- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാസായുദ്ധം അവസാനിപ്പിക്കാന്‍ ഇതാണു സമയം; ഇറാനുമായി ഇനി സംഘര്‍ഷമുണ്ടാകുന്നത് ഒഴിവാക്കണമെന്ന് ഇസ്രായേലിനോട് ആന്റണി ബ്ലിങ്കന്; യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ ഭൂരിഭാഗവും ഇസ്രയേല്‍ നേടിക്കഴിഞ്ഞെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി; ലബനനിലെ പൗരാണിക നഗരത്തില്‍ ബോംബിട്ട് ഇസ്രയേല്‍
ഗാസായുദ്ധം അവസാനിപ്പിക്കാന്‍ ഇതാണു സമയം
ടെല്‍ അവീവ്: പശ്ചിമേഷ്യയെ സംഘര്‍ഷഭരിതമാക്കായ യുദ്ധം തുടങ്ങിട്ട് ഒരുവര്‍ഷം പിന്നിട്ടു. ഇനിയെങ്കിലും അവിടെ സമാധാനം കൈവരുമോ എന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഹമാസിന്റെയും ഹിസ്ബുള്ളയുടെയും നേതൃനിരയെ ഇതിനോടകം ഇസ്രായേല്‍ തീര്‍ത്തു കഴിഞ്ഞു. ഗാസയില്‍ ഹമാസിനെ തകര്‍ത്തെറിഞ്ഞ അവസ്ഥയിലാണ്. ഹിസ്ബുള്ളയാകട്ടെ ഇനിയൊരു അങ്കത്തിന് ഒരുങ്ങാന്‍ ഒരുപാടു സമയെടുക്കുന്ന അവസ്ഥയിലുമാണ്. ഇതിനിടെ അമേരിക്ക മുന്‍കൈയെടുത്തു സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ പറ്റിയ സമയമിതാണെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ഇറാനുമായി ഇനി സംഘര്‍ഷമുണ്ടാകുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം ഇസ്രയേലിനോട് അഭ്യര്‍ഥിച്ചു. ഗാസയില്‍ ഹമാസിനോടും ലെബനനില്‍ ഹിസ്ബുള്ളയോടും യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണ് ഇസ്രയേല്‍. ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിലേക്ക് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പകരംവീട്ടുമെന്ന് പ്രതിജ്ഞയെടുത്തിട്ടുമുണ്ട്. ഇറാന്റെ പിന്തുണയുള്ള സായുധസംഘങ്ങളാണ് ഹമാസും ഹിസ്ബുള്ളയും.
2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് അവര്‍ ഗാസയില്‍ യുദ്ധം തുടങ്ങിയത്. യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ ഭൂരിഭാഗവും ഇസ്രയേല്‍ നേടിക്കഴിഞ്ഞെന്നും ആ വിജയത്തെ ദീര്‍ഘകാലത്തേക്കു നിലനിര്‍ത്താനുള്ള സമയമാണിതെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മറ്റ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ബ്ലിങ്കന്‍ പറഞ്ഞു.
സമാധാനം സാധ്യമാക്കാന്‍ ഒരുവര്‍ഷത്തിനിടെ 11-ാം തവണ പശ്ചിമേഷ്യ സന്ദര്‍ശിച്ച ബ്ലിങ്കന്‍ ചൊവ്വാഴ്ചയാണ് ഇസ്രയേലിലെത്തിയത്. തുടര്‍ന്ന് സൗദിയില്‍ എത്തിയ അദ്ദേഹം സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായു കൂടിക്കാഴ്ച്ച നടത്തി. പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷ സാഹചര്യത്തില്‍ നടത്തുന്ന മേഖല പര്യടനത്തിന്റെ ഭാഗമായി റിയാദിലെത്തിയ ബ്ലിങ്കന് അല്‍ യമാമ കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണത്തിനിടെയായിരുന്നു ചര്‍ച്ച. ഉഭയകക്ഷി ബന്ധങ്ങളും സംയുക്ത സഹകരണത്തിന്റെ മേഖലകളും ഇരുവരും അവലോകനം ചെയ്തു.
