- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സത്യവിശ്വാസിയായ ഒരു സ്ഥാനാര്‍ഥിയെ മുനാഫിഖ് എന്ന് വിളിച്ചത് ഗൗരവതരം'; വനിതാ ലീഗ് നേതാവിന്റെ വിവാദ പരാമര്‍ശം തള്ളി സമസ്ത നേതാവ്; തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സഭ്യേതര ഭാഷ ഒഴിവാക്കണമെന്നും കെ.എസ്. സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍; 'മുനാഫിഖിന്റെ പണി' പ്രയോഗിച്ചത് തരംപോലെ കൂറുമാറുന്ന രാഷ്ട്രീയ സ്വഭാവം ചൂണ്ടിക്കാണിക്കാനെന്ന് ആയിഷ ഫര്‍സാന
'സത്യവിശ്വാസിയായ ഒരു സ്ഥാനാര്‍ഥിയെ മുനാഫിഖ് എന്ന് വിളിച്ചത് ഗൗരവതരം'

കാസര്‍കോട്: കാസര്‍ഗോട്ടെ വനിതാ ലീഗ് നേതാവ് ആയിഷാ ഫര്‍സാനയുടെ 'മുനാഫിഖ്' പരാമര്‍ശത്തിന് എതിരെ വിമര്‍ശനവുമായി സമസ്ത നേതാവ് കുമ്പോല്‍ തങ്ങള്‍. വിശ്വാസിയായ ഒരു സ്ഥാനാര്‍ഥിയെ മുനാഫിഖ് എന്ന് വിളിച്ചത് ഗൗരവതരമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സഭ്യേതര ഭാഷ ഉപയോഗിക്കരുതെന്നും കെ.എസ്. സയ്യിദ് അലി തങ്ങള്‍ കുമ്പോള്‍ പറഞ്ഞു. വികസനവും ക്ഷേമ പ്രവര്‍ത്തനവും മുന്‍നിര്‍ത്തി വോട്ട് തേടുകയാണ് വേണ്ടതെന്നും കുമ്പോല്‍ തങ്ങള്‍ പറഞ്ഞു.
ആയിഷ ഫര്‍സാന ഷാനവാസ് പാദൂരിനെതിരെ പറഞ്ഞ വിദ്വേഷ പരാമര്‍ശങ്ങള്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. കപട വിശ്വാസിയുടെ പണിയെടുക്കുന്നവന്‍ എന്നാണ് ഷാനവാസിനെ ആയിഷ ഫര്‍സാനയുടെ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. മുള്ളേരിയയിലെ യുഡിഎഫ് കുടുംബ യോഗത്തിലെ പ്രസംഗത്തിനിടെയായിരുന്നു പ്രതികരണം. മണ്ഡലം പിടിക്കാന്‍ മതം പറയുന്നത് ലീഗിന്റെ കാലാകാലങ്ങളായുള്ള പ്രയോഗമാണെന്ന് എന്നായിരുന്നു ഷാനവാസ് പാദൂരിന്റെ പ്രതികരണം. മതം പറഞ്ഞുകൊണ്ട് കടുത്ത മതവിശ്വാസികളായ മുസ്ലീം സ്ത്രീകളുടെ ഇടയില്‍ തന്നെ ഒരു മുനാഫിക്ക് ആയി, അവിശ്വാസിയായി ചിത്രീകരിക്കാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്.
അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലെ ഒരു വാക്ക് പിടിച്ചു രാഷ്ട്രീയ വിവാദം ഉണ്ടാക്കാന്‍ ചിലര്‍ നടത്തിയ ശ്രമം ഇപ്പോള്‍ പുതിയ വ്യാജപ്രചരണമായി മാറുകയാണെന്നാണ് ആയിഷ ഫര്‍സാന പറയുന്നത്. തന്റെ പ്രസംഗത്തില്‍ ഉപയോഗിച്ച ''മുനാഫിഖിന്റെ (കപടന്‍മാരുടെ) പണി എടുക്കുന്നവര്‍'' എന്ന പ്രയോഗം ഒരിക്കലും മതത്തെയോ വിശ്വാസത്തെയോ ലക്ഷ്യമിട്ടതല്ലെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കാസര്‍കോട് നടത്തിയ പരിപാടിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഷാനവാസ് പാദൂരിനെ കുറിച്ച് ആയിഷ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. 'രാവിലെ ഒരു കൊടി പിടിച്ച്, ഉച്ചക്ക് മറ്റൊരു കൊടി പിടിച്ച്, വൈകീട്ട് മറ്റൊരു കൊടി പിടിച്ച് മുനാഫിഖിന്റെ പണിയെടുത്ത് നമ്മളോട് വോട്ടഭ്യര്‍ഥിക്കാന്‍ വരുന്നു' എന്നായിരുന്നു പ്രസംഗമധ്യേ ആയിഷ പറഞ്ഞത്. രാഷ്ട്രീയത്തില്‍ സ്ഥാനം കിട്ടാത്തപ്പോള്‍ സ്വന്തം പ്രസ്ഥാനത്തോട് വിശ്വാസവഞ്ചന കാണിച്ച് തരം പോലെ കൂറുമാറുന്ന രാഷ്ട്രീയ സ്വഭാവത്തെ ചൂണ്ടിക്കാണിക്കാനാണ് താന്‍ ആ പ്രയോഗം ഉപയോഗിച്ചതെന്ന് അവര്‍ പറഞ്ഞു. കാപട്യമുള്ള പെരുമാറ്റത്തെയാണ് സൂചിപ്പിച്ചത്. അതിലുപരി ഒന്നുമില്ല -ആയിഷ പറഞ്ഞു.
