ധാക്ക: ഷെയ്ഖ് ഹസീന സര്‍ക്കാര്‍ പുറത്താക്കപ്പെട്ടതിന് ശേഷമുള്ള ബംഗ്ലാദേശിന്റെ ആദ്യ പൊതുതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂര്‍ത്തിയായി. ഹസീനയുടെ അവാമി ലീഗിനെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. അതുകൊണ്ട് തന്നെ പൂര്‍ണമായും ജനാധിപത്യ വഴിയില്‍ അല്ല ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പു നടക്കുന്നത്. മൂന്ന് പതിറ്റാണ്ടായി തുടരുന്ന അവാമി ലീഗിന്റെ ബോട്ട് ചിഹ്നം ഇല്ലാത്ത തെരഞ്ഞെടുപ്പായിരുന്നു നടന്നത്. വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്.

ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ പ്രവാസത്തിന് ശേഷം ലണ്ടനില്‍നിന്ന് മടങ്ങിയെത്തിയ താരിഖ് റഹ്‌മാന്‍ നേതൃത്വമേറ്റ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി)ആണ് മത്സരരംഗത്തുള്ള പ്രധാന പാര്‍ട്ടി. ബിഎന്‍പിയാണ് അധികാരത്തിലെത്താന്‍ സാധ്യതയുള്ളത്. എന്നാല്‍, ജമാഅത്തെ ഇസ്ലാമിയാണ് മുഖ്യ എതിരാളികളായി രംഗത്തുള്ളത്. പ്രക്ഷോഭം നയിച്ച വിദ്യാര്‍ഥികളുടെ എന്‍സിപിയും രംഗത്തുണ്ട്. ഇവര്‍ ജമാഅത്തെ പാര്‍ട്ടിക്കൊപ്പമാണ്.

താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണല്‍ പാര്‍ടി (ബിഎന്‍പി)നയിക്കുന്ന മുന്നണിയില്‍ 10പാര്‍ടികളും ഷഫീഖുര്‍ റഹ്‌മാന്‍ നയിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള മുന്നണിയില്‍ 11പാര്‍ടികളും ഉണ്ട്. രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരു ഘട്ടമായാണ്.അടുത്ത സര്‍ക്കാരിന്റെ ഭാഗമാകാന്‍ തനിക്ക് ആഗ്രഹമില്ലെന്നും വോട്ടെടുപ്പിന് ശേഷം താനോ തന്റെ ഉപദേഷ്ടാക്കളോ അധികാരത്തില്‍ തുടരില്ലെന്നും ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഫലം പുറത്തുവരും.

13-ാം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോടൊപ്പം തന്നെ 'ജൂലൈ നാഷണല്‍ ചാര്‍ട്ടര്‍ 2025'എന്ന പേരിലുള്ള പരിഷ്‌കാര നിര്‍ദേശങ്ങളിലേക്കുള്ള ജനവിധിയും ഒരേസമയം നടക്കുകയാണ്. ഏകാധിപത്യ ഭരണം തടയുന്നതിനായി എന്ന പേരില്‍യൂനസ് വിഭാവനം ചെയ്ത പരിഷ്‌കരണ ചാര്‍ട്ടറിലാണ് ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തേണ്ടത്.

ഒക്ടോബര്‍ 17-ന് രാഷ്ട്രീയ പാര്‍ട്ടികളുമായും യൂനുസ് അധ്യക്ഷനായ നാഷണല്‍ കോണ്‍സെന്‍സസ് കമ്മീഷനുമായും നടത്തിയ ദീര്‍ഘാലോചനകള്‍ക്ക് ശേഷമാണ് ജൂലൈ ചാര്‍ട്ടര്‍ പ്രഖ്യാപിച്ചത്. 84നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാക്കേജ് നാല് പ്രധാന മേഖലകളായി ചുരുക്കി ഒരു ഏകചോദ്യമായി വോട്ടുചീട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം,ഭരണഘടനയില്‍ റഫറണ്ടത്തിന് വ്യക്തമായ വ്യവസ്ഥകളില്ലെന്ന വാദവുമായി ചില നിയമ വിദഗ്ധര്‍ രംഗത്തുണ്ട്. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ ഒപ്പുവെച്ച് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ നിയമസാധുത ചോദ്യം ചെയ്യപ്പെടുകയാണ്. നിലവിലെ ഭരണഘടന നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു ഗസറ്റ് നിയമപരമായി സാധുവാണോയെന്നതില്‍ ഇനി നിയമ വ്യവഹാരങ്ങളും തുടങ്ങാനിരിക്കുന്നു. നിലവിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെ നിയമവിരുദ്ധം എന്ന് വിശേഷിപ്പിച്ച അവാമി ലീഗ്,യൂനുസ് സര്‍ക്കാര്‍ ജനാധിപത്യത്തെ തടവിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ചു.

350അംഗ പാര്‍ലിമെന്റില്‍ 300സീറ്റിലേക്കാണ് മത്സരം.ശേഷിക്കുന്ന അമ്പത് സീറ്റ് വനിതകള്‍ക്കായ് സംവരണം ചെയ്തിരിക്കുന്നു. ഫലംവന്ന ശേഷം വിജയത്തിന് അനുപാതികമായി പാര്‍ടികള്‍ക്ക് ഈ സീറ്റുകള്‍ വീതിച്ചുനല്‍കും. ആകെ151സീറ്റ് ലഭിക്കുന്ന പാര്‍ടി ബംഗ്ലാദേശിനെ നയിക്കും. 1981പേരാണ് മത്സരരംഗത്തുള്ളത്.