കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി പ്രമുഖര്‍. പേരാവൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും കെ.പി.സി.സി പ്രസിഡന്റുമായ സണ്ണി ജോസഫ് പേരാവൂര്‍ നിയോജകമണ്ഡലത്തിലെ കടത്തുംകടവുള്ള സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ നാലാമത്തെ ബൂത്തിലാണ് കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തിയത്. 100% ആത്മവിശ്വാസമുണ്ടെന്നും കേരളത്തില്‍ യു.ഡി.എഫ് തരംഗമാണുള്ളതെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

'യു.ഡി.എഫ് 100 ലധികം സീറ്റുകള്‍ നേടും, തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ യു.ഡി.എഫ് അനുകൂല തരംഗം നിയമസഭ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. 100% ആത്മവിശ്വാസമാണുള്ളത്. പേരാവൂരില്‍ ഞാന്‍ മൂന്ന് തവണ ജയിച്ചു. നാലാമതും ജയിക്കും. സര്‍വ്വേകളില്‍ ഞാന്‍ തോല്‍ക്കും എന്ന് കണ്ടു. ജനങ്ങളുടെ സര്‍വ്വേ എനിക്കറിയാം' സണ്ണി ജോസഫ് പറഞ്ഞു.

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച നികേഷ് കുമാറിനെതിരെ കേസ് കൊടുക്കുമെന്നും. നികേഷ് കാടടച്ചു വെടിവെയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് വോട്ടിന് പണം നല്‍കിയ സംഭവം പണാധിപത്യം കൊണ്ട് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ യുഡിഎഫ് അനുകൂല തരംഗമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. നൂറിലധികം സീറ്റുകള്‍ നേടും. ദേശീയ സര്‍വ്വേകള്‍ യുഡിഎഫ് ട്രെന്‍ഡ് പ്രവചിച്ചു. കേരളത്തിലെ ചില തട്ടിക്കൂട്ട് സര്‍വ്വേകള്‍ ജനങ്ങള്‍ മുഖവരയ്ക്ക് എടുക്കില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. പോസ്റ്റല്‍ വോട്ട് പലര്‍ക്കും ചെയ്യാനായില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കുറച്ച് കൂടി ജാഗ്രത പുലര്‍ത്തണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ആവേശക്കൊടുമുടിയേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്. മെയ് നാലിനാണ് ഫലപ്രഖ്യാപനം. മെയ് 15നാകും പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. കേരളത്തോടൊപ്പം അസമും പുതുച്ചേരിയും ഇന്ന് പോളിങ് ബൂത്തിലെത്തും.