ഒട്ടാവ: കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഔദ്യോഗിക സന്ദര്‍ശനത്തിനായി നാളെ ഇന്ത്യയില്‍ എത്തുകയാണ്. മുന്‍ കാനഡ സര്‍ക്കാറില്‍ നിന്നും വ്യസ്തസമായ സമീപനമാണ് കാര്‍ണിക്കുള്ളത്. കാനഡയിലെ ആക്രമണ സംഭവങ്ങളുമായി ഇന്ത്യക്ക് ബന്ധമില്ലെന്ന് കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചു. പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഡല്‍ഹി, മുംബൈ ഉള്‍പ്പെടെ ഒമ്പത് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനാണ് കാര്‍ണി ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മികച്ച രീതിയിലുള്ള വിദേശനയം പിന്തുടരാനും ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുകയുമാണ് സന്ദര്‍ശന ലക്ഷ്യം. അതിനിടെ കാനഡയിലെ ഒരു സിഖ് നേതാവിന്റെ ജീവന് ഭീഷണിയുള്ളതായി മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തി.

ഇക്കാര്യം വിശ്വസനീയമായ മേഖലയില്‍ നിന്നാണ് ലഭിച്ചതെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. സിഖ് ഫെഡറേഷന്‍ ഓഫ് കാനഡയുടെ തലവനായ മോനീന്ദര്‍ സിംഗിനാണ് വാന്‍കൂവര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു അംഗം മുന്നറിയിപ്പ് നല്‍കിയത്. സിംഗിന്റെ ഭാര്യയും മക്കളും ഭീഷണി നേരിടുന്നതായും പോലീസ് അറിയിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ താമസിക്കുന്ന മോനീന്ദര്‍ സിംഗ് പോലീസ് സന്ദര്‍ശനത്തിന്റെ ഓഡിയോ റെക്കോര്‍ഡിംഗും ഉദ്യോഗസ്ഥന്റെ ഐഡി കാര്‍ഡിന്റെ ഫോട്ടോയും മാധ്യമങ്ങള്‍ക്ക് നല്‍കി.

കാലാകാലങ്ങളില്‍, ആര്‍ക്കെങ്കിലും ഭീഷണിയുണ്ടെന്ന് തങ്ങള്‍ക്ക് വിവരം ലഭിക്കുമ്പോള്‍ അവരെ ഇക്കാര്യം ധരിപ്പിക്കുക എന്നത് തങ്ങളുടെ കടമയാണ് എന്നാണ് പോലീസ് വക്താവ് പറഞ്ഞത്. ഏതായാലും സംഭവത്തെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണ് എന്നാണ് പോലീസ് വ്യക്തമാക്കിയത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല. തനിക്ക് നേരേ ഉയര്‍ന്ന ഭീശഷണിക്ക് പിന്നില്‍ ഇന്ത്യയാണ് എന്നാണ് സിംഗ് ആരോപിക്കുന്നത്.

2022-ല്‍, സിംഗിനും സഹ ആക്ടിവിസ്റ്റായ ഹര്‍ദീപ് സിംഗ് നിജ്ജാറിനും ആയിരുന്നു മുന്നറിയിപ്പ് ലഭിച്ചത്. അടുത്ത വര്‍ഷം നിജ്ജാര്‍ കൊല്ലപ്പെട്ടിരുന്നു. അതിനുശേഷം, സിംഗിനെതിരെയുള്ള പുതിയ ഭീഷണികളെക്കുറിച്ച് പോലീസ് ഇടയ്ക്കിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വാരാന്ത്യത്തിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബത്തെ ആദ്യം ഉള്‍പ്പെടുത്തിയത്. കാനഡയിലെ സിഖ് സമൂഹത്തിന്റെ സുരക്ഷ കണക്കിലെടുക്കാതെയാണ് കാര്‍ണി ഇന്ത്യയുമായി വീണ്ടും സൗഹൃദം പുനസ്ഥാപിക്കുന്നത് എന്നാണ് ഖാലിസ്ഥാന്‍ അനുകൂല തീവ്രവാദി സംഘടനകള്‍ വിമര്‍ശിക്കുന്നത്.

എന്നാല്‍ ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രി ആയിരുന്ന കാലത്ത് ലഭിച്ചത് പോലെ സംരക്ഷണം ഇനി അവര്‍ക്ക് ലഭിക്കുകയില്ല എന്ന കാര്യം ഉറപ്പായ സാഹചര്യത്തിലാണ് ഇത്തരക്കാര്‍ കാര്‍ണിക്കെതിരെ രംഗത്ത് എത്തുന്നത് എന്നാണ് കരുതപ്പെടുന്നത്. അതേ സമയം ഇന്ത്യക്ക് നേരേ ഖാലിസ്ഥാന്‍വാദികള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ കാനഡയിലെ ഇന്ത്യന്‍ എംബസി തള്ളിക്കളയുകയാണ്. ആരോപണം ഉന്നയിച്ചവര്‍ക്കാണ് അത് തെളിയക്കേണ്ട ബാധ്യതയുള്ളത്, എന്നാണ് എംബസി വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

2023 ജൂണില്‍ ബ്രിട്ടീഷ് കൊളംബിയയില്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിജ്ജാറിന്റെ മരണവുമായി ഇന്ത്യന്‍ ഗവണ്‍മെന്റ് ഏജന്റുമാര്‍ക്ക് ബന്ധമുണ്ടെന്നും തിനുള്ള തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടിണ്ടെന്നും അറിയിച്ചു. എന്നാല്‍ ആരോപണം ഇന്ത്യ ശക്തമായി നിഷേധിക്കുകയായിരുന്നു. ഈ സംഭവം രാജ്യങ്ങളിലെ നയതന്ത്രജ്ഞരെ പുറത്താക്കുന്നതിലേക്കും നീണ്ട സംഘര്‍ഷത്തിലേക്കും നയിച്ചു.