'കാസര്‍കോട് സപ്തഭാഷാ സംഗമ ഭൂമിയാണ്. മലയാളം, തുളു, കന്നഡ, ബിയാരി, കൊങ്കണി, ഉര്‍ദു, അറബി തുടങ്ങി നിരവധി ഭാഷകളുടെ സ്വാഭാവിക ഇടപെടലുള്ള പ്രദേശമാണിത്. അതിനാല്‍ സാധാരണ സംഭാഷണങ്ങളിലും പൊതുപ്രസംഗങ്ങളിലും വിവിധ ഭാഷകളില്‍ നിന്നുള്ള പദങ്ങള്‍ ഉപയോഗിക്കുന്നത് ഇവിടെ അസാധാരണമായ കാര്യമല്ല. അതിനെ മതവിവാദമാക്കി മാറ്റാനുള്ള ശ്രമം രാഷ്ട്രീയ ദൗര്‍ബല്യത്തിന്റെ തെളിവ് മാത്രമാണ്.
രാഷ്ട്രീയത്തില്‍ എതിരാളികളുടെ നിലപാടില്ലായ്മയെയും വിശ്വാസവഞ്ചനയെയും വിമര്‍ശിക്കുന്നത് പുതിയ കാര്യമല്ല. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയ ജി. സുധാകരന്‍, പി.കെ ശശി അടക്കമുള്ള ചില നേതാക്കളെ കുറിച്ച് ബഹുമാനപ്പെട്ട നമ്മുടെ മുഖ്യമന്ത്രിയും പൊതുവേദിയില്‍ ''വിശ്വാസവഞ്ചകര്‍'' എന്ന് പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ ഒരു രാഷ്ട്രീയ നിലപാട് വ്യക്തമാക്കാന്‍ ഉപയോഗിച്ച ഒരു വാക്കിനെ മതവിവാദമാക്കി മാറ്റുന്നത് ശുദ്ധമായ കപട രാഷ്ട്രീയമാണ്.
ഇതിലും വലിയ കപടത എന്തെന്നാല്‍ ആറ് മാസം മുമ്പ് നടന്ന, തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലാത്ത ''ലീഗ് സഭ'' എന്ന പരിപാടിയിലെ പ്രസംഗത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്ത് കൈരളി പോലുള്ള മാധ്യമങ്ങള്‍ ഇപ്പോള്‍ പുതിയൊരു വ്യാജപ്രചരണം നടത്തുകയാണ്. പ്രാദേശികമായി ചില ആഭ്യന്തര പ്രശ്‌നങ്ങള്‍ നിലനിന്നിരുന്ന സാഹചര്യത്തില്‍, ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കാന്‍ സംഘടിപ്പിച്ച പരിപാടിയായിരുന്നു അത്. അവിടെ കൂടിയിരുന്ന വനിതകളോട് ഐക്യത്തെയും സഹോദര്യത്തെയും കുറിച്ച് സംസാരിക്കുന്ന വേളയിലാണ് മനുഷ്യര്‍ക്കിടയിലെ ഐക്യവും പരസ്പര ബഹുമാനവും ഓര്‍മ്മിപ്പിക്കുന്ന ഒരു ഖുര്‍ആന്‍ വചനം ഞാന്‍ ഉദ്ധരിച്ചത്.
