- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്മളാര്‍ക്ക് ഇന്ന് വോട്ട് ചെയ്യും? യുകെ മലയാളികള്‍ കടുത്ത ആശയക്കുഴപ്പത്തില്‍; ഋഷി സുനക് പടിയിറങ്ങേണ്ടി വരുന്നതു കാണേണ്ട സങ്കടത്തില്‍ മലയാളികളും !
ലണ്ടന്‍: ഇന്ന് ബ്രിട്ടന് തിരഞ്ഞെടുപ്പ് കണി കണ്ടു ഉണരുന്ന ദിവസമാണ്. കാലാവധി അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍ കൂടി കയ്യില്‍ ഉണ്ടെങ്കിലും നാണയപ്പെരുപ്പവും വിലക്കയറ്റവും ഇന്ധന വിലയും ഒക്കെ കൈപ്പിടിയില്‍ ഒതുങ്ങിയ സാഹചര്യത്തില്‍ ജനങ്ങള്‍ തന്റെ സര്‍ക്കാരിന് പിന്തുണ നല്‍കും എന്നാണ് പ്രധാനമന്ത്രി ഋഷി സുനക് കരുതിയത്. മെയ് മാസത്തില്‍ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കനത്ത പരാജയം ഏറ്റുവാങ്ങിയതും പ്രായോഗിക രാഷ്ട്രീയത്തിന്റ്രെ വക്താവല്ലാത്ത ഋഷി സുനകിനെ മറിച്ചു ചിന്തിപ്പിച്ചില്ല. പ്രാദേശിക തിരഞ്ഞെടുപ്പിലെ വിഷയങ്ങള്‍ക്ക് ഉപരിയായി ജനങ്ങള്‍ സുസ്ഥിര സര്‍ക്കാരിനും സാമ്പത്തിക അച്ചടക്കത്തിനും ഒക്കെ വോട്ടു ചെയ്യും എന്നാണ് ഋഷി ചിന്തിച്ചത്.
എന്നാല്‍ കഴിഞ്ഞ തവണ വംശീയത ഉയര്‍ത്തി ബ്രക്സിറ്റ് പാര്‍ട്ടി ആയി രംഗത്ത് വന്ന യുകിപ് പച്ച പിടിക്കാതെ പോയപ്പോളാണ് ആറു വര്‍ഷം മുന്‍പ് റീഫോം പാര്‍ട്ടി രൂപീകൃതമായത്. ഇപ്പോള്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് നഷ്ടമാകുന്ന വോട്ടുകള്‍ പിടിക്കുക എതിരാളികളായ ലേബറല്ല മറിച്ചു റീഫോം പാര്‍ട്ടി ആയിരിക്കും എന്നതാണ് ഏറ്റവും വലിയ അട്ടിമറിയായി മാറുന്നത്. ഇങ്ങനെ വോട്ടുകള്‍ ചിതറാന്‍ അവസരം സൃഷ്ടിച്ചു ലേബര്‍ പാര്‍ട്ടിക്ക് ചരിത്ര വിജയം സമ്മാനിക്കുകയാണ് ഈ തിരഞ്ഞെടുപ്പില്‍ റീഫോം പാര്‍ട്ടി നേതാവ് നൈജില്‍ ഫരാജിന്റെ റോള്‍.
ആര്‍ക്ക് വോട്ട്, മലയാളികള്‍ തീരുമാനം എടുക്കാന്‍ പ്രയാസപ്പെടുന്ന അസാധാരണ സാഹചര്യം, ബൂത്തിലെത്തുക ആര്‍ക്ക് വോട്ടെന്ന സംശയത്തോടെ
രാഷ്ട്രീയ കാലാവസ്ഥ ഇങ്ങനെ കലങ്ങി മറിഞ്ഞു കിടക്കുമ്പോള്‍ കേവലം മൂന്നു ലക്ഷം പേരെ പ്രതിനിധീകരിക്കുന്ന മലയാളികള്‍ ആര്‍ക്ക് വോട്ടു ചെയ്യും? മലയാളി കുടിയേറ്റത്തിന് വാതില്‍ തുറന്നിട്ട മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ സ്വാധീനത്തില്‍ വഴങ്ങി കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി മലയാളികളില്‍ നല്ല പങ്കും ലേബര്‍ പാര്‍ട്ടിക്കാണ് വോട്ടുകള്‍ നല്കിക്കൊണ്ടിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി ലേബര്‍ പാര്‍ട്ടിയില്‍ ചില പ്രീണന സ്വഭാവം രൂപം കൊള്ളുകയും ഇന്ത്യ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതും പരമ്പരാഗത ഇന്ത്യന്‍ വോട്ടുകളില്‍ വിള്ളല്‍ സൃഷ്ടിച്ചു.