പൊതുതാല്‍പ്പര്യമുള്ള ഏറ്റവും പുതിയ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങള്‍, പ്രത്യേകിച്ച് ഗസ്സയിലെയും ലെബനാനിലെയും സംഭവവികാസങ്ങള്‍, സൈനികാക്രമണം നിര്‍ത്തുന്നതിനും ജനങ്ങളുടെ സുരക്ഷ കൈകാര്യം ചെയ്യുന്നതിനുമുള്ള ശ്രമങ്ങള്‍, യുദ്ധം മൂലമുണ്ടാകുന്ന മാനുഷിക പ്രത്യാഘാതങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. സ്വീകരണച്ചടങ്ങില്‍ മന്ത്രിസഭ അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് ബിന്‍ മുഹമ്മദ് അല്‍ഐബാന്‍, ജനറല്‍ ഇന്റലിജന്‍സ് മേധാവി ഖാലിദ് ബിന്‍ അലി അല്‍ ഹുമൈദാന്‍, സൗദിയിലെ യു.എസ് അംബാസഡര്‍ മൈക്കല്‍ റാറ്റ്നി എന്നിവര്‍ പങ്കെടുത്തു.
ഗസ്സയിലെയും ലബനാനിലെയും സംഘര്‍ഷത്തിന് ശമനം വരുത്താനുള്ള സാധ്യതകള്‍ തേടി പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച രാവിലെയാണ് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി റിയാദിലെത്തിയത്. കിരീടാവകാശിയുമായുള്ള ചര്‍ച്ചക്ക് മുമ്പ് വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു വര്‍ഷം മുമ്പ് ഗസ്സ മുനമ്പില്‍ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള 11-ാമത്തെ പശ്ചിമേഷ്യന്‍ പര്യടനമാണ് ബ്ലിങ്കന്റേത്.
അതേസമയം, ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചശേഷം ലെബനനിലെ തീരനഗരമായ ടൈറില്‍ ഇസ്രയേല്‍ ബുധനാഴ്ച വ്യോമാക്രമണം നടത്തി. ഹിസ്ബുള്ളയുടെ അടുത്ത സെക്രട്ടറി ജനറലാകുമെന്നു കരുതിയിരുന്ന ഹാഷിം സഫിയെദ്ദിന്റെ മരണവാര്‍ത്ത സംഘടന സ്ഥിരീകരിച്ചു. തെക്കന്‍ ലെബനനില്‍ ഈ മാസമാദ്യം നടത്തിയ ആക്രമണത്തില്‍ സഫിയെദ്ദിനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍ പറഞ്ഞിരുന്നു.
ഇതിനിടെയും ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം തുടരുകയാണ് ഹിസ്ബുള്ള. ടെല്‍ അവീവിന്റെ പരിസരത്തുള്ള ഇസ്രയേല്‍ സേനാ ഇന്റലിജന്‍സ് ആസ്ഥാനം ലക്ഷ്യമിട്ട് റോക്കറ്റയച്ചെന്ന് ഹിസ്ബുള്ള അവകാശപ്പെട്ടു. ടെല്‍ അവീവില്‍ ബ്ലിങ്കന്‍ താമസിച്ചിരുന്ന ഹോട്ടലിനടുത്തുവെച്ച് ഇസ്രയേല്‍ പ്രതിരോധസംവിധാനം അവ തകര്‍ത്തു. ഇതിന് പിന്നാലെ തെക്കന്‍ ലബനനിലെ പൗരാണിക തുറമുഖ നഗരമായ ടയറില്‍ ഇസ്രയേല്‍ കനത്ത ബോംബാക്രമണം നടത്തി.
യുനെസ്‌കോയുടെ പൈതൃകപട്ടികയുള്ള നഗരം തെക്കന്‍ ബെയ്‌റൂട്ടില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയാണ്. നഗരവാസികളോട് ഒഴിഞ്ഞുപോകണമെന്ന് ഓണ്‍ലൈനിലൂടെ ആവശ്യപ്പെട്ടിരുന്നു.ഇസ്രയേല്‍ ആക്രമണം തുടരുന്ന വടക്കന്‍ ഗാസയില്‍ ഇന്നലെ 20 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. തെരുവുകളില്‍ മൃതദേഹങ്ങള്‍ അനാഥമായി കിടക്കുന്നുവെന്ന് ബെയ്ത്ത് ലാഹിയയില്‍നിന്നു പലായനം ചെയ്യുന്ന പലസ്തീന്‍കാര്‍ പറഞ്ഞു. തകര്‍ന്നടിഞ്ഞ ജബാലിയ പട്ടണത്തിന്റെ ആകാശദൃശ്യം ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടു. ഇവിടെനിന്ന് മൂന്നാഴ്ചയ്ക്കിടെ പതിനായിരങ്ങളാണു തെക്കോട്ടു പലായനം ചെയ്തത്.