- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിന്തുണയും അനുഗ്രഹവും തേടി ടി ഒ മോഹനനെത്തി; ഷാള്‍ അണിയിച്ച് സ്വീകരിച്ച് കെ സുധാകരന്‍; മഞ്ഞുരുക്കത്തോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി കെ സുധാകരന്‍ സജീവമായി പ്രചരണത്തിന് ഇറങ്ങും; കോണ്‍ഗ്രസ് മിന്നും വിജയം നേടും; പിണറായി സര്‍ക്കാരിനെ എങ്ങനെയെങ്കിലും താഴെ ഇറക്കിയിരിക്കുമെന്ന് കെ എസിന്റെ പ്രഖ്യാപനം
പിന്തുണയും അനുഗ്രഹവും തേടി ടി ഒ മോഹനനെത്തി; ഷാള്‍ അണിയിച്ച് സ്വീകരിച്ച് കെ സുധാകരന്‍

കണ്ണൂര്‍: കണ്ണൂര്‍ കോണ്‍ഗ്രസില്‍ മഞ്ഞുരുക്കം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി ഒ മോഹനന്‍ മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിനു മുന്നോടിയായാണ് മോഹനന്‍ സുധാകരന്റെ വീട്ടിലെത്തിയത്. കെ സുധാകരന്റെ പിന്തുണയും അനുഗ്രഹാശ്ശിസുകളും വാങ്ങുന്നതിനാണ് മോഹനന്‍ സുധാകരന്റെ വീട്ടിലെത്തിയത്. കണ്ണൂരിലെ മുന്‍ മേയറാണ് ടി ഒ മോഹനന്‍.
കണ്ണൂര്‍ മണ്ഡലത്തില്‍ കെ സുധാകരന്‍ അനുകൂലികളുടെ സഹകരണവും പിന്തുണയും ഉറപ്പിക്കുക ലക്ഷ്യമിട്ടു കൂടിയാണ് മോഹനന്‍ കെ സുധാകരന്റെ നടാലിലെ വീട്ടിലെത്തിയത്. സ്ഥാനാര്‍ത്ഥി മോഹനനെ ഷാള്‍ അണിയിച്ച് കെ സുധാകരന്‍ സ്വീകരിച്ചു. 'എന്റെ വാക്കു പാലിച്ചു' എന്ന് ഷാള്‍ അണിയിച്ചശേഷം സുധാകരന്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഇരുവരും അടച്ചിട്ട മുറിയില്‍ സംസാരിച്ചു.
കണ്ണൂരില്‍ ടി ഒ മോഹനന്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ ഒരു തരത്തിലും എതിര്‍പ്പില്ലെന്ന് കെ സുധാകരന്‍ പറഞ്ഞതായി മോഹനന്‍ പിന്നീട് വ്യക്തമാക്കി. കണ്ണൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടു തവണ യുഡിഎഫ് പരാജയപ്പെട്ടു. ആ മണ്ഡലം തിരിച്ചുപിടിക്കുക എന്നാണ് ദൗത്യം. ആ ദൗത്യം നേതാക്കളെല്ലാം കൂട്ടായി ഏറ്റെടുക്കും. തെരഞ്ഞെടുപ്പില്‍ പൂര്‍ണ സഹകരണം കെ സുധാകരന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഒരു ടീമായിത്തന്നെ തെരഞ്ഞെടുപ്പില്‍ മുന്നോട്ടു പോകുമെന്നും ടി ഒ മോഹനന്‍ പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി കെ സുധാകരന്‍ സജീവമായി ഇറങ്ങും. ഇരിക്കൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സജീവ് ജോസഫിന്റെ പ്രചാരണത്തിന് ഇറങ്ങും. തുടര്‍ന്ന് ജില്ലയിലെ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടിയും പ്രചാരണത്തിനിറങ്ങും. കണ്ണൂരിലും പേരാവൂരിലും മത്സരിക്കാന്‍ ഇറങ്ങുമെന്നാണ് സുധാകരന്‍ ഒരു മാധ്യമത്തോട് പറഞ്ഞത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും സാഹചര്യങ്ങള്‍കൊണ്ട് അതിന് കഴിഞ്ഞില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. പേരാവൂരിലും കണ്ണൂരിലും പ്രചാരണത്തിനിറങ്ങുമെന്നും പാര്‍ട്ടിയിലെ ഒരു കുട്ടിയെപ്പോലും തോല്‍പ്പിക്കാന്‍ താന്‍ ശ്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് മിന്നും വിജയം നേടും. ബിജെപിയില്‍ പോകുന്ന കാര്യം ഇന്ന് വരെ ആലോചിച്ചിട്ടില്ല. ഇനി അങ്ങനെ ആലോചിക്കുകയുമില്ല. രാഷ്ട്രീയ എത്തിക്സ് ഉളള ആളാണ് ഞാന്‍. പിണറായി സര്‍ക്കാരിനെ എങ്ങനെയെങ്കിലും താഴെ ഇറക്കിയിരിക്കും- കെ സുധാകരന്‍ പറഞ്ഞു.
ദിവസങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്‌സില്‍ തന്നെ തുടരുമെന്ന് കഴിഞ്ഞ ദിവസം കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചാലും പാര്‍ട്ടി വിടില്ല. സ്വതന്ത്രനായി മത്സരിക്കില്ല. പാര്‍ട്ടി പറഞ്ഞാല്‍ മാത്രം മത്സരിക്കും. പാര്‍ട്ടി എത്രയോ വലുതാണെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു. രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ മാരത്തണ്‍ ചര്‍ച്ചകളാണ് നടന്നത്. ഇന്നലെ രണ്ട് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നിട്ടും സീറ്റ് തര്‍ക്കം തുടര്‍ന്നു. പ്രധാമായും കെ സി വേണുഗോപാലും വി ഡി സതീശനുമായിരുന്നു ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ത്തിയത്.


