ന്യൂഡല്‍ഹി: എച്ച് 1 ബി വീസയ്ക്കുള്ള വാര്‍ഷിക ഫീസ് ഒരുലക്ഷം ഡോളറായി ഉയര്‍ത്തുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചതോടെ കടുത്ത ആശങ്കയാണ് ലോകമെങ്ങും. നിലവില്‍ എച്ച് 1 ബി വീസ ഉള്ളവര്‍ അടക്കം വാര്‍ഷിക ഫീസ് നല്‍കേണ്ടി വരുമെന്ന ധാരണയില്‍ എങ്ങനെയെങ്കിലും അമേരിക്കയില്‍ എത്താന്‍ തിരിക്കുകൂട്ടുന്ന അവസ്ഥ ഉണ്ടായിരുന്നു. ഇതോടെ എച്ച് 1 ബി വീസ വിഷയത്തില്‍ വീശദീകരണവുമായി വൈറ്റ്ഹൗസ് രംഗത്തുവന്നു.

എച്ച് 1 ബി വീസയിലെ പുതിയ ഫീസ് പുതിയ അപേക്ഷകള്‍ക്കാണ് ഇതു ബാധകമാകുക. നിലവിലെ വീസ പുതുക്കുമ്പോള്‍ വര്‍ധനയുണ്ടാകില്ല. ഒരു ലക്ഷം ഡോളര്‍ വാര്‍ഷിക ഫീസ് അല്ലെന്നും ഒറ്റത്തവണ ഫീസ് ആണെന്നും അധികൃതര്‍ വിശദീകരിച്ചു. പുതുക്കുമ്പോള്‍ ഒരു ലക്ഷം നല്‍കേണ്ട. നിലവില്‍ രാജ്യത്തിനു പുറത്തുള്ള, എച്ച്1ബി വീസ കൈവശമുള്ളവര്‍ക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാന്‍ 100,000 ഡോളര്‍ ഫീസ് നല്‍കേണ്ടതില്ല.

ട്രംപ് ഭരണകൂടം എച്ച്1ബി വീസയുടെ ഫീ, വര്‍ഷം ഒരു ലക്ഷം ഡോളറാക്കി (ഏകദേശം 88 ലക്ഷം രൂപ) വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ രണ്ടര മുതല്‍ 5 ലക്ഷം രൂപയായിരുന്ന ഫീയാണു കുത്തനെ ഉയര്‍ത്തിയത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന് ഇന്നുമുതലാണു പ്രാബല്യം. യുഎസില്‍ നിലവിലുള്ള എച്ച്1ബി വീസക്കാരില്‍ 71% ഇന്ത്യക്കാരാണ്. ഇക്കൂട്ടര്‍ക്ക് വലിയ തിരിച്ചടിയായിയിരുന്നു ട്രംപിന്റെ പ്രഖ്യാപനം. വൈറ്റ്ഹൗസിന്റെ വിശദീകരണത്തോടെ നിലവില്‍ അമേരിക്കയില്‍ ഈ വിസയുള്ള ഇന്ത്ക്കാര്‍ക്ക് ആശ്വാസമായി മാറി.

യുഎസില്‍ ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമായ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ പ്രധാനമായും ആശ്രയിക്കുന്നത് എച്ച്1ബി വീസയാണ്. കുടിയേറ്റം തടയുന്നതിനാണ് ഫീ കൂട്ടുന്നതെന്ന് ഉത്തരവില്‍ ഒപ്പിട്ട് ട്രംപ് പറഞ്ഞു. കമ്പനികളാണ് ഫീ നല്‍കേണ്ടത്.

എച്ച് 1 ബി, എച്ച് 4 വീസയുള്ളവര്‍ അടുത്ത 14 ദിവസത്തേക്ക് യുഎസില്‍ തുടരണമെന്നും നിലവില്‍ യുഎസിനു പുറത്തുള്ള ജീവനക്കാര്‍ ഇന്ന് തിരികെ എത്തണമെന്ന് മെറ്റ, മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യുഎസ് ഉദ്യോഗസ്ഥന്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ഇതോടെ വിദേശത്തുള്ളവര്‍ ഏതു വിധേനയും അമേരിക്കയിലേക്ക് മടങ്ങന്‍ ശ്രമം തുടങ്ങിയപ്പോള്‍ വിമാനത്താവളങ്ങളില്‍ അടക്കം തിരക്കു വര്‍ധിച്ചിരുന്നു.


