വാഷിങ്ടണ്‍: അലസ്‌ക്കയില്‍ ട്രംപ്- പുടിന്‍ ഉച്ചകോടി നടക്കവേ ലോകം വലിയ പ്രതീക്ഷയിലാണ്. യുക്രൈനുമായി റഷ്യ മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിക്കുമെന്നാണ് ലോകം പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. എന്നാല്‍, തങ്ങള്‍ക്ക് നേട്ടമല്ലാത്ത കാര്യം പുടിന്‍ അംഗീകരിക്കില്ലെന്ന കാര്യം ഉറപ്പാണ്. രണ്ട് പ്രവശ്യങ്ങള്‍ എങ്കിലും യുക്രൈന് നഷ്ടമാകുമെന്ന കാര്യം ഉറപ്പാണ്. സെലന്‍സ്‌കി അതിന് സന്നദ്ധമാകുമോ എന്നാണ് അറിയേണ്ടത്.

റഷ്യ -യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപ് -പുടിന്‍ ഉച്ചകോടി അലാസ്‌കയില്‍ തന്നെയാകുമെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ മണ്ണിലെത്താന്‍ സന്നദ്ധത കാണിച്ച പുടിന്റെ തീരുമാനം ആദരണിയമെന്ന് ട്രംപ് പറഞ്ഞു. വെള്ളിയാഴ്ചയാണ് കൂടിക്കാഴ്ച്ച നടക്കുക. ഉച്ചകോടിക്കായി അലാസ്‌ക തിരഞ്ഞെടുത്തതിനു പിന്നില്‍ ചില കാരണങ്ങളുണ്ട്. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് അലാസ്‌ക്ക. അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായ അലാസ്‌ക കാനഡയുടെയും റഷ്യയുടെയും അതിര്‍ത്തി പങ്കിടുന്ന വടക്കേ അറ്റത്തുള്ള പ്രദേശമാണിത്.

1867 വരെ റഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അലാസ്‌ക അമേരിക്കയുടെ ഭാഗമായി മാറിയത് ചരിത്രപരമായ ഒരു കരാറിലൂടെയായിരുന്നു. ഡാനിഷ് പര്യവേഷകനായ വിറ്റസ് ബെറിങ്ങ് 1741-ല്‍ ഈ പ്രദേശം കണ്ടെത്തിയതോടെയാണ് യൂറോപ്യന്‍മാര്‍ക്ക് ഈ ഭൂമി പരിചയമാകുന്നത്. റഷ്യന്‍ തിമിംഗല വേട്ടക്കാരും രോമ വ്യവസായികളും ഇവിടെ താവളമുറപ്പിച്ചു. എന്നാല്‍ റഷ്യന്‍ സാമ്രാജ്യത്തിന് അലാസ്‌കയില്‍ അത്ര താല്‍പര്യമുണ്ടായിരുന്നില്ല. സാമ്പത്തികമായി നേട്ടങ്ങളുണ്ടാക്കുന്നില്ലെന്നതിനു പുറമേ, ബ്രിട്ടീഷ് അധിനിവേശശക്തികളില്‍ നിന്ന് ഈ പ്രദേശത്തെ സംരക്ഷിക്കുന്നത് ബുദ്ധിമുട്ടാണെന്ന് റഷ്യയ്ക്ക് തോന്നി. റഷ്യയുടെ ഈ സാഹചര്യം മുതലെടുത്ത് അമേരിക്ക അലാസ്‌ക വാങ്ങുകയായിരുന്നു.

1867 മാര്‍ച്ച് 30-ന് 72 ലക്ഷം ഡോളറിന് റഷ്യ അലാസ്‌ക അമേരിക്കയ്ക്ക് വിറ്റു. അക്കാലത്ത് അമേരിക്കയിലെ പലരും ഈ നീക്കത്തെ എതിര്‍ത്തിരുന്നുവെങ്കിലും പിന്നീട് അലാസ്‌കയുടെ പ്രാധാന്യം അമേരിക്ക തിരിച്ചറിഞ്ഞു. അലാസ്‌കയിലെ സ്വര്‍ണ്ണ ശേഖരം കണ്ടെത്തിയതും, മീന്‍പിടിത്തത്തിന്റെയും പ്രകൃതി വിഭവങ്ങളുടെയും സാധ്യതകള്‍ തിരിച്ചറിഞ്ഞതും ഈ പ്രദേശത്തെ അമേരിക്കയുടെ സാമ്പത്തിക ഭാവിയുടെ നിര്‍ണായക ഘടകമാക്കി മാറ്റി. 1959 ജനുവരി 3-ന് അലാസ്‌ക അമേരിക്കയുടെ 49-ാമത് സംസ്ഥാനമായി മാറി.




