ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്വതന്ത്രന്‍ ജി. സുധാകരനെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ രാഷ്ട്രീയ ധാര്‍മികത ജി. സുധാകരനില്ലെന്ന് സജി ചെറിയാന്‍. ജി. സുധാകരന്‍ പാര്‍ട്ടിയുടെ ചങ്കില്‍ കുത്തി. കെ. സുധാകരന് സീറ്റ് കിട്ടിയില്ല, പക്ഷെ അദ്ദേഹം പാര്‍ട്ടിയെ ചതിച്ചില്ല. എന്നാല്‍, ജി. സുധാകരന്‍ കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

ചങ്കില്‍ കുത്തിയവരെ കൂട്ട് പിടിച്ച് ജയിക്കാമെന്ന് കോണ്‍ഗ്രസ് കരുതേണ്ടെന്നും ചേര്‍ത്തലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. പ്രസാദിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സജി ചെറിയാന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ജി സുധാകരനെതിരെ വിമര്‍ശനം ഉന്നയിച്ചു രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം കേന്ദ്രങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു രംഗത്തുവന്നത്. താന്‍ മൂന്ന് തവണ വിളിച്ചിട്ടും ഫോണെടുത്തില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

ഇതിനെതിരെ വിമര്‍ശനവുമായി ജി. സുധാകരന്‍ രംഗത്ത് വന്നു. പാര്‍ട്ടി വിടുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ താന്‍ മൂന്ന് തവണ സുധാകരനെ വിളിച്ചിരുന്നുവെന്നും, അദ്ദേഹം മനഃപൂര്‍വം ഫോണ്‍ എടുക്കാതിരുന്നതാണെന്നുമാണ് മുഖ്യമന്ത്രി ദൃശ്യമാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഈ വാദത്തെ അടിമുടി റദ്ദാക്കുന്നതാണ് സുധാകരന്റെ വിശദീകരണം.

മുഖ്യമന്ത്രിയുടെ നമ്പര്‍ തന്റെ ഫോണില്‍ 'സിഎം' എന്നാണ് സേവ് ചെയ്തിട്ടുള്ളതെന്നും, ആ നമ്പറില്‍ നിന്നും തനിക്ക് യാതൊരു കോളുകളും വന്നിട്ടില്ലെന്നുമാണ് സുധാകരന്‍ വ്യക്തമാക്കുന്നത്. ഇതോടെ, മുഖ്യമന്ത്രി വിളിച്ചെന്ന് പറയപ്പെടുന്നത് ഏത് നമ്പറില്‍ നിന്നാണ്? എന്ന വലിയ ചോദ്യമാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ ഉയരുന്നത്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതിന് തലേദിവസം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി മുഖ്യമന്ത്രി വിളിച്ച കാര്യം പറഞ്ഞപ്പോഴും ഫോണ്‍ വന്നിട്ടില്ലെന്ന് സുധാകരന്‍ തീര്‍ത്തുപറഞ്ഞിരുന്നു.

വെറുതെ പ്രതിരോധത്തില്‍ നില്‍ക്കാതെ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന ഗുരുതര ആരോപണങ്ങളുമായാണ് സുധാകരന്‍ അമ്പലപ്പുഴയില്‍ പ്രചാരണം കൊഴുപ്പിക്കുന്നത്. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന രണ്ട് സുപ്രധാന സംഭവങ്ങള്‍ അദ്ദേഹം വീണ്ടും പൊതുചര്‍ച്ചയിലേക്ക് കൊണ്ടുവന്നു: സജീവന്റെ തിരോധാനം: കരിമണല്‍ ഖനനവിരുദ്ധ സമരത്തില്‍ സജീവമായിരുന്ന സിപിഎം പ്രാദേശിക നേതാവ് സജീവന്റെ (തോട്ടപ്പള്ളി പൊരിയന്റപറമ്പില്‍) തിരോധാനത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. 'സജീവനു സംഭവിച്ചതു പോലെ ഒന്നുകൂടി സംഭവിച്ചാല്‍ അന്വേഷിക്കാന്‍ പൊലീസുമുണ്ടാവില്ല' എന്ന് കഴിഞ്ഞ മാസം നടന്ന ലോക്കല്‍ കമ്മിറ്റിയില്‍ ഉയര്‍ന്ന ഭീഷണി സ്വരങ്ങളും സുധാകരന്‍ ആയുധമാക്കുകയാണ്.

വിദ്യാര്‍ഥിനികളുടെ ആത്മഹത്യ: 2008-ല്‍ അമ്പലപ്പുഴയില്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ പങ്കും അദ്ദേഹം തുറന്നുകാട്ടുന്നു. പ്രതികളായ എസ്ഡിപിഐക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് അന്ന് പാര്‍ട്ടി സ്വീകരിച്ചതെന്നും, ഹര്‍ത്താല്‍ നടത്താന്‍ അന്നത്തെ സെക്രട്ടറി ഓമനക്കുട്ടനോട് ആവശ്യപ്പെട്ടിട്ടും ചെയ്തില്ലെന്നും സുധാകരന്‍ ആരോപിക്കുന്നു. എച്ച്. സലാം ഒരു മാസം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ലെന്ന ഗുരുതരമായ വെളിപ്പെടുത്തലും അദ്ദേഹം നടത്തി.

സ്ഥാനാര്‍ഥിത്വം മോഹിച്ച് പാര്‍ട്ടി വിട്ട സുധാകരന്‍ ചെയ്തത് ഒരു മനുഷ്യനും ചേരാത്ത വര്‍ഗവഞ്ചനയാണെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എന്നാല്‍, മുഖ്യമന്ത്രിയുടെ അഭിമുഖം താന്‍ കണ്ടിട്ടില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നുമുള്ള തണുത്ത മറുപടിയാണ് സുധാകരന്‍ നല്‍കിയത്. മുഖ്യമന്ത്രിയുടെ ഫോണ്‍ വിളി വിവാദത്തിലെ ദുരൂഹതയും, പ്രാദേശിക സിപിഎം നേതാക്കള്‍ക്കെതിരെ സുധാകരന്‍ ഉയര്‍ത്തുന്ന പഴയ കേസുകളും അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് ഗോദയെ പ്രക്ഷുബ്ധമാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഈ ആരോപണ-പ്രത്യാരോപണങ്ങള്‍ ആലപ്പുഴയിലെ പ്രചാരണത്തെ കൂടുതല്‍ കലുഷിതമാക്കും.