ധാക്ക: ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രതിഷേധക്കാരുടെ അന്ത്യശാസനത്തെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് രാജിവെച്ചു. പ്രതിഷേധക്കാര്‍ സുപ്രീംകോടതി വളയുകയും രാജിവെച്ചില്ലെങ്കില്‍ സുപ്രീം കോടതി ജഡ്ജിമാരുടെയും ചീഫ് ജസ്റ്റിസിന്റെയും വസതികള്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് ഉബൈദുല്‍ ഹസന്‍ രാജിവെക്കാന്‍ തീരുമാനിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

രാജ്യത്തുടനീളമുള്ള സുപ്രീംകോടതിയിലേയും കീഴ്ക്കോടതികളിലെയും ജഡ്ജിമാരുടെ സുരക്ഷ കണക്കിലെടുത്താണ് സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതെന്ന് ചീഫ്ജസ്റ്റിസ് മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരത്തോടെ രാജിക്കത്ത് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന് അയയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസ് കോടതി ഫുള്‍ കോടതി യോഗം വിളിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ബംഗ്ലാദേശില്‍ പുതിയ പ്രതിഷേധം ആരംഭിച്ചത്.

വിദ്യാര്‍ത്ഥികളും അഭിഭാഷകരും ഉള്‍പ്പെടെ നൂറുകണക്കിന് പ്രതിഷേധക്കാര്‍ സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് ചെയ്യുകയും കോടതി പരിസരം കൈയടക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ചീഫ് ജസ്റ്റിസായി നിയമിതനായ ഉബൈദുല്‍ ഹസന്‍ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ വിശ്വസ്തനായിരുന്നു. ചീഫ് ജസ്റ്റിസ് ഉടന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാര്‍ത്ഥികളടങ്ങുന്ന പ്രതിഷേധക്കാര്‍ ശനിയാഴ്ച രാവിലെ ബംഗ്ലാദേശ് സുപ്രീംകോടതി വളഞ്ഞിരുന്നു.

അതേസമയം അഭയാര്‍ഥി പ്രവാഹം ശ്രദ്ധയില്‍പ്പെട്ടതോടെ ഉടന്‍ ബംഗ്ലദേശ് അതിര്‍ത്തി സേനയുമായി (ബിജിബി) ബന്ധപ്പെട്ട ബിഎസ്എഫ് അഭയാര്‍ഥികളെ തിരികെക്കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ബംഗ്ലദേശിലെ ലാല്‍മോനിര്‍ഹട് ജില്ലയിലൂടെ ഇന്ത്യന്‍ അതിര്‍ത്തിയുടെ 400 മീറ്റര്‍ അകലെ വരെ കൂട്ടമായെത്തി. ശ്രമം പരാജയപ്പെട്ടതോെട ഇന്ത്യയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനക്കൂട്ടം മുദ്രാവാക്യം മുഴക്കി.

അഭയാര്‍ഥികള്‍ അതിര്‍ത്തിയില്‍ കൂട്ടമായെത്തിയെങ്കിലും ആര്‍ക്കും ഇന്ത്യയിലേക്ക് കടക്കാനായിട്ടില്ലെന്നും അതിര്‍ത്തി പൂര്‍ണമായും അടച്ചിട്ടുണ്ടെന്നും മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബിഎസ്എഫിന്റെ അടിയന്തര ഇടപെടലാണ് പ്രശ്നം വഷളാകാതെ പരിഹരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം ഇപ്പോഴും അതിര്‍ത്തിയിലേക്ക് അഭയാര്‍ഥികളെത്തുന്നുണ്ടെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.