- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
900 ദശലക്ഷം ഡോളര്‍ കുടിശ്ശികയുണ്ടെന്ന് അദാനി പവര്‍; ബിപിഡിബിയുടെ കണക്കിലെ കുടിശ്ശിക 650 ദശലക്ഷം ഡോളര്‍; വൈദ്യുതി താരിഫിന്റെ പേരില്‍ തര്‍ക്കം; വൈദ്യുതി പ്രതിസന്ധി രൂക്ഷം; വെട്ടിക്കുറച്ച വൈദ്യുതി വിതരണം പുന:സ്ഥാപിക്കണമെന്ന് അദാനി ഗ്രൂപ്പിനോട് ബംഗ്ലാദേശ്
വെട്ടിക്കുറച്ച വൈദ്യുതി വിതരണം പുന:സ്ഥാപിക്കണമെന്ന് അദാനി ഗ്രൂപ്പിനോട് ബംഗ്ലാദേശ്
ന്യൂഡല്‍ഹി: കുടിശ്ശിക അടച്ചില്ലെന്ന പേരില്‍ വെട്ടിക്കുറച്ച വൈദ്യുതിയുടെ വിതരണം പുനസ്ഥാപിക്കാന്‍ അദാനിയുടെ ഉടമസ്ഥതയിലുള്ള ഊര്‍ജ കമ്പനിക്ക് നിര്‍ദേശം നല്‍കി ബംഗ്ലാദേശ്. ഝാര്‍ഖണ്ഡിലെ ഗോഡ്ഡ ജില്ലയിലെ പ്ലാന്റില്‍നിന്ന് രാജ്യത്തേക്കുള്ള വൈദ്യുതി വിതരണം പൂര്‍ണമായും പുന:സ്ഥാപിക്കാനാണ് ബംഗ്ലാദേശ് ആവശ്യപ്പെട്ടതെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ''നിലവില്‍ ഞങ്ങള്‍ പ്രതിമാസം 85 ദശലക്ഷം ഡോളര്‍ അടയ്ക്കുന്നുണ്ട്. കൂടുതല്‍ പണം നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. കുടിശിക ഇല്ലാതാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം'' ബംഗ്ലദേശ് പവര്‍ ഡവലപ്മെന്റ് ബോര്‍ഡ് (ബിപിഡിബി) അറിയിച്ചു. കൂടുതല്‍ പണം നല്‍കാനുള്ള ശ്രമം തുടരുമെന്നും ബിപിഡിബി വ്യക്തമാക്കി.
2017-ല്‍ ഒപ്പുവെച്ച 25 വര്‍ഷത്തേക്കുള്ള കരാര്‍പ്രകാരം ഗോദ്ധയിലെ 1600 മെഗാവാട്ട് പ്ലാന്റില്‍നിന്നാണ് അദാനി ബംഗ്ലാദേശിലേക്ക് വൈദ്യുതി എത്തിച്ചിരുന്നത്. 800 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് യൂണിറ്റുകളാണ് ഈ പ്ലാന്റിലുള്ളത്. കഴിഞ്ഞ മൂന്ന് മാസമായി കുടിശ്ശികയുടെ പേരില്‍ ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം അദാനി പവര്‍ പകുതിയായി കുറച്ചിരുന്നു. 900 ദശലക്ഷം ഡോളറാണ് ബംഗ്ലാദേശ് നല്‍കാനുള്ളത്. കഴിഞ്ഞ ഒക്ടോബറില്‍ കുടിശ്ശിക തീര്‍ക്കണമെന്ന് അദാനി പവര്‍ ബിപിഡിബിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കുടിശ്ശിക തീര്‍ക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ഒക്ടോബര്‍ 31-ന് വൈദ്യുതി വിതരണം പകുതിയായി കുറയ്ക്കുകയായിരുന്നു.
വൈദ്യുതി താരിഫ് കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് അദാനി പവറും ബിപിഡിബിയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. 900 ദശലക്ഷം ഡോളര്‍ കുടിശ്ശികയുണ്ടെന്ന് അദാനി അവകാശപ്പെടുമ്പോള്‍ ബിപിഡിബിയുടെ കണക്കിലെ കുടിശ്ശിക 650 ദശലക്ഷം ഡോളറാണ്. ധാക്കയിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന എല്ലാ ഇന്ത്യന്‍ കമ്പനിയുടേയും ശരാശരിയേക്കാള്‍ 55% കൂടുതലാണ് അദാനി പവറിന്റെ നിരക്കെന്ന് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അദാനിയുമായുള്ള കരാര്‍ വിദഗ്ദ്ധ സമതി പരിശോധിക്കണമെന്ന് ബംഗ്ലാദേശ് കോടതി ഉത്തരവിട്ടിട്ടുണ്ട്. 2017-ല്‍ അന്നത്തെ പ്രധാന മന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയാണ് കരാര്‍ ഒപ്പുവെച്ചത്. അദാനിയുമായുള്ള കരാര്‍ വിദഗ്ധ സമിതി പരിശോധിക്കാന്‍ ബംഗ്ലദേശ് കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതു കരാര്‍ പുനഃപരിശോധിക്കുന്നതിനു കാരണമായേക്കാം.