- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാന് ഇനിയും വെള്ളംകുടി മുട്ടും; ഈ വേനലില്‍ രവിയിലെ വെള്ളം ഇന്ത്യ നല്‍കില്ല; മാര്‍ച്ച് അവസാനത്തോടെ ഷാഹ്പൂര്‍ കന്ദി ബാരേജ് നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയുടെ സംഭരണ ശേഷി കൂടും; പാക്കിസ്ഥാനിലേക്ക് ഒഴുക്കുന്ന അധികജലം ഇന്ത്യ നിലനിര്‍ത്തും; 'ഓപ്പറേഷന്‍ സിന്ദൂര്‍' പുതിയ രൂപത്തില്‍'
പാക്കിസ്ഥാന് ഇനിയും വെള്ളംകുടി മുട്ടും

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ പുതിയ രൂപത്തില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ഇന്ത്യ. പാക്കിസ്ഥാനിലേക്ക് ഒഴുക്കിവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കാനാണ് ഇന്ത്യയുടെ നീക്കം. സിന്ധു നദീജല ഉടമ്പടി തന്നെ മരവിപ്പിച്ചു നില്‍ക്കുന്ന ഘട്ടത്തില്‍ രവി നദിയില്‍ നിന്നുള്ള വെള്ളവും ഇന്ത്യ തടഞ്ഞേക്കുമെന്നാണ് സൂചനകള്‍. മാര്‍ച്ച് അവസാനത്തോടെ ഷാഹ്പൂര്‍ കന്ദി ബാരേജ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയ്ക്ക് ആവശ്യത്തിനുള്ള സംഭരണശേഷി ലഭിക്കും, ഇതോടെ പാക്കിസ്ഥാനിലേക്ക് ഒഴുക്കിവിടുന്ന അധികജലം ഇന്ത്യ നിലനിര്‍ത്തും.
ജമ്മു കശ്മീര്‍ മന്ത്രി ജാവേദ് അഹമ്മദ് റാണയാണ് ഈ വിവരം അറിയിച്ചത്. പാക്കിസ്ഥാനിലേക്ക് അധികജലം ഒഴുക്കുന്ന സാഹചര്യം നിര്‍ത്തണമെന്നും അതിനുള്ള തയാറെടുപ്പിലാണെന്നും അദ്ദേഹം പറയുന്നു. വരള്‍ച്ചാ മേഖലകളായ കത്വ, സാംബ ജില്ലകളിലേക്കായിരുന്നു വെള്ളം നല്‍കിയിരുന്നത്, ഒഴുക്ക് തടയുമ്പോഴുണ്ടാകുന്ന പ്രത്യാഘാതമെന്തെന്ന ചോദ്യത്തിന് പാക്കിസ്ഥാന്റെ കാര്യം എന്തിന് അന്വേഷിക്കുന്നുവെന്നും അവരുടെ പ്രശ്‌നങ്ങള്‍ അവര്‍ തീര്‍ക്കട്ടേയെന്നുമായിരുന്നു റാണയുടെ മറുപടി.
1960ലെ ഉടമ്പടിയനുസരിച്ച് സത്ലജ്, ബിയാസ്, രവി ഉള്‍പ്പെടുന്ന കിഴക്കന്‍ നദികളിലെ അവകാശം ഇന്ത്യക്കാണ്. സിന്ധു, ത്സലം, ചെനാബ് എന്നീ നദികളിലെ ജലമാണ് പാക്കിസ്ഥാന് അവകാശപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ സംഭരണശേഷിയുെട അഭാവത്താലാണ് രവിയിലെ വെള്ളം ഇതുവരെ ആ രാജ്യത്തിനു നല്‍കിയിരുന്നത്, ഇനി സാഹചര്യം തീര്‍ത്തും മാറും. പാക്കിസ്ഥാനിലെ കാര്‍ഷിക മേഖലയെ ഉള്‍പ്പെടെ മോശം രീതിയില്‍ ഈ നടപടി ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലാഹോര്‍,മുല്‍ട്ടാന്‍ പോലുള്ള പ്രധാന നഗരങ്ങളിലെ കുടിവെള്ള ലഭ്യതയേയും ബാധിച്ചേക്കും.
1979ലാണ് ഷാഹ്പുര്‍ കന്ദി പദ്ധതി രൂപകല്‍പ്പന ചെയ്തത്. 46 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പദ്ധതി പ്രാവര്‍ത്തികമാകാന്‍ പോകുന്നത്. 1982ല്‍ ഇന്ദിരാഗാന്ധി ശിലയിടല്‍ നടത്തിയെങ്കിലും പിന്നാലെ രാഷ്ട്രീയ തര്‍ക്കങ്ങളുടെ പേരില്‍ പദ്ധതി നിലച്ചു. 2013-ല്‍ വീണ്ടും നിര്‍മ്മാണം ആരംഭിച്ചെങ്കിലും 2014-ല്‍ പഞ്ചാബ്ജമ്മു കാശ്മീര്‍ തര്‍ക്കം മൂലം വീണ്ടും തടസപെട്ടു. 2018ല്‍ കേന്ദ്രം ഈ പദ്ധതിക്കായി 485 കോടി അനുവദിച്ചു, തുടര്‍ന്നാണ് പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.
