നത്. ഇതില്‍ ഒത്തുകളിയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
ഐക്കരക്കോണം. ശാസ്താംകോണം, കാഞ്ഞിരമല, ചാലക്കോട്, പേപ്പര്‍മില്‍, നെടുങ്കയം, മുസാവരി, നെല്ലിപ്പള്ളി, വിളക്കുവെട്ടം, കല്ലാര്‍, തുമ്പോട്, വാളക്കോട്, ഗ്രേസിങ് ബ്ലോക്ക്, ചെമ്മന്തൂര്‍ എന്നീ വാര്‍ഡുകളിലാണ് ബിജെപിക്ക് സ്ഥാനാര്‍ഥികള്‍ ഇല്ലാത്തത്. ഇതില്‍ ഐക്കരക്കോണം, ശാസ്താംകോണം വാര്‍ഡുകളില്‍ കഴിഞ്ഞതവണ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. യുഡിഎഫിന് വിജയസാധ്യതയുള്ള എല്ലാ വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.
ഇവിടെ മികച്ച പ്രചാരണവും നടക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ 6 സിറ്റിങ് കൗണ്‍സിലര്‍മാര്‍ മത്സരിക്കുന്ന വാര്‍ഡുകളില്‍ കല്ലാര്‍, നെടുങ്കയം വാര്‍ഡുകള്‍ ഒഴികെ മറ്റെല്ലായിടത്തും ബിജെപിക്ക് സ്ഥാനാര്‍ഥികള്‍ ഉണ്ട്. കഴിഞ്ഞതവണ ആകെയുള്ള 35 സീറ്റുകളില്‍ 21 സീറ്റുകളില്‍ എല്‍ഡിഎഫും 14 സീറ്റുകളില്‍ യുഡിഎഫും ആണ് വിജയിച്ചത്.




