ന്യൂഡല്‍ഹി: ബംഗ്ലദേശില്‍ സംഘര്‍ഷം വ്യാപിക്കുന്ന പശ്ചാലത്തില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവര്‍ത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷത്തില്‍ 72 പേര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ ജോലിയിലെ സംവരണ വിഷയത്തില്‍ തുടങ്ങിയ പ്രക്ഷോഭം സര്‍ക്കാരിനെതിരായ സമരമായി മാറുകയായിരുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്ക്കണമെന്ന് പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടു. സംവരണ വിഷയത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഘര്‍ഷങ്ങളില്‍ ഇരുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതു കെട്ടടങ്ങിയതിനു പിന്നാലെയാണ് പ്രക്ഷോഭം ആരംഭിച്ചത്.

14 പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍മേഖലയിലെ തൊഴില്‍ സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യത്തോടെ പുനരാരംഭിച്ചതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ബംഗ്ലാദേശിലുള്ള ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ നിര്‍ദേശിച്ചു. സില്‍ഹറ്റിലെ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ അധികാരപരിധിയില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ഓഫീസുമായി ബന്ധപ്പെടണം. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പരും അധികൃതര്‍ നല്‍കിയിട്ടുണ്ട്.

ഞായറാഴ്ച രാവിലെയാണ് സംഘര്‍ഷം തുടങ്ങിയത്. വൈകിട്ട് 6 മണി മുതല്‍ രാജ്യത്തൊട്ടാകെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രക്ഷോഭകാരികള്‍ വിദ്യാര്‍ഥികളല്ലെന്നും തീവ്രവാദികളാണെന്നും പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. രംഗ്പുരില്‍ നാല് അവാമി ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭകാരികള്‍ ദേശീയപാതകള്‍ ഉപരോധിച്ചതോടെ ഗതാഗതം പലയിടത്തും സ്തംഭിച്ചു. ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

ആഴ്ചകള്‍ മുമ്പ്, സര്‍ക്കാര്‍ സര്‍വീസിലെ സംവരണം പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശില്‍ വന്‍ പ്രക്ഷോഭമുണ്ടായിരുന്നു. 150-ലധികം പേര്‍ കൊല്ലപ്പെടുകയും 1000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോഴത്തെ പ്രതിഷേധം. ഞായറാഴ്ച വൈകീട്ട് ആറ് മുതല്‍ രാജ്യവ്യാപകമായി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് തുടങ്ങി സാമൂഹികമാധ്യമങ്ങളെല്ലാം സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. 4 ജി ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കരുതെന്ന് മൊബൈല്‍ ഓപ്പറേറ്റര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

1971ല്‍ ബംഗ്ലദേശിനെ പാക്കിസ്ഥാനില്‍നിന്നു സ്വതന്ത്രമാക്കിയ വിമോചനയുദ്ധത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഉള്‍പ്പെടെ രാജ്യത്തെ ഉന്നത സര്‍ക്കാര്‍ ജോലികളില്‍ സംവരണം നല്‍കുന്നതിനെതിരെയാണു ബംഗ്ലദേശില്‍ പ്രക്ഷോഭം ആരംഭിച്ചത്. സ്വാതന്ത്ര്യ സമരസേനാനികളുടെ പിന്തുടര്‍ച്ചക്കാര്‍ക്കു 30%, സ്ത്രീകള്‍ക്ക് 10%, പിന്നാക്ക ജില്ലക്കാര്‍ക്ക് 10%, ഗോത്രവര്‍ഗക്കാര്‍ക്ക് 5%, ഭിന്നശേഷിക്കാര്‍ക്ക് 1% എന്നിങ്ങനെ സര്‍ക്കാര്‍ ജോലികളില്‍ 56% സംവരണം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണു ബംഗ്ലദേശ് സംവരണ സംവിധാനം. 44% സര്‍ക്കാര്‍ ജോലികള്‍ മാത്രം മെറിറ്റിന്റെ അടിസ്ഥാനത്തില്‍ നികത്തപ്പെടും.

സംവരണം ചെയ്യപ്പെട്ട ജോലികളിലേക്ക് അതതു വിഭാഗത്തിലെ ആളുകള്‍ എത്തിയിട്ടില്ലെങ്കില്‍ ആ ഒഴിവ് നികത്താതെ കിടക്കുമെന്നതും പ്രത്യേകതയാണ്. ഈ സംവിധാനം അനീതിയാണെന്നു ചൂണ്ടിക്കാട്ടി വര്‍ഷങ്ങളായി വിദ്യാര്‍ഥികളും യുവാക്കളും സമരത്തിലായിരുന്നു. 2018ല്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്നു ഷെയ്ഖ് ഹസീന ഗസറ്റഡ് പോസ്റ്റുകളിലേക്കുള്ള (റാങ്ക് 1, 2) സംവരണം പൂര്‍ണമായി അവസാനിപ്പിക്കുകയും സര്‍ക്കാര്‍ തലത്തിലെ മുഴുവന്‍ നിയമനങ്ങളും മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും ഉത്തരവിട്ടു.

എന്നാല്‍, സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തു സംവരണം തുടരണമെന്നാവശ്യപ്പെട്ട് ഏഴു പേര്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍, സംവരണം തുടരാന്‍ ബംഗ്ലദേശ് ഹൈക്കോടതി ജൂണ്‍ 5നു വിധി പ്രഖ്യാപിച്ചു. തുടര്‍ന്നാണു വീണ്ടും സംവരണവിരുദ്ധ പ്രതിഷേധം ആരംഭിച്ചത്. സംവരണം സുപ്രീംകോടതി റദ്ദാക്കി. പിന്നാലെ സര്‍ക്കാരിനെതിരെ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു.