ഗസ്സയിലെ അഭയാര്‍ഥി കേന്ദ്രമായ സ്കൂളും ആശുപത്രിയും ബോംബിട്ട് തകര്‍ത്ത് ഇസ്രായേല്‍; യുദ്ധഭീതിയില്‍ ഇസ്രായേലിന് കൂടുതല്‍ സൈനിക സഹായവുമായി യു.എസ്
- Share
- Tweet
- Telegram
- LinkedIniiiii
ഗസ്സസിറ്റി: ഗാസയില്‍ ഫലസ്തീനികളുടെ അഭയ കേന്ദ്രമായിരുന്ന ഗസ്സയിലെ സ്കൂള്‍ ബോംബിട്ട് തകര്‍ത്ത് ഇസ്രായേല്‍. ശൈഖ് റദ്വാനിലെ സ്കൂളിനു നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ സ്കൂള്‍ പൂര്‍ണമായി തകര്‍ന്നു. ആദ്യത്തെ ബോംബാക്രമണത്തിന് ശേഷം ആളുകളെ ഒഴിപ്പിക്കുന്നതിനിടയിലും തുടര്‍ച്ചയായി ബോംബാക്രമണം നടന്നതായും റിപ്പോര്‍ട്ടുണ്ട്.
അതിനു പിന്നാലെ അല്‍ അഖ്സ മാര്‍ട്ടിയേഴ്സ് ആശുപത്രിക്കു നേരെയും ബോംബാക്രമണമുണ്ടായി. മൂന്നു പേര് കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്ത ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 1000 ആയി. ജബലിയയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡര്‍ അടക്കം 9 പേരും കൊല്ലപ്പെട്ടു.
ഇതിനിടെ, ശരീരത്തിന് തൊട്ടടുത്ത് നിന്നുണ്ടായ ആക്രമണത്തിലാണ് ഹമാസ് രാഷ്ട്രീയ കാര്യ തലവന്‍ ഇസ്മായില്‍ ഹനിയേ കൊല്ലപ്പെട്ടതെന്ന് ഇറാന് സ്ഥിരീകരിച്ചു. ടെഹ്റാനില്‍ വച്ച് നടന്ന ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്നും ഇറാന് വ്യക്തമാക്കിയിട്ടുണ്ട്. ഹമാസ് രാഷ്ട്രീയ കാര്യ തലവന്‍ ഇസ്മായില്‍ ഹനിയേ ഇറാനിലെ ടെഹ്റാനില്‍ തന്റെ ഗസ്റ്റ്ഹൗസിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായി ഇറാന് അറിയിച്ചു.
ബുധനാഴ്ചയുണ്ടായ സംഭവത്തില്‍ ഹനിയേയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടതായി ഇറാന് അറിയിച്ചു. ഇറാന്റെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനായാണ് ഹനിയേ ടെഹ്റാനിലെത്തിയത്. ഇസ്രായേല്‍ അമേരിക്കയുടെ സഹായത്തോടെ നടപ്പാക്കിയ ആക്രമണമാണെന്ന് ഇറാന് ആരോപിച്ചു.എന്നാല്‍, ഇസ്രായേല്‍ ആരോപണത്തോട് പ്രതികരിച്ചിട്ടില്ല.
അതിനിടെ ഇറാന് തിരിച്ചടി ഭീതി ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ ഇറാനെ പ്രതിരോധിക്കാന്‍ ഇസ്രായേലിന് യു.എസ് പ്രസിഡന്റ് ജോ ബൈഡന് കൂടുതല്‍ സൈനിക സഹായം വാഗ്ദാനം ചെയ്തു. പശ്ചിമേഷ്യന്‍ മേഖലയിലേക്ക് വിമാന വാഹിനികപ്പല്‍ അയക്കാനും പെന്റഗണ്‍ തീരുമാനിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത രൂക്ഷമായ സാഹചര്യത്തില്‍ പശ്ചിമേഷ്യന്‍ മേഖലകയിലേക്ക് ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ ശേഷിയുള്ള ക്രൂയിസറുകളും
ഡിസ്ട്രോയറുകളും യുദ്ധവിമാനങ്ങളും വിന്യസിക്കാന്‍ യു.എസ് പ്രതിരോധ വകുപ്പ് ഉത്തരവിടുകയും ചെയ്തു. കര അധിഷ്ടിത ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ ആയുധങ്ങള്‍ അയക്കാനും നടപടി സ്വീകരിച്ചായി യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് അറിയിച്ചു. വ്യാഴാഴ്ചയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് ബൈഡന് ബാലിസ്റ്റിക് മിസൈലുകളില്‍ നിന്നും ഡ്രോണുകളില്‍ നിന്നും സാധ്യമായ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി പുതിയ യു.എസ് സൈനിക വിന്യാസത്തെക്കുറിച്ച് ചര്‍ച്ച ചെയ്തത്. കഴിഞ്ഞ ഏപ്രിലിലും യു.എസ് ഇസ്രായേലിന് സഹായവുമായി എത്തിയിരുന്നു.
സംഘര്‍ഷ സാധ്യത രൂക്ഷമായ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് രാജ്യം വിടാന്‍ ലെബനാനിലെ പൗരന്മാര്ക്ക് യു.എസ് എംബസി നിര്‍ദേശം നല്കി. കിട്ടുന്ന വിമാനത്തില്‍ രാജ്യത്തേക്ക് എത്തണമെന്നാണ് അടിയന്തര നിര്‍ദേശം. ഹനിയ്യയെ ഇസ്രായേല്‍ വധിച്ചത് ഹ്രസ്വ ദൂര പ്രൊജക്ടൈലുകള്‍ ഉപയോഗിച്ചാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇറാന് അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
അതിനിടെ, അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ തുല്‍ക്കറെം നഗരത്തിനടുത്ത് ഇസ്രായേല്‍ നടത്തിയ രണ്ട് വ്യത്യസ്ത വ്യോമാക്രമണങ്ങളില്‍ ഒമ്പത് പേര് കൊല്ലപ്പെട്ടു. നബ്ലസ് മേഖലയിലെ ഖസ്സാം ബ്രിഗേഡ് നേതാവ് ഹൈതം ബലിദിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ഫലസ്തീന് ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ സായുധ വിഭാഗമായ അല്‍ ഖുദ്സ് ബ്രിഗേഡിന്റെ തലവന്മാരില് ഒരാളാണ് കൊല്ലപ്പെട്ട മറ്റൊരാളെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മറ്റു മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ കത്തിയിരുന്നു. ഫലസ്തീന് ഗ്രാമങ്ങളായ സെയ്ത, ഖാഫിന് എന്നിവയെ ബന്ധിപ്പിക്കുന്ന റോഡിനടുത്ത് കാറിനുനേരെയാണ് ശനിയാഴ്ച രാവിലെ ആദ്യം വ്യോമാക്രമണമുണ്ടായത്. അഞ്ച് പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.