ഇതിന്റെ പ്രതിഫലനം മലയാളി വോട്ടുകളെയും കണ്‍സര്‍വേറ്റീവ് പക്ഷത്ത് എത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ലേബര്‍ പാര്‍ട്ടി മോശം നേതൃത്വവുമായി രംഗത്ത് വന്നതും വിജയം ആര്‍ക്കെന്നു നോക്കി വോട്ടു ചെയ്യുന്ന മലയാളികളെ ലേബറില്‍ നിന്നും അകറ്റി നിര്‍ത്തിയ ഘടകമാണ്. ഇത്തരത്തില്‍ രണ്ടോ മൂന്നോ തവണയായി കണ്‍സര്‍വേറ്റീവുകള്‍ക്ക് വോട്ടു ചെയ്ത മലയാളികള്‍ ഇത്തവണ ആ തുടര്‍ വോട്ടുകള്‍ നല്കിയാല് പാഴായിപ്പോകുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ പങ്കിടുന്നത്.
ജയിക്കുന്നവര്‍ക്കൊപ്പം നില്ക്കുക എന്ന മാനസികാവസ്ഥയുടെ കൂടെപ്പിറപ്പായ മലയാളികള്‍ ഇന്ന് വോട്ടു ചെയ്യാന്‍ ഇറങ്ങുക പ്രവചനങ്ങളിലെ മുന്‍തൂക്കം നോക്കിയായിരിക്കാന് സാധ്യത ഏറെയാണ്. എന്നാല്‍ തങ്ങളുടെ ഒരു വോട്ടും ഋഷി സുനകിന് പുറത്തേക്കുള്ള വഴി തെളിക്കും എന്ന സാഹചര്യം മുന്നില്‍ നില്‍ക്കെ ആരെ പിന്താങ്ങും എന്ന ആശയക്കുഴപ്പമാണ് മലയാളി വോട്ടര്‍മാര്‍ പങ്കിടുന്ന വികാരം. ഒരിന്ത്യക്കാരനാണ് തങ്ങളുടെ പ്രധാനമന്ത്രി എന്ന് ഉറക്കെ പറഞ്ഞില്ലെങ്കിലും മനസ്സില്‍ മറച്ചു വച്ച ആ വികാരം നല്കിയ ആത്മാഭിമാനത്തില്‍ തല ഉയര്‍ത്തി നിന്നിരുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരില്‍ ഋഷി പുറത്തു പോകുന്ന സാഹചര്യം ചെറുതല്ലാത്ത സമ്മര്‍ദ്ദവും സൃഷ്ടിക്കുന്നുണ്ട്. പുറമെ പറയുമ്പോള്‍ ആര് ജയിച്ചാലും നമ്മള് നാളെ പണിക്ക് പോകണ്ടേ എന്ന ക്ളീഷേ ഡയലോഗ് ഒക്കെ ആവര്‍ത്തിക്കാമെങ്കിലും ഉള്ളിന്റെ ഉള്ളില്‍ ഇന്ത്യന്‍ വംശജന് ആണ് പ്രധാനമന്ത്രി എന്ന് പറയാനാകുന്ന ആത്മഹര്‍ഷം ഋഷി പടിയിറങ്ങുന്നതോടെ ഇല്ലാതാകുന്നു എന്നതാണ് ഇന്ന് പോളിംഗ് ബൂത്തില്‍ എത്തുന്ന മലയാളികളെ വോട്ടു കുത്തുമ്പോള്‍ വീണ്ടും വീണ്ടും സമ്മര്‍ദ്ദത്തിലാക്കുന്ന ഘടകം.
കുടിയേറ്റ വിഷയത്തില്‍ ഇളവ് പ്രതീക്ഷിക്കേണ്ട, നാട്ടുകാരുടെ കയ്യടി ജയിക്കുന്നവര്‍ക്ക് പ്രധാനം
കണ്‍സര്‍വേറ്റീവ് ജയിച്ചാലും ലേബര്‍ ജയിച്ചാലും മലയാളികള്‍ക്ക് ഏറ്റവും പ്രധാനമായ കുടിയേറ്റ വിഷയത്തില്‍ കടുംപിടുത്തം തുടരും എന്ന് വ്യക്തം. ലേബര്‍ മൃഗീയ ഭൂരിപക്ഷത്തോടെ ജയിച്ചാല്‍ അതില്‍ കുടിയേറ്റ വിഷയം ഉയര്‍ത്തിയതിന് കിട്ടുന്ന പിന്തുണയും പ്രധാനമാണ് എന്ന വിലയിരുത്തല്‍ ഉണ്ടാകും. അതിനാല്‍ കുടിയേറ്റ വിഷയത്തില്‍ പിന്നോക്കം പോയാല്‍ പിന്തുണ നല്കിയ വോട്ടര്‍മാരെ ചതിച്ചെന്ന പഴി കേള്‍ക്കേണ്ടി വരും.