അതേസമയ എച്ച് വണ്‍ ബി വിസ ഫീസ് വര്‍ദ്ധന ഗുരുതര മാനുഷിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഫീസ് വര്‍ദ്ധനയുടെ പ്രത്യാഘാതങ്ങള്‍ പഠിച്ചുവരികയാണെന്നും അമേരിക്കന്‍ അധികൃതര്‍ ഇക്കാര്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറയിച്ചു.

അമേരിക്കയുടെ ഈ പുതിയ നയം, കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമാണെന്നും വിഷയത്തിന്റെ എല്ലാ വശങ്ങളും വിലയിരുത്തുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇരു രാജ്യങ്ങളിലെയും വ്യവസായങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വളര്‍ച്ചയ്ക്കും സാങ്കേതികവിദ്യയുടെ പുരോഗതിക്കും വിദേശത്തുനിന്നുള്ള കഴിവുള്ളവരുടെ പങ്കാളിത്തം നിര്‍ണായകമാണെന്ന് ഇന്ത്യ ഊന്നിപ്പറഞ്ഞു. അമേരിക്കയിലെയും ഇന്ത്യയിലെയും വ്യവസായങ്ങള്‍ക്ക് നവീകരണത്തിലും സര്‍ഗ്ഗാത്മകതയിലും പങ്കാളിത്തമുണ്ട്. അതിനാല്‍, ശക്തമായ ജനകീയ ബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള പരസ്പര നേട്ടങ്ങള്‍ പരിഗണിച്ച് ഈ നടപടികള്‍ വിലയിരുത്തേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു

'അമേരിക്കയിലും ഇന്ത്യയിലും സമ്പദ് സൃഷ്ടിക്കും, മത്സരക്ഷമതയ്ക്കും, സാമ്പത്തിക വളര്‍ച്ചയ്ക്കും നവീകരണത്തിനും സാങ്കേതിക വികസനത്തിനും വിദഗ്ധരായ ടെക് വിദഗ്ധരുടെ കൈമാറ്റവും മറ്റും വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്. അതിനാല്‍, പരസ്പര നേട്ടങ്ങള്‍ കണക്കിലെടുത്ത് നയരൂപകര്‍ത്താക്കള്‍ സമീപകാല നടപടികള്‍ വിലയിരുത്തും. അതില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ജനസമ്പര്‍ക്കവും ഉള്‍പ്പെടുന്നു'- വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

എച്ച് വണ്‍ ബി വിസയുടെ വാര്‍ഷിക ഫീസ് 1,00,000 ഡോളര്‍ (ഏകദേശം 88,09,180 രൂപ) ഇടാക്കാനുള്ള വിജ്ഞാപനത്തില്‍ ഒപ്പുവച്ച് യു,എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചതോടെ അത് ഏറ്റവും സാരമായി ബാധിക്കുക ഇന്ത്യന്‍ ടെക്കികള്‍ക്കാണ്. ഫീസ് ഉയര്‍ന്നതോടെ ഇന്ത്യക്കാരെ തഴഞ്ഞ് തദ്ദേശ വഴിയില്‍ ജോലിക്കാരെ തേടാന്‍ അമേരിക്കന്‍ ടെക് കമ്പനികളും നിര്‍ബന്ധിതരായേക്കും. ട്രംപിന്റെ നീക്കം ശരിക്കും ടെക് ഭീമന്‍മാര്‍ക്ക് വലിയ പ്രഹരമായിരിക്കയാണ്.

