ധാക്ക: ബംഗ്ലാദേശില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പൊലീസുകാരില്‍ നിന്ന് കൊള്ളയടിച്ചതടക്കം നിയമവിരുദ്ധവും അനധികൃതവുമായ എല്ലാ തോക്കുകളും ആഗസ്റ്റ് 19നകം അധികൃതര്‍ക്കു മുന്നില്‍ സമര്‍പ്പിക്കണമെന്ന് ഇടക്കാല ബംഗ്ലാദേശ് സര്‍ക്കാറിന്റെ ആഭ്യന്തരകാര്യ ഉപദേഷ്ടാവ് ബ്രിഗേഡിയര്‍ ജനറല്‍ എം. സഖാവത് ഹുസൈന്‍ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു.

തോക്കുകള്‍ പൊലീസ് സ്റ്റേഷനുകളില്‍ സമര്‍പ്പിച്ചില്ലെങ്കില്‍ തിരച്ചില്‍ നടത്തുമെന്നും ആയുധങ്ങള്‍ കണ്ടെത്തിയാല്‍ കുറ്റം ചുമത്തുമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ബഹുജന പ്രതിഷേധത്തിനിടെ പരിക്കേറ്റ അര്‍ദ്ധസൈനികരായ ബംഗ്ലാദേശ് അന്‍സാര്‍ അംഗങ്ങളെ സന്ദര്‍ശിച്ച ശേഷം സംയുക്ത സൈനിക ആശുപത്രിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹുസൈന്‍.

പ്രതിഷേധത്തിനിടെ പൊലീസുകാരും വിദ്യാര്‍ത്ഥികളുമടക്കം 500 ഓളം പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ഭയം കൊണ്ട് തോക്കുകള്‍ കൈമാറാന്‍ കഴിയാത്തവര്‍ മറ്റാരെങ്കിലും മുഖേന ഏല്‍പ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്താല്‍ മാധ്യമ സ്ഥാപനങ്ങള്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബംഗ്ലാദേശിലെ പുതിയ സര്‍ക്കാര്‍ ഇന്ത്യാ വിരുദ്ധ സമീപനം കൈക്കൊള്ളുമോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഓഗസ്റ്റ് 15 ദേശീയ ദിനമായി ആചരിക്കുന്നത് എടുത്തുകളയാന്‍ കരട് തയ്യാറാക്കിയിട്ടുണ്ട് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍. 49 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1975 ഓഗസ്റ്റ് 15നാണ് ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജിബുര്‍ റഹ്മാന്‍ കൊലചെയ്യപ്പെട്ടത്. വിലാപദിനമായി ആചരിക്കുന്ന ഈ ദിവസം രാജ്യത്ത് അവധി ദിനമാണ്. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് മുജിബുര്‍ റഹ്മാന്‍. അവധി ഒഴിവാക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി ഇതുവരെയും പ്രഖ്യാപനം ഉണ്ടായിട്ടില്ല.

പ്രഖ്യാപനത്തിന് മുന്നോടിയായി ക്രമസമാധാന പാലനത്തിനായി ബംഗ്ലാദേശിലുടനീളം അധിക പൊലീസിനെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിക്കും. ദേശീയ ദിനം എടുത്തുകളയാന്‍ തീരുമാനമെടുക്കുന്നതിനിടെ ഓഗസ്റ്റ് 15ന് മുജിബുര്‍ റഹ്മാന്റെ ചിത്രത്തിന് മുന്നില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അവാമി ലീഗ് പാര്‍ട്ടി അംഗങ്ങള്‍.

ദേശീയ ദിനം മാറ്റുന്നതിന് പുറമെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുകൊണ്ടുവന്ന തീരുമാനങ്ങളും സംവിധാനങ്ങളും ഉടച്ചുവാര്‍ക്കാനാണ് ഇടക്കാല സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ബംഗ്ലാദേശ് പൊലീസിന്റെ യൂണിഫോമില്‍ മാറ്റം വരുത്തും. പൊലീസ് യൂണിഫോമിന്റെ ഭാഗമായ ബോട്ടിന്റെ ലോഗോയാണ് മാറ്റുക. അവാമി ലീഗിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം കൂടിയാണ് ഈ ലോഗോ. യൂണിഫോമില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് 10 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കമ്മിറ്റി ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ ലോഗോയും യൂണിഫോമും സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ഇതിനിടെ ബംഗ്ലാദേശിലെ 'കലാപകാരികള്‍' ശിക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രംഗത്തെത്തി. രാജിവച്ച് പലായനം ചെയ്തതിന് ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് ഷെയ്ഖ് ഹസീന ഇക്കാര്യം ആവശ്യപ്പെട്ടത്. തന്റെ പിതാവ് മുജിബുര്‍ റഹ്മാന്റെ പ്രതിമ തകര്‍ത്തതിലും നീതി വേണമെന്ന് ഷെയ്ഖ് ഹസീന പറഞ്ഞു. 1975 ഓഗസ്റ്റ് 15 ന് നടന്ന കൂട്ടക്കൊലയില്‍ തന്റെ പിതാവടക്കം കുടുംബത്തെയാകെ നഷ്ടപ്പെട്ടതും അവര്‍ ഓര്‍മ്മിച്ചു. ഷെയ്ഖ് ഹസീനയുടെ പിതാവ് മുജിബുര്‍ റഹ്മാന്‍, മാതാവ്, മൂന്ന് സഹോദരങ്ങള്‍, രണ്ട് സഹോദരങ്ങളുടെ ഭാര്യമാര്‍, സഹപ്രവര്‍ത്തകര്‍ അടക്കം 36 പേരെയാണ് അന്ന് സൈന്യം കൊലപ്പെടുത്തിയത്.

തന്റെ കുടുംബത്തിന്റെ നഷ്ടത്തെയോര്‍ത്തെടുത്ത ഷെയ്ഖ് ഹസീന, പ്രക്ഷോഭത്തില്‍ ജീവന്‍ പൊലിഞ്ഞവരെയും സ്മരിച്ചു. തന്നെപ്പോലെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് അവര്‍ പറഞ്ഞു. കലാപത്തില്‍ അന്വേഷണം നടത്തി അതിന് കാരണമായവരെ ശിക്ഷിക്കണമെന്നും ഷെയ്ഖ് ഹസീന ആവശ്യപ്പെട്ടു.