കൊച്ചി: വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് തനിക്ക് അറിവില്ലായിരുന്നു എന്ന് ഏറ്റുമാനൂരില്‍ ട്വന്റി 20 സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച വീണ നായര്‍. താന്‍ മുമ്പ് വോട്ടു ചെയ്തിരുന്നു, എന്നാല്‍ സ്ഥിരമായി വോട്ടു ചെയ്തിരുന്നില്ലെന്നും വീണ നായര്‍ പറഞ്ഞു. ഏറ്റുമാനൂര്‍ സ്ഥാനാര്‍ഥി ആരായാലും പിന്തുണയുമായി രംഗത്തുണ്ടാകുമെന്നും വീണ പറഞ്ഞു. ട്വന്റി 20 കേരളത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും. അതുകൊണ്ട് തന്നെ ആ പാര്‍ട്ടിയുമായി സഹകരിച്ചു മുന്നോട്ടു പോകുമെന്നും വീണ നായര്‍ വ്യക്തമാക്കി.

ട്വന്റി 20യിലെ വോട്ടില്ലാത്ത രണ്ടാമത്തെ സ്ഥാനാര്‍ഥിയാണ് വീണ. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് വോട്ടര്‍ പട്ടികയില്‍ വീണാ നായരുടെ പേരില്ലെന്ന് അറിയുന്നത്. മുമ്പ് ചങ്ങനാശേരിയില്‍ താമസിച്ചിരുന്ന വീണയ്ക്ക് അവിടെ വോട്ടുണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നു. പത്രിക സമര്‍പ്പിക്കുമ്പോള്‍ വോട്ടര്‍ പട്ടികയിലെ ക്രമനമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് പേരില്ലെന്ന് വ്യക്തമായത് ഈ സാഹചര്യത്തില്‍, ഏറ്റുമാനൂരില്‍ പകരം സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള നടപടികള്‍ ട്വന്റി 20 തുടങ്ങിയിട്ടുണ്ട്.

അതേസമയം ട്വന്റി 20 പെരുമ്പാവൂര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷ്മിപ്രിയയ്ക്ക് പകരം ട്വന്റി 20 പെരുമ്പാവൂരില്‍ ജിബി വര്‍ഗീസ് പാത്തിക്കലിനെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് പ്രാദേശിക നേതാവാണ് ജിബി വര്‍ഗീസ് പാത്തിക്കല്‍. വീണയ്ക്കു പകരം പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചേക്കും. മത്സരിക്കുന്നില്ലെന്ന കാര്യം വീണാ നായര്‍ സ്ഥിരീകരിച്ചു. വോട്ടര്‍പട്ടികയില്‍ പേരില്ലാത്ത രണ്ടു ചലച്ചിത്ര നടിമാരെ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത് എന്‍ഡിഎയ്ക്കും നാണക്കേടായി.

കോട്ടയത്തിനടുത്ത് പരിപ്പ് സ്വദേശിയായ വീണയെ ഏറ്റുമാനൂര്‍ മണ്ഡലത്തിലേക്കാണ് എന്‍ഡിഎ പ്രഖ്യാപിച്ചത്. പെരുമ്പാവൂര്‍ മണ്ഡലത്തില്‍ പ്രഖ്യാപിച്ചിരുന്ന ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലെന്ന് മനസിലായതോടെയാണ് ട്വന്റി 20 പാര്‍ട്ടി മറ്റു സ്ഥാനാര്‍ഥികളുടെയും കാര്യങ്ങള്‍ പരിശോധിച്ചത്. ഇതിലാണ് വീണയുടെ പേരും വോട്ടര്‍ പട്ടികയിലില്ലെന്ന് മനസിലായത്.


താന്‍ പേരു ചേര്‍ക്കാനുള്ള അപേക്ഷ കൊടുത്തിരുന്നെങ്കിലും അതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കും എന്നാണ് അറിഞ്ഞതെന്നു വീണാ നായര്‍ പ്രതികരിച്ചു. ഈ സാഹചര്യത്തില്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറുകയാണെന്ന് ട്വന്റി 20 നേതൃത്വത്തെ അറിയിച്ചതായും അവര്‍ വ്യക്തമാക്കി. പകരം സ്ഥാനാര്‍ഥിയെ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും വീണ വ്യക്തമാക്കി.

പെരുമ്പാവൂരില്‍ തുറന്ന എന്‍ഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും റോഡ് ഷോയും ഉദ്ഘാടനം ചെയ്യാന്‍ എത്തിയ കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ്, സ്റ്റീല്‍ മന്ത്രി ഭൂപതിരാജു ശ്രീനിവാസ വര്‍മ വേദിയിലിരിക്കെയാണു ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍പട്ടികയിലില്ല എന്ന കാര്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിയുന്നത്. തുടര്‍ന്ന് റോഡ് ഷോ റദ്ദാക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് ജിബി വര്‍ഗീസ് പാത്തിക്കലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശിയും യാക്കോബായ സഭ മാനേജിങ് കമ്മറ്റി അംഗവുമാണ് ജിബി പാത്തിക്കല്‍.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ ജിബി ട്രാവല്‍ ആന്‍ഡ് ടൂറിസം രംഗത്ത് യുകെ, ബഹറിന്‍, യുഎഇ എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മണ്ഡലം വൈസ് പ്രസിഡന്റ്, യാക്കോബായ യൂത്ത് അസോസിയേഷന്‍ പെരുമ്പാവൂര്‍ മേഖല സെക്രട്ടറി തുടങ്ങിയ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്വന്‍ി20 പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ മുതല്‍ പാര്‍ട്ടി അംഗമാണ്. കഴിഞ്ഞ ദിവസമാണ് ട്വന്റി 20 കണ്‍വീനര്‍ സാബു എം.ജേക്കബ് എന്‍ഡിഎയുടെ സ്ഥാനാര്‍ഥികളായി ചലച്ചിത്ര നടിമാരെ പ്രഖ്യാപിച്ചത്.


പെരുമ്പാവൂരില്‍ ലക്ഷ്മിപ്രിയയ്ക്കു പുറമെ തൃപ്പൂണിത്തുറയില്‍ അഞ്ജലി നായര്‍, ഏറ്റുമാനൂരില്‍ വീണാ നായര്‍ എന്നിവരായിരുന്നു സ്ഥാനാര്‍ഥികള്‍. ഇതിനു പുറമെ തൃക്കാക്കരയില്‍ റിയാലിറ്റി ഷോ വിജയിയും സംവിധായകനുമായ അഖില്‍ മാരാരുടെ പേരും പ്രഖ്യാപിച്ചിരുന്നു.