തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നല്ല വിജയം ലഭിക്കുമെന്ന് ശശി തരൂര്‍ എം പി. എന്നാല്‍, എണ്ണം പറയാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ കംഫര്‍ട്ടബിള്‍ ഭൂരിപക്ഷം ഉണ്ടാകും. കേരളത്തില്‍ യുഡിഎഫ് വിജയിച്ചാല്‍ അത് നാഷണല്‍ എഫക്ട് നല്‍കും. എല്‍ഡിഎഫ് - ബിജെപി ഡീല്‍ ഉണ്ട്. ബിജെപിക്ക് പിന്തുണയുള്ള ഇടങ്ങളില്‍ അവര്‍ ഘടകകക്ഷികളെയാണ് മത്സരിപ്പിച്ചത്. ഇതൊരു ഡീല്‍ ആണെന്നും ശശി തരൂര്‍ പറഞ്ഞു.

യുഡിഎഫ് വിജയിച്ചാല്‍ മുഖ്യമന്ത്രി ആരാകുമെന്നത് സംബന്ധിച്ച നേതാക്കളുടെ അഭിപ്രായങ്ങള്‍, അര്‍ത്ഥമില്ലാത്ത സംസാരങ്ങള്‍. മുഖ്യമന്ത്രിയെ ജയിച്ച എംഎല്‍എമാരുടെ അഭിപ്രായത്തിന് ശേഷം ഹൈക്കമാന്റ് തീരുമാനിക്കും. തങ്ങള്‍ ജയിച്ചാല്‍ മുഖ്യമന്ത്രി ഉണ്ടാകും. ആരാണ് എവിടെനിന്നാണ്, ഏതു നഗരത്തില്‍ നിന്നാണ് എന്ന് പറയാന്‍ ഒരു സാധ്യതയുമില്ല. നേതാക്കളുടെ അഭിപ്രായങ്ങള്‍ അനാവശ്യം. കെട്ടിടം കെട്ടിയ ശേഷമല്ലേ ഫര്‍ണിച്ചര്‍ വാങ്ങിക്കേണ്ട കാര്യമുള്ളൂവെന്നും ശശി തരൂര്‍ വ്യക്തമാക്കി.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ശുഭപ്രതീക്ഷയെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഭരണമാറ്റത്തിന്റെ സൂചന പ്രകടമാണ്. വോട്ടര്‍മാര്‍ക്ക് പോളിംഗ് സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യമൊരുക്കിയില്ല. മുതിര്‍ന്ന പൗരന്‍മാര്‍ക്ക്‌പോലും പരിഗണന ലഭിച്ചില്ല. 5000ത്തിനും 10000 ഭൂരിപക്ഷത്തിന് ഞാന്‍ ജയിക്കും. യുഡിഎഫ് 100 സീറ്റിന് മുകളില്‍ നേടും. ആവേശത്തോടെ ജനങ്ങള്‍ വോട്ടു ചെയ്തു. വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ എന്റെ ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രനെതിരെയും കെ മുരളീധരന്‍ പ്രതികരിച്ചു. എ കെ ശശീന്ദ്രന്‍ ഇനി ആ വകുപ്പ് ഭരിക്കില്ലെന്നും അദ്ദേഹം മറുപടി നല്‍കി. എന്നാല്‍ വനവാസമല്ല, രാഷ്ട്രീയ വനവാസത്തിന് പോകും എന്നാണെന്നും താന്‍ ആ വെല്ലുവിളി ഏറ്റെടുത്ത് ഉറപ്പായും പോയിരിക്കും, അതിലൊരു സംശയവും വേണ്ടെന്നും വി ഡി സതീശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.