അതേസമയം ഇന്ത്യയുടെ നീക്കത്തിനെതിരെ ഇതിനോടകം തന്നെ പാക്കിസ്ഥാന്‍ ഹേഗിലെ മധ്യസ്ഥ കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ രക്തവും വെള്ളവും ഒരുമിച്ച് ഒഴുക്കില്ലെന്നതു തന്നെയാണ് ഇന്ത്യന്‍ നിലപാട്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പഞ്ചാബിലെ 5,000 ഹെക്ടറോളം കാര്‍ഷിക മേഖലയ്ക്ക് ഇത് ഗുണം ചെയ്യും.
വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ലെന്ന് വ്യക്തമാക്കി നേരത്തേ സിന്ധൂനദീജല വിതരണക്കരാറില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങിയത് പാക്കിസ്ഥാന് കനത്ത അടിയായിരുന്നു. തൊട്ടുപിന്നാലെ ഇന്ത്യ ജമ്മു കശ്മീരിലെ ചെനാബ് നദിയില്‍ വമ്പന്‍ ജലവൈദ്യുതി പദ്ധതി ആവിഷ്‌കരിച്ചത് പാക്കിസ്ഥാന് കൂടുതല്‍ ആഘാതവുമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ തീരുമാനം. നേരത്തേ രവി നദിയില്‍ നിന്ന് ഇന്ത്യയുടെ ആവശ്യംകഴിഞ്ഞുള്ള അധികജലം പാക്കിസ്ഥാനിലേക്ക് ഒഴുക്കിയിരുന്നു. സമ്പദ്‌വ്യവസ്ഥയുടെ മുന്തിയപങ്കും കൃഷിയെ ആശ്രയിക്കുന്ന പാക്കിസ്ഥാന് ഇത് വലിയ ആശ്വാസവുമായിരുന്നു.
1960ല്‍ ലോകബാങ്കിന്റെ മധ്യസ്ഥയില്‍ തയാറാക്കിയ കരാര്‍ പ്രകാരം സത്‌ലജ്, രവി തുടങ്ങിയ 'കിഴക്കന്‍' നദികളിലെ (ഈസ്റ്റേണ്‍ റിവേഴ്‌സ്) വെള്ളം പൂര്‍ണമായി ഉപയോഗിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. വെസ്റ്റേണ്‍ നദികളായ സിന്ധു, ചെനാബ്, ഝലം എന്നിവയിലെ വെള്ളത്തിന് ഇതേ അധികാരം പാക്കിസ്ഥാനുമുണ്ട്.
എന്നാല്‍, പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ കരാരില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. ഭീകര്‍ക്ക് സര്‍വപിന്തുണയും നല്‍കുകയെന്ന നിലപാടില്‍ നിന്ന് പാക്കിസ്ഥാന്‍ പൂര്‍ണമായും പിന്തിരിയുംവരെ ഇനി ഒരു ബന്ധവുമുണ്ടാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ചെനാബ് നദിയിലെ ജലവൈദ്യുത പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കണമെന്ന് ഇതിനിടെ പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ തള്ളിയെന്നാണ് വിവരം.
പാക്കിസ്ഥാന്റെ ജിഡിപിയുടെ 25% പങ്കുവഹിക്കുന്നത് കാര്‍ഷിക മേഖലയാണ്. പാക്കിസ്ഥാന്‍ കാര്‍ഷിക മേഖലയ്ക്കുള്ള 80% ജലവും എത്തിയിരുന്നതാകട്ടെ സിന്ധു നദിയില്‍ നിന്ന്. ഇന്ത്യ പാക്കിസ്ഥാന് വെള്ളത്തില്‍ നല്‍കിയ ഷോക്കിന്റെ ശക്തി ഇതില്‍നിന്ന് വ്യക്തം. ചെനാബ്, രവി നദികളിലെ വെള്ളവും കൂടി ലഭിക്കാതാവുന്നത് പാക്കിസ്ഥാന് വന്‍ തിരിച്ചടിയാകും. ഇന്ത്യയുടെ നിബന്ധനകള്‍ക്ക് വഴങ്ങേണ്ട സ്ഥിതിയിലേക്ക് പാക്കിസ്ഥാന്‍ എത്തിയേക്കും.