കണ്‍സര്‍വേറ്റീവുകള്‍ ജയിച്ചാലും അവസാന നാളുകളില്‍ കുടിയേറ്റം നിയന്ത്രിക്കാന്‍ എടുത്ത നടപടികളാണ് ആ വിജയത്തില്‍ ഏറ്റവും പ്രധാനമായി തെളിഞ്ഞു നില്‍ക്കുന്നതെന്നും സ്യുവേല ബ്രെവര്‍മാനെ പോലുള്ളവര്‍ വാദിക്കാന്‍ ഉണ്ടാകും. അതിനാല്‍ ഏതു പാര്‍ട്ടി അധികാരത്തില്‍ വന്നാലും സ്കൂളുകളും ആശുപത്രികളും തിരക്കേറിയതാക്കിയ, വാടക വീടുകള്‍ കിട്ടാനില്ലാതാക്കിയ വമ്പന്‍ കുടിയേറ്റം ഇനി അനുവദിക്കാന്‍ ആകില്ല എന്ന നിലപാട് സ്വീകരിക്കാതെ ഒരു സര്‍ക്കാരിനും തുടരാനാകില്ല.
ചിതറാന്‍ പോകുന്നത് കണ്‍സര്‍വേറ്റീവ് വോട്ടുകള്‍ തന്നെ, ലേബര്‍ ജയിക്കുമെന്ന ചിന്തയ്ക്ക് കാരണവും ഇത് തന്നെ
വോട്ടെടുപ്പിന് ദിവസങ്ങള്‍ മുന്‍പ് നടന്ന സര്‍വേയിലും ഇനിയും ആര്‍ക്കാണ് വോട്ടെന്നു തീരുമാനിക്കാത്തതു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പിന്തുണക്കാരാണ്. ഇവരെ അപേക്ഷിച്ചു നോക്കുമ്പോള്‍ ലേബര്‍ പക്ഷത്തു വളരെ ചുരുക്കം പേര്‍ക്കേ ഈ സംശയം നിലനില്ക്കുന്നുള്ളൂ. നാലു വര്‍ഷം മുന്‍പ് കണ്‍സര്‍വേറ്റീവിന് വോട്ടു ചെയ്തവരില്‍ 45 ശതമാനം പേരും ഇപ്പോഴും തീരുമാനം എടുത്തിട്ടില്ല എന്നാണ് കഴിഞ്ഞ ദിവസം നടന്ന സര്‍വേയില്‍ കണ്ടെത്തിയത്. എന്നാല്‍ ലേബറിന് വോട്ടു ചെയ്തവരില്‍ വെറും 15 ശതമാനം മാത്രമേ അവസാന നിമിഷ തീരുമാനത്തിന് കാത്തിരിക്കുന്നുള്ളൂ. കൂടുതല്‍ ചെറുപ്പക്കാരാണ് ഈ തീരുമാനം എടുക്കാന്‍ കാത്തിരിക്കുന്നവര്‍ എന്നതും പ്രത്യേകതയാണ്.
ലേബറിനെ കാത്തിരിക്കുന്നത് മോദിക്ക് പറ്റിയ അബദ്ധമെന്നു വിലയിരുത്തല്‍
വമ്പന്‍ ഭൂരിപക്ഷം കിട്ടും എന്ന സര്‍വേകള്‍ കണ്ടു സന്തോഷിച്ചിരിക്കുന്ന ലേബറിന് ഇന്ത്യയില്‍ മോദിക്ക് പറ്റിയ അബദ്ധം ഉണ്ടാകും എന്നാണ് ഇപ്പോള്‍ കണ്‍സര്‍വേറ്റീവുകള്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നത്. മാധ്യമങ്ങള്‍ പറയുന്നത് പോലെയല്ല കാര്യങ്ങള്‍ എന്നും ഭരണ വിരുദ്ധ വികാരം അത്ര ശക്തം അല്ലെന്നുമാണ് പ്രാദേശികമായി ടോറികള്‍ കണ്ടെത്തിയിരിക്കുന്നത്. പ്രചാരണ രംഗത്ത് ടോറികള്‍ക്ക് സംയുക്ത നീക്കം നടത്താനായില്ല എന്നതും പാര്‍ട്ടി അല്പം ഇടറിയതും ഉയര്‍ത്തി കാട്ടാന്‍ ഋഷി അല്ലാതെ നേതാവ് ഇല്ലാതെ പോയതും ഒക്കെ വീഴ്ച ആണെങ്കിലും ലേബര്‍ അപ്രമാദിത്വം കാട്ടുന്ന വിജയം നേടില്ല എന്നാണ് ടോറികള്‍ വിലയിരുത്തുന്നത്. മാധ്യമങ്ങളുടെ സര്‍വേഫലങ്ങള്‍ ചില അജണ്ടകളുടെ ഭാഗം ആണെന്നും അടുത്തിടെ ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ ഇത് കണ്ടതാണ് എന്നുമാണ് ടോറികള്‍ ആശ്വസിക്കുന്നത്.