ശ്രീകണ്ഠപുരം: എം വി ഗോവിന്ദന്റെ ഭാര്യയെ സ്ഥാനാര്‍ഥിയാക്കിയതോടെ ഇടഞ്ഞു പാര്‍ട്ടിവിട്ട മുതിര്‍ന്ന സിപിഎം നേതാവ് ടി കെ ഗോവിന്ദന്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് ഉയര്‍ത്തുന്നത് വലിയ ഭീഷണി. മുതിര്‍ന്ന സിപിഎം നേതാവ് വിമത പരിവേഷത്തില്‍ എത്തിയതോടെ കാല്‍ച്ചുവട്ടിലെ മണ്ണൊലിക്കുമോ എന്ന ആശങ്കയിലാണ് പാര്‍ട്ടി. ഗോവിന്ദന്‍ ഉയര്‍ത്തുന്ന ഭീഷണിക്ക് തടയിടാനുള്ള പരിശ്രമങ്ങളും പാര്‍ട്ടി നടത്തുന്നുണ്ട്.

തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ടി.കെ. ഗോവിന്ദനെതിരേ സഹോദരിയുടെ മകള്‍ ടി.കെ. സുലേഖയെ ഡമ്മിസ്ഥാനാര്‍ഥിയാക്കി സി.പി.എം. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുകൂടിയാണ് സുലേഖ. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യമളായാണ് ഇവിടെ സി.പി.എം. സ്ഥാനാര്‍ഥി. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടി വിട്ടത്. അതേസമയം, ടി.കെ. ഗോവിന്ദന്റെ ഭാര്യ കെ.പി. രമണി തിങ്കളാഴ്ച നടന്ന റോഡ് ഷോയിലും യു.ഡി.എഫ്. കണ്‍വെന്‍ഷനിലും പങ്കെടുത്തു. സി.പി.എം. ശ്രീകണ്ഠപുരം ഏരിയാ കമ്മറ്റിയംഗവും ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ് രമണി. അതിനിടെ ടി.കെ. ഗോവിന്ദന്റെ റോഡ് ഷോയില്‍ പങ്കെടുത്ത ഭാര്യ, കെ.പി. രമണിക്കെതിരെ അച്ചടക്ക നടപടി എടുക്കാന്‍ സിപിഎം.

സി.പി.എം. ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ല ജോയിന്റ് സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമാണ് സുലേഖ. ഭര്‍ത്താവ് കെ.സി. അനില്‍കുമാര്‍ 2000 മുതല്‍ 2010 വരെ മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ശനിയാഴ്ചയാണ് സുലേഖ നാമനിര്‍ദേശപത്രിക നല്‍കിയത്. സൂക്ഷ്മപരിശോധനയ്ക്കുശേഷം പത്രിക പിന്‍വലിക്കും.

കഴിഞ്ഞദിവസം ടി.കെ. ഗോവിന്ദനെതിരേ മലപ്പട്ടത്ത് നടന്ന പ്രതിഷേധയോഗത്തില്‍ അധ്യക്ഷയായതും സുലേഖയാണ്. പ്രതിഷേധപ്രകടത്തിന് നേതൃത്വം നല്‍കി കെ.സി. അനില്‍കുമാറും പാര്‍ട്ടിക്കൊപ്പമെന്ന നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ തിങ്കളാഴ്ച രാവിലെ 11.15-ഓടെ ടി.കെ.ഗോവിന്ദന്‍ നാമനിര്‍ദേശ പത്രിക നല്‍കി. തളിപ്പറമ്പ് കോണ്‍ഗ്രസ് ഭവനില്‍നിന്ന് കാല്‍നടയായാണ് ടി.കെ.ഗോവിന്ദന്‍ പത്രികാസമര്‍പ്പണത്തിന് എത്തിയത്.

യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ പി.ടി.മാത്യു, നൗഷാദ് ബ്ലാത്തൂര്‍, പി.മുഹമ്മദ് ഇഖ്ബാല്‍, നഗരസഭാധ്യക്ഷന്‍ പി.കെ.സുബൈര്‍, ടി.ജനാര്‍ദനന്‍, പി.കെ.സരസ്വതി, അഡ്വ. കെ.വി.അബ്ദുള്‍ റസാഖ് എന്നിവരുടെ നേതൃത്വത്തിലാണ് എത്തിയത്. താലൂക്ക് ഓഫീസിന്റെ കവാടത്തില്‍ എത്തിയതോടെ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ഗോവിന്ദന്‍ മാഷിന് അഭിവാദ്യങ്ങള്‍. യു.ഡി.എഫ്. സിന്ദാബാദ്. പ്രവര്‍ത്തകരെ കൈവീശി അഭിവാദ്യംചെയ്ത ശേഷം നേരേ താലൂക്ക് ഓഫീസിലേക്ക്. 30 മിനുറ്റിനുശേഷം പുറത്തിറങ്ങിയപ്പോഴും മുദ്രാവാക്യം വിളി.

സി.പി.എം. പ്രവര്‍ത്തകരെ പത്രികാസമര്‍പ്പണത്തിന് കണ്ടില്ലല്ലോയെന്ന ചോദ്യത്തിന്, തന്നോട് അനുഭാവമുള്ള സി.പി.എം. പ്രവര്‍ത്തകരോട് പത്രികാസമര്‍പ്പണത്തിന് വരേണ്ടെന്ന് പറഞ്ഞിരുന്നുവെന്ന് ടി.കെ.ഗോവിന്ദന്‍ പറഞ്ഞു. 'യു.ഡി.എഫ്. പിന്തുണ തന്നു, സ്വീകരിച്ചു. ജനവികാരം അനുകൂലമായി മാറും, വിജയിക്കും'-അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിന്റെ എല്ലാ കവാടങ്ങളിലും സുരക്ഷയൊരുക്കിയിരുന്നു.