കാന്‍ബറ: പാശ്ചാത്യ രാജ്യങ്ങളില്‍ വ്യാപകമായി കുടിയേറ്റ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുകയാണ്.ഇതിന്റെ ഭാഗമെന്നോണം ഇപ്പോള്‍ ആസ്‌ട്രേലിയയില്‍ യൂണിവേഴ്സിറ്റികള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടു വരികയാണ് സര്‍ക്കാര്‍. അടുത്ത കാലത്താണ് ആസ്‌ട്രേലിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട വിദ്യാഭ്യാസ കേന്ദ്രമായി മാറിയത്. മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ ഹബ്ബുകളില്‍ ഒന്നാണ് ആസ്‌ട്രേലിയ.

ഇപ്പോള്‍ 2025 ല്‍ പുതുതായി ചേരുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 2,70,000 ആയാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ഓരോ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിനും പ്രത്യേകം പ്രത്യേകം പരിധികള്‍ നിശ്ചയിക്കും എന്ന് സര്‍ക്കാര്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇതില്‍ വൊക്കേഷണല്‍ എഡ്യൂക്കേഷന്‍ സെന്ററുകള്‍ക്കും പരിശീലന കേന്ദ്രങ്ങള്‍ക്കുമായിരിക്കും ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ കുറയുക. ഈ തീരുമാനത്തിനെതിരെ ആസ്‌ട്രേലിയന്‍ വിദ്യാഭ്യാസ മേഖലയില്‍ നിന്നു തന്നെ കനത്ത പ്രധിഷേധമുയരുന്നുണ്ട്. സാമ്പത്തിക ഗുണ്ടായിസം എന്നാണ് ചില യൂണിവെഴ്സിറ്റികള്‍ ഈ നടപടിയെ വിശേഷിപ്പിച്ചത്. എന്നാല്‍, ആസ്‌ട്രേലിയന്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ ഈ നീക്കം സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

2024 ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കനുസരിച്ച് 7,17,500 വിദേശ വിദ്യാര്‍ത്ഥികളാണ് ആസ്‌ട്രേലിയയില്‍ ഉള്ളത് കോവിഡ് കാലത്ത് വിദേശ വിദ്യാര്‍ത്ഥികളെ തിരിച്ചയയ്ക്കുകയും കര്‍ക്കശ അതിര്‍ത്തി നിയന്ത്രണം കൊണ്ടു വരികയും ചെയ്തത് ആസ്‌ട്രേലിയന്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതികൂലമായി ബാധിച്ചു എന്ന് വിദ്യാഭ്യാസ മന്ത്രി ജേസണ്‍ ക്ലെയര്‍ പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ യൂണിവേഴ്സിറ്റികളില്‍ കോവിഡ് പൂര്‍വ കാലത്തേക്കാള്‍ 10 ശതമാനം വിദേശ വിദ്യാര്‍ത്ഥികള്‍ അധികമാണെന്നും ക്ലെയര്‍ ചൂണ്ടി9ക്കാട്ടി. എന്നാല്‍, സ്വകാര്യ വൊക്കേഷണല്‍ സ്ഥാപനങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും ഉണ്ടായിരിക്കുന്നത് 50 ശതമാനത്തിന്റെ വര്‍ദ്ധനവാണ്.

വിദേശ വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തി അതോടൊപ്പം ഈ മേഖലയിലെ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്ത് പെട്ടെന്ന് പണമുണ്ടാക്കാന്‍ ഒരുങ്ങിയിറങ്ങിയവരുടെ എണ്ണവും വര്‍ദ്ധിച്ചു എന്ന് ക്ലെയര്‍ ചൂണ്ടിക്കാട്ടി. ഭാഷാ നൈപുണ്യം പോലുമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വരെ പ്രവേശനം നല്‍കുന്ന നൈതികരഹിത പ്രവൃത്തികള്‍ ചില സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നുമുണ്ടായത് നേരത്തെയും സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഗുണ നിലവാരമില്ലാത്ത വിദ്യാഭ്യാസം നല്‍കി, പഠനത്തേക്കാള്‍ ഏറെ ജോലി ചെയ്ത് വിദ്യാര്‍ത്ഥികളായി എത്തുന്നവര്‍ക്ക് പണം സമ്പാദിക്കുന്നതിനുള്ള വഴികളൊരുക്കുന്നവരും ഈ മേഖലയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

മാത്രമല്ല, ഈ പുതിയ നയം, ആസ്‌ട്രേലിയയുടെ ഭവന- ആരോഗ്യ മേഖലയില്‍ അതീവ സമ്മര്‍ദ്ദത്തിന് കാരണമാകുന്ന വര്‍ദ്ധിച്ച കുടിയേറ്റത്തിന് ഒരു പരിഹാരം കണ്ടെത്താന്‍ സഹായിക്കുമെന്നും സര്‍ക്കാര്‍ വിശ്വസിക്കുന്നു. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷാ നൈപുണ്യം തെളിയിക്കുന്നതിനുള്ള പരീക്ഷകള്‍ കൂടുതല്‍ കര്‍ക്കശമാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. 2025 ല്‍ പബ്ലിക് യൂണിവേഴ്സിറ്റികള്‍ക്ക് പരമാവധി 1,45,000 വിദ്യാര്‍ത്ഥികളെ മാത്രമെ പ്രവേശിപ്പിക്കാന്‍ കഴിയുകയുള്ളു. സ്വകാര്യ യൂണിവേഴ്സിറ്റികള്‍ക്കും യൂണിവേഴ്സിറ്റി ഇതര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായി പുതിയ 30,000 വിദേശ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാം. വൊക്കേഷണല്‍ - ട്രെയിനിംഗ് മേഖലയില്‍ അനുവദനീയമായ പുതിയ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 95,000 ആയിരിക്കും.