ഈ സ്ഥലം ഉച്ചകോടിക്കായി ട്രംപ് തിരഞ്ഞെടുത്തതിന് വേറെയുമുണ്ട് ചില കാരണങ്ങള്‍. നിലവില്‍ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അമേരിക്ക ആ കോടതിയുടെ ഭാഗമല്ലാത്തതുകൊണ്ട് അലാസ്‌കയില്‍ വെച്ച് പുടിനെ അറസ്റ്റ് ചെയ്യാനാവില്ല. 88 കിലോമീറ്റര്‍ ദൂരം മാത്രം ബെറിങ് കടലിടുക്കിനു മുകളിലൂടെ പറന്ന്, മറ്റൊരു രാജ്യവും തൊടാതെ പുടിന് സുരക്ഷിതമായി അലാസ്‌കയില്‍ ഇറങ്ങാനുമാകും.

അലാസ്‌കയില്‍ നടത്തുന്ന ചര്‍ച്ചയില്‍ യുക്രെയ്‌നെക്കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം യൂറോപ്യന്‍ രാജ്യങ്ങള്‍ അടക്കം ഉന്നയിച്ചെങ്കിലും ട്രംപ് നിര്‍ദേശം തള്ളിയിരുന്നു. യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയെക്കൂടി പങ്കെടുപ്പിക്കണമെന്നാണ് ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടെ രാജ്യങ്ങള്‍ ആവശ്യപ്പെട്ടത്. യുകെ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, പോളണ്ട്, ഫിന്‍ലന്‍ഡ്, യൂറോപ്യന്‍ കമ്മിഷന്‍ എന്നിവരുടെ സംയുക്ത പ്രസ്താവനയാണു പുറത്തുവന്നിരുന്നു. യുഎസും റഷ്യയും തമ്മില്‍ എന്തു കരാറായാലും യുക്രെയ്‌നിനെയും യൂറോപ്യന്‍ യൂണിയനെയും പങ്കെടുപ്പിച്ചുകൊണ്ടുള്ളതാകണമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി കായ കല്ലാസ് ആവശ്യപ്പെട്ടത്. യുക്രെയ്‌നിനെ പങ്കെടുപ്പിക്കാതെയുള്ള തീരുമാനങ്ങള്‍കൊണ്ടു ഫലമുണ്ടാകില്ലെന്ന് സെലെന്‍സ്‌കിയും പറഞ്ഞിരുന്നു.

അതിനിടെ അലാസ്‌കയിലെ നിര്‍ണായക ഉച്ചകോടിക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, യുക്രെയ്ന്‍ യുദ്ധമുന്നണിയില്‍ നിര്‍ണായക മുന്നേറ്റം നടത്തി റഷ്യന്‍ സൈന്യം. കിഴക്കന്‍ മേഖലയില്‍ മിന്നലാക്രമണം നടത്തിയ റഷ്യ, രണ്ടുദിവസം കൊണ്ട് 10 കിലോമീറ്ററിലേറെ (ആറ് മൈല്‍) ഭൂപ്രദേശം പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. ഡ്നിപ്രോ നദിക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന പോക്രോവ് പട്ടണം ലക്ഷ്യമാക്കി ഏകദേശം 1,10,000 റഷ്യന്‍ സൈനികര്‍ മുന്നേറുകയാണെന്ന് യുക്രെയ്ന്‍ സൈന്യം വിലയിരുത്തുന്നു. ഇത് വ്ലാഡിമിര്‍ പുടിന് യുദ്ധത്തില്‍ വലിയ നേട്ടമായേക്കാവുന്ന ഒരു മുന്നേറ്റമായാണ് കണക്കാക്കപ്പെടുന്നത്.

അംഗസംഖ്യ കൂടുതലുള്ള ശത്രുസൈന്യത്തിനെതിരെ കനത്ത ചെറുത്തുനില്‍പ്പിലാണ് തങ്ങളെന്ന് യുക്രെയ്ന്‍ സായുധ സേന മേധാവി ടലിഗ്രാമില്‍ അറിയിച്ചു. 'വളരെ ദുര്‍ഘടമായ സാഹചര്യമാണെങ്കിലും, പ്രതിരോധ സേന ശത്രുസംഘങ്ങളെ കണ്ടെത്തി നശിപ്പിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്,' പ്രസ്താവനയില്‍ പറയുന്നു. റഷ്യന്‍ മുന്നേറ്റം തടയുന്നതിനായി പ്രത്യേക സേനാ യൂണിറ്റുകളെ ഈ മേഖലയിലേക്ക് അയച്ചതായും കീവ് വ്യക്തമാക്കി.

വെള്ളിയാഴ്ച അലാസ്‌കയില്‍ വെച്ചാണ് ട്രംപും പുടിനും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് ഈ ഉച്ചകോടി. 2021-ന് ശേഷം ഒരു യുഎസ്, റഷ്യന്‍ പ്രസിഡന്റുമാര്‍ തമ്മില്‍ നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ഉച്ചകോടിക്ക് മുന്‍പ് പരമാവധി ഭൂപ്രദേശം കൈവശപ്പെടുത്തി ചര്‍ച്ചകളില്‍ മേല്‍ക്കൈ നേടാനാണ് പുടിന്‍ ശ്രമിക്കുന്നതെന്ന വിലയിരുത്തലുകള്‍ക്ക് ശക്തി പകരുന്നതാണ് ഈ സൈനിക നീക്കം.