ഒട്ടോവ: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും എന്ന നിലപാടിലാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റക്കാരെ നാടുകടത്താന്‍ സൈന്യത്തിന്റെ സഹായം അടക്കം തേടുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. അതിര്‍ത്തി രാജ്യങ്ങള്‍ വഴിയുള്ള നുഴഞ്ഞു കയറ്റവും തടയണം എന്നതാണ് ട്രംപിന്റെ നിര്‍ദേശം. ഇതിനായി കാനഡയോടും മെക്‌സിക്കയോടും കര്‍ശന നിലപാട് സ്വീകരിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.

മെക്സിക്കന്‍ അതിര്‍ത്തി കടന്നെത്തുന്നവരെ തടയാന്‍ മുന്‍ ട്രംപ് ഭരണകൂടം മതില്‍ കെട്ടലും അതിര്‍ത്തി സുരക്ഷ ശക്തിപ്പെടുത്തലുമടക്കം നിരവധി പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു. ഇതോടെ ട്രംപിന്റെ ഭീഷണിക്ക് വഴങ്ങാന്‍ കാനഡ ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കാനേഡിയന്‍ അതിര്‍ത്തിയിലും കര്‍ശന പരിശോധന നടത്താനൊരുങ്ങുകയാണ് കാനഡ എന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.

ജനുവരി 20ന് ട്രംപ് അധികാരമേറ്റെടുക്കുന്നതോടെ കാനഡ തങ്ങളുടെ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കണമെന്നും അല്ലാത്ത പക്ഷം കാനഡയുടെ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി ചുമത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റവും ലഹരിപദാര്‍ഥങ്ങളുടെ കടത്തും നിയന്ത്രിക്കാനാണ് തന്റെ തീരുമാനമെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. കാനഡ അതിര്‍ത്തി സുരക്ഷയില്‍ അയവ് കാണിക്കുന്നെന്നാണ് ട്രംപിന്റെ പ്രധാന വിമര്‍ശനം. ഇതിന് പിന്നാലെ കാനഡയെ അമേരിക്കയുടെ ഒരു സംസ്ഥാനമായി ചേര്‍ക്കണമെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റില്‍ ട്രൂഡോയെ കാനഡ സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ എന്ന് പറഞ്ഞും ട്രംപ് പരിഹസിച്ചിരുന്നു.

ട്രംപിന്റെ നടപടിക്ക് പിന്നാലെ അതിര്‍ത്തി സുരക്ഷയ്ക്കായി 900 മില്യണിന്റെ പദ്ധതി ആരംഭിക്കാനാണ് ട്രൂഡോയുടെ തീരുമാനം. ഇതോടെ കാനഡ വഴി യുഎസിലേക്കുള്ള നുഴഞ്ഞുകയറ്റ പാത അടയുകയാണ്. പ്രധാനമായും ഇന്ത്യക്കാരായിരുന്നു ഈ പാത ഉപയോഗിച്ചിരുന്നത്. യുഎസിലേക്ക് വലിയൊരു ശതമാനം ഇന്ത്യക്കാരും എത്തിയത് അനധികൃത കുടിയേറ്റക്കാരായാണ്. മെക്സിക്കോയിലുടെയും കാനഡയിലൂടെയും കടല്‍ വഴിയും രാജ്യത്തെത്തിയ പലരും നിലവില്‍ രാജ്യത്തെ പൗരന്മാരാണ്.

2022ലെ കണക്ക് പ്രകാരം യുഎസില്‍ 7,25,000 ഇന്ത്യക്കാരുണ്ട്. ഇതില്‍ വലിയൊരു ശതമാനവും അനധികൃത കുടിയേറ്റക്കാരാണ്. 2022ല്‍ 1,09,535 പേരാണ് യുഎസിലേക്ക് കുടിയേറിയത്. ഇതില്‍ 17,000 പേരും ഇന്ത്യക്കാരാണ്. 2023ല്‍ ഇത് 30,010 ഇന്ത്യക്കാരായി ഉയര്‍ന്നു. ഈ വര്‍ഷം ഇത് 43,764 പേരായാണ് ഉയര്‍ന്നിരിക്കുന്നത്.

നേരത്തെ അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്നവര്‍ക്ക് യു.എസ് പൗരത്വം ലഭിക്കുന്ന നിലവിലെ രീതി അവസാനിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. അധികാരമേറ്റാല്‍ ഉടന്‍ ഇത് അവസാനിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ജനനത്തിലൂടെ പൗരത്വം ലഭിക്കുന്നത് അവസാനിപ്പിക്കുമെന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. യു.എസ്സിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുക എന്നതാണ് പുതിയ തീരുമാനത്തിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്. അതേസമയം പൗരത്വം സംബന്ധിച്ച നയത്തിലെ മാറ്റം നിയമയുദ്ധത്തിലേക്ക് വഴിതെളിച്ചേക്കും.

നിലവിലെ നിയമപ്രകാരം അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന ഏതൊരാള്‍ക്കും സ്വാഭാവികമായി യു.എസ്. പൗരത്വം ലഭിക്കും. രാജ്യത്ത് നിയമവിരുദ്ധമായി കഴിയുന്ന മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്കും ടൂറിസ്റ്റ്, സ്റ്റുഡന്റ് വിസ പോലുള്ള താത്കാലിക വിസയിലെത്തി യു.എസ്സില്‍ കഴിയുന്നവരുടെ കുട്ടികള്‍ക്കുമെല്ലാം ഈ ആനുകൂല്യമുണ്ട്. അമേരിക്കയില്‍ പൗരത്വം ജന്മാവകാശമായി നല്‍കുന്നത് കുറേ കാലമായി വലിയ ചര്‍ച്ചാവിഷയമാണ്.

യു.എസ്സിന്റെ ഈ പൗരത്വനയം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപും അനുയായികളും ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിക്കുന്ന വിമര്‍ശനം. അമേരിക്കന്‍ പൗരത്വം ലഭിക്കുന്നതിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ഇവരുടെ വാദം.

എന്നാല്‍ പൗരത്വം ജന്മാവകാശമായി ലഭിക്കുന്നത് ഭരണഘടനാപരമായ അവകാശമാണെന്നാണ് മറുവാദമുന്നയിക്കുന്നവര്‍ പറയുന്നത്. 14-ാം ഭരണഘടനാ ഭേദഗതിയാണ് ഈ അവകാശം ഉറപ്പുനല്‍കുന്നത്. അതിനാല്‍ തന്നെ ഈ നയത്തില്‍ കൈ വെക്കുന്നത് അത്ര എളുപ്പമല്ലെന്നും അതിന് ശ്രമിക്കുന്നത് രാജ്യത്തിന് ദോഷകരമാകുമെന്നും നയത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു.