ആലപ്പുഴ: തിരഞ്ഞെടുപ്പിന്റെ ആവേശം അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കെ, കേരള-തെലങ്കാന മുഖ്യമന്ത്രിമാര്‍ തമ്മില്‍ അസാധാരണമായ വാക്പോര്. കോണ്‍ഗ്രസിന്റെ കരുത്തുറ്റ മുഖമായ രേവന്ത് റെഡ്ഡിയും സിപിഎമ്മിന്റെ കരുത്തുറ്റ നേതാവ് പിണറായി വിജയനും തമ്മിലുള്ള തര്‍ക്കം വെറും രാഷ്ട്രീയ വിമര്‍ശനങ്ങളില്‍ ഒതുങ്ങാതെ വ്യക്തിപരമായ വെല്ലുവിളികളിലേക്കും 'സിനിമ സ്റ്റൈല്‍' പരിഹാസങ്ങളിലേക്കും വഴിമാറിയിരിക്കുന്നു.

തന്നെ 'ഡാഷ് മോനെ രേവന്താ' എന്ന് അഭിസംബോധന ചെയ്ത പിണറായി വിജയന് മറുപടിയുമായി രംഗത്തെത്തിയ രേവന്ത് റെഡ്ഡി, 'ബൈ ബൈ പിണറായി വിജയന്‍' എന്ന് പ്രഖ്യാപിച്ചു.

മാവേലിക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി നൂറനാട്ട് പ്രചാരണം നടത്തുന്നതിനിടെയാണ് രേവന്ത് റെഡ്ഡി പിണറായി വിജയനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. കേരളത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാണിച്ചതിന് തന്നെ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിക്കുകയാണ് പിണറായി ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'പിണറായി വിജയന്‍ നിങ്ങളുടെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞു. കേരളത്തിലെ ജനങ്ങള്‍ നിങ്ങളെ തോല്‍പ്പിക്കും. ആ പരാജയം അംഗീകരിച്ച് വിശ്രമിക്കണം. അവസാനമായി എനിക്ക് നിങ്ങളോട് പറയാനുള്ളത് ബൈ ബൈ പിണറായി വിജയന്‍ എന്നാണ്,' രേവന്ത് റെഡ്ഡി പറഞ്ഞു.

നേരത്തെ, 'ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ടെ'ന്ന് കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രേവന്ത് റെഡ്ഡിക്കെതിരെ വിവാദപരമായ പരാമര്‍ശം നടത്തിയിരുന്നു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെങ്കിലും വ്യക്തിപരമായ അധിക്ഷേപം അംഗീകരിക്കാനാവില്ലെന്ന് പിണറായി 'എക്‌സി'ലൂടെയും പ്രതികരിച്ചിരുന്നു. രേവന്ത് റെഡ്ഡിയുടെ കത്ത് വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും കേരള സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇടതു സര്‍ക്കാര്‍ ജനങ്ങളോടാണ് കടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ്. ശബരീനാഥന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് രേവന്ത് റെഡ്ഡി പിണറായി വിജയനെതിരെ സിനിമ സ്‌റ്റൈലില്‍ 'നീ പോ മോനേ വിജയാ' എന്ന വെല്ലുവിളി ഉയര്‍ത്തിയത്. പിന്നീട് ഫേസ്ബുക്കില്‍ പങ്കുവെച്ച കത്തിലും അദ്ദേഹം ഈ പരാമര്‍ശം ആവര്‍ത്തിച്ചിരുന്നു.

പിണറായിയുടെ മറുപടി

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വിമര്‍ശനങ്ങള്‍ക്കും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്കും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ വിയോജിപ്പുകള്‍ സ്വാഭാവികമാണെങ്കിലും വ്യക്തിഹത്യ നടത്തുന്ന പ്രസ്താവനകളെ താന്‍ തള്ളിക്കളയുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പിണറായി വിജയന്‍, കേരളത്തിന്റെ പുരോഗതി തെളിയിക്കുന്ന വസ്തുതകളും ചരിത്രപരമായ യാഥാര്‍ത്ഥ്യങ്ങളും നിരത്തിക്കൊണ്ട് സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് വാദങ്ങളെയും ചോദ്യം ചെയ്തു.

എല്‍ഡിഎഫ് സര്‍ക്കാരിന് ജനങ്ങളോട് ഉത്തരാവാദിത്തമുള്ളത് അഞ്ച് വര്‍ഷത്തിലൊരിക്കലല്ലെന്നും അത് തുടര്‍ച്ചയായ പ്രക്രിയയാണെന്നും പിണറായി വിജയന്‍ മറുപടി കത്തില്‍ വ്യക്തമാക്കി. തെളിവുകളുടെ പിന്‍ബലമില്ലാത്ത പ്രസ്താവനകളാണ് രേവന്ത് റെഡ്ഡി നടത്തുന്നതെന്നും സര്‍ക്കാരിന്റെ പുരോഗതി റിപ്പോര്‍ട്ടുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ നേട്ടങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തെ ചരിത്രപരമായ യാഥാര്‍ത്ഥ്യങ്ങള്‍ നിരത്തിയാണ് മുഖ്യമന്ത്രി പ്രതിരോധിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ദശകത്തില്‍ തന്നെ ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നത് ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്നാല്‍ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 356 ദുരുപയോഗം ചെയ്ത് ആ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കുകയായിരുന്നുവെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

വികേന്ദ്രീകൃത ഭരണ സംവിധാനം 1993-ലെ ഭരണഘടനാ ഭേദഗതികള്‍ക്കും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ കേരളത്തിലെ ആദ്യ സര്‍ക്കാര്‍ വിഭാവനം ചെയ്തതാണ്. 1980-കളിലെ സാക്ഷരതാ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. 1996-ല്‍ നടപ്പിലാക്കിയ ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ സ്റ്റേറ്റ് പ്ലാനിന്റെ മൂന്നിലൊന്നിലധികം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറിക്കൊണ്ട് ജനാധിപത്യ വികേന്ദ്രീകരണത്തില്‍ വലിയ വിപ്ലവം സൃഷ്ടിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചുവെന്നും മുഖ്യമന്ത്രി എടുത്തുപറഞ്ഞു.

നവകേരള മിഷനുകളിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും പിണറായി വിജയന്‍ കത്തില്‍ വിശദീകരിച്ചു. ആര്‍ദ്രം മിഷനിലൂടെ 670-ലധികം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ആധുനിക കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. വിദ്യാഭ്യാസ മേഖലയില്‍ 13,000 പൊതുവിദ്യാലയങ്ങള്‍ നവീകരിക്കുകയും 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കുകയും ചെയ്തു. 'സമഗ്ര' പോര്‍ട്ടലിലൂടെ 19,000 ഡിജിറ്റല്‍ പഠന വിഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയ സൂചികകളും കോണ്‍ഗ്രസിന്റെ വാദങ്ങളെ പൊളിക്കുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിതി ആയോഗിന്റെ കണക്ക് പ്രകാരം ഇന്ത്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള ഈ വാക്‌പോര് ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.