ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്താനെതിരെ ശക്തമായ നടപടിക്ക് ഇന്ത്യ ഒരുങ്ങവേ സംഘര്‍ഷ കളത്തിലേക്ക് ചൈനയും. പാക്കിസ്താനെ പിന്തുണച്ചു കൊണ്ട് ചൈന രംഗത്തുവന്നു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉടന്‍ നിഷ്പക്ഷമായ അന്വേഷണം ആരംഭിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. പാകിസ്താന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇക്കാര്യം വ്യക്തമാക്കിയപ്പോള്‍ ചൈന പിന്തുണക്കുന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും, സംഘര്‍ഷം ലഘൂകരിക്കാന്‍ സംഭാഷണത്തില്‍ ഏര