അത് ഇപ്പോള്‍ ''മതം പറഞ്ഞ് വോട്ട് ചോദിച്ചു'' എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ അസത്യത്തിന്റെ ഏറ്റവും ഹീനമായ രൂപമാണ്. ഇവിടെ മറ്റൊരു കാര്യം കൂടി വ്യക്തമായി പറയേണ്ടതുണ്ട്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് എന്ന പ്രസ്ഥാനത്തിന് മതം പറഞ്ഞ് വോട്ട് പിടിക്കേണ്ട അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല. കാരുണ്യ രംഗത്തും വിദ്യാഭ്യാസ മേഖലയിലും ഈ പ്രസ്ഥാനം പതിറ്റാണ്ടുകളായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരള സമൂഹം മുഴുവന്‍ അറിയുന്ന കാര്യമാണ്. അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളും സേവന പ്രവര്‍ത്തനങ്ങളും സമൂഹത്തിനായി ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ആരോടും ജാതി ചോദിച്ചിട്ടില്ല, മതം ചോദിച്ചിട്ടില്ല, സംഘടന ചോദിച്ചിട്ടില്ല. മനുഷ്യന്‍ എന്ന ഒരേയൊരു പരിഗണന മാത്രമാണ് ഈ പ്രസ്ഥാനം എന്നും മുന്‍നിര്‍ത്തിയത്. അതാണ് ഇന്നേവരെ ഈ പ്രസ്ഥാനത്തിന്റെ പാരമ്പര്യവും ആത്മാവും.
ഈ രാജ്യത്ത് പൊതുവേദികളില്‍ ഗീതയും ബൈബിളും ഖുര്‍ആനും ബുദ്ധവചനങ്ങളും മനുഷ്യ മൂല്യങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ഉദ്ധരിക്കപ്പെടാറുണ്ട്. അത് മതവിഭജനമല്ല; മറിച്ച് ഈ നാടിന്റെ സഹവര്‍ത്തിത്വ സംസ്‌കാരത്തിന്റെ ഭാഗമാണ്. പക്ഷേ, സത്യം മറച്ച്, പ്രസംഗങ്ങള്‍ കട്ട് ചെയ്ത്, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജപ്രചരണം നടത്തുന്നത് ജനാധിപത്യ രാഷ്ട്രീയത്തിന്റെ മാര്‍ഗമല്ല; അത് നെറികെട്ട രാഷ്ട്രീയത്തിന്റെ ലക്ഷണമാണ്.
അറബി വാക്കുകളും ഖുര്‍ആന്‍ വചനങ്ങളും കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് ഇത്ര അസഹിഷ്ണുത തോന്നുന്നത് എന്തുകൊണ്ടാണെന്ന് സമൂഹം തന്നെ ചിന്തിക്കേണ്ട സമയമാണിത്. അതേസമയം, ഗുരുവായൂരില്‍ ബിജെപി അവിടുത്തെ എംഎല്‍എമാരുടെ പേര് എഴുതി ചേര്‍ത്ത് തുറന്ന വര്‍ഗീയത സംസാരിച്ച സംഭവം ചര്‍ച്ച ചെയ്യാതെ അതിനെ അവഗണിച്ച് ഈ വിഷയത്തെ വിവാദമാക്കാന്‍ സിപിഎം നടത്തുന്ന ശ്രമം കാണുമ്പോള്‍, അതിന്റെ പിന്നിലെ രാഷ്ട്രീയ താല്‍പര്യവും ഈ ഒത്തുകളിയുടെ സ്വഭാവവും ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞാല്‍ നല്ലത്.
ഈ നാട് മതേതര ജനാധിപത്യത്തിന്റെ ശക്തിയിലാണ് നിലനില്‍ക്കുന്നത്. മതത്തെ ആയുധമാക്കി രാഷ്ട്രീയം ചെയ്യുന്ന പാരമ്പര്യം നമ്മുടേതല്ല. ഐക്യവും സഹവര്‍ത്തിത്വവും സംരക്ഷിക്കുന്ന രാഷ്ട്രീയമാണ് എന്നും നമ്മള്‍ മുറുകെ പിടിച്ചിട്ടുള്ളത്.
അവസാനമായി, വ്യാജപ്രചരണങ്ങള്‍ കൊണ്ട് താല്‍ക്കാലികമായി ശബ്ദമുണ്ടാക്കാം. പക്ഷേ, അതുകൊണ്ടൊന്നും പത്ത് വര്‍ഷത്തെ ദുരിതഭരണം ജനങ്ങള്‍ മറക്കില്ല. കേരളീയ സമൂഹം ഏപ്രില്‍ 9 നെ കാത്തിരിക്കുകയാണ്... ഈ നെറികെട്ട ഭരണത്തിന്റെ അവസാന ആണിയും അടിക്കാനായി...' -ആയിഷ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.


