തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ നേർന്ന് രമേശ് പിഷാരടി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല മുന്നേറ്റമാണ് നടത്തിയത്. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെല്ലാം ആധിപത്യം സ്ഥാപിച്ച യുഡിഎഫ്, എൽഡിഎഫിന്റെ ഉറച്ച കോട്ടകളിൽ പലതും തകർത്തു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ രാഷ്ട്രീയ, സിനിമാ മേഖലകളിൽ നിന്നുള്ള പ്രമുഖർ പ്രതികരണങ്ങളുമായി രംഗത്തെത്തി.

വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ഫെയ്‌സ്ബുക്കിലൂടെയാണ് രമേശ് പിഷാരടി ആശംസകൾ നേർന്നത്. 'അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ' എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. 'ജനാധിപത്യമാണ്, ജനങ്ങളാണ് വിജയശിൽപ്പികൾ' എന്നും പിഷാരടി കൂട്ടിച്ചേർത്തു.

എൽഡിഎഫിന് കൊല്ലം, തിരുവനന്തപുരം, കൊച്ചി, തൃശൂർ തുടങ്ങിയ പ്രധാന കോർപ്പറേഷനുകളിലും വലിയ തിരിച്ചടി നേരിട്ടു. കോഴിക്കോട് കോർപ്പറേഷനിൽ മാത്രമാണ് എൽഡിഎഫിന് നിലവിൽ കാര്യമായ മുന്നേറ്റം നിലനിർത്താൻ കഴിഞ്ഞത്. ഗ്രാമപഞ്ചായത്തുകളിലെ 2186 വാർഡുകളിലും, ബ്ലോക്ക് പഞ്ചായത്തുകളിലെ 76 വാർഡുകളിലും, മുനിസിപ്പാലിറ്റികളിലെ 1333 വാർഡുകളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഴിമതി ഭരണത്തിനെതിരെ ജനമുണരുന്നു എന്ന് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചു. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടം, 'ജനം പ്രബുദ്ധരാണ്, എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, എത്ര മറച്ചാലും അവർ കാണേണ്ടത് അവർ കാണുക തന്നെ ചെയ്യും' എന്ന് കുറിച്ചു. ഒളിവ് അവസാനിപ്പിച്ചതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ പ്രതികരണം കൂടിയാണിത്.

തിരഞ്ഞെടുപ്പിൽ ഒളിവിലിരുന്ന് മത്സരിച്ച ഫ്രഷ്കട്ട് സമരനായകൻ ബാബു കുടുക്കിലിന് വിജയം നേടാനായി. രാഹുലിന് അടുപ്പമുണ്ടായിരുന്നവരിൽ റെനോ വിജയിച്ചപ്പോൾ ഫെനി തോൽവി അറിഞ്ഞു. റോബിൻ ബസ് ഉടമ ഗിരീഷിനും പരാജയം നേരിട്ടു.