ഉന്നത വിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യവും ആവശ്യമുള്ള മേഖലകളില്‍ വിദേശത്തുനിന്നുള്ള പ്രൊഫഷണലുകളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്നതാണ് എച്ച് വണ്‍ ബി വിസ. ഇന്ത്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ എച്ച് വണ്‍ ബി വിസക്കായുള്ള അപേക്ഷകള്‍ എത്തുന്നതും.

'ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജോലികള്‍ക്കായി ഏറ്റവും മികച്ച വിദേശ ഉദ്യോഗാര്‍ഥികളെ കൊണ്ടുവരാനാണ് എച്ച്-1ബി വിസ നല്‍കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. എന്നാല്‍, വര്‍ഷം 60,000 ഡോളര്‍ വരെ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ തയ്യാറുള്ള വിദേശ തൊഴിലാളികളെ എത്തിക്കാനുള്ള ഒരു മാര്‍ഗ്ഗമായി ഇതു മാറി. സാങ്കേതികവിദ്യാ തൊഴിലാളികള്‍ക്ക് സാധാരണയായി യു.എസ്. നല്‍കുന്ന 1,00,000-ല്‍ പരം ഡോളര്‍ ശമ്പളത്തേക്കാള്‍ വളരെ കുറവാണ് വിസ ഫീസ്.' സര്‍ക്കാര്‍ തീരുമാനത്തെ ടെക് വ്യവസായം എതിര്‍ക്കില്ലെന്നും അവര്‍ വളരെ സന്തുഷ്ടരായിരിക്കുമെന്നും ട്രംപ് പ്രതികരിച്ചു.

ടെക് മേഖലകളില്‍ ജോലി നോക്കുന്നവരെയാണ് പ്രധാനമായും പുതിയ പരിഷ്‌കാരം ബാധിക്കുക. പ്രത്യേകിച്ച് ഇന്ത്യയില്‍നിന്നുള്ള ഉദ്യോഗാര്‍ഥികളെ. എച്ച് വണ്‍ ബി വിസ അപേക്ഷകരുടെ കണക്കില്‍ ഇന്ത്യ മുന്നിലാണ്. ചൈനയും കാനഡയുമാണ് തൊട്ടുപിന്നില്‍. ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം തുടങ്ങിയ മേഖലകളില്‍, ഒഴിവുകള്‍ നികത്താന്‍ പ്രയാസമുള്ള ജോലികളില്‍ ബിരുദമോ അതില്‍ കൂടുതലോ യോഗ്യതയുള്ള ആളുകള്‍ക്കായി 1990-ലാണ് എച്ച്1-ബി വിസ പദ്ധതി ആരംഭിച്ചത്.

കുറഞ്ഞ വേതനം നല്‍കാനും തൊഴില്‍ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിക്കാനും ഇത് കമ്പനികളെ അനുവദിച്ചിരുന്നു. ഇതോടെ വലിയ കമ്പനികള്‍ ഉപയോഗപ്പെടുത്തി വന്ന സൗകര്യവും ഉല്ലാതെയായി. ശരാശരി 2.5 ലക്ഷം തൊട്ട് 5 ലക്ഷം രൂപ വരെയായിരുന്നു എച്ച് വണ്‍ ബി വിസയ്ക്ക് ഈടാക്കിയിരുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും തൊഴിലുടമയാണ് അടക്കേണ്ടിയിരുന്നത്.

10,000-ത്തില്‍ അധികം എച്ച്-1ബി വിസകള്‍ നേടി ആമസോണ്‍ ആണ് ഈ വര്‍ഷം മുന്നിട്ട് നില്‍ക്കുന്നത്. തൊട്ടുപിന്നാലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഗൂഗിള്‍ എന്നിവയുമുണ്ട്. കാലിഫോര്‍ണിയയിലാണ് ഏറ്റവും കൂടുതല്‍ എച്ച്-1ബി തൊഴിലാളികളുള്ളത്. ട്രംപിന്റെ പുതിയ ഉത്തരവോടെ ഈ കമ്പനികള്‍ക്കെല്ലാം പ്രതിസന്ധിയാണ് ഉണ്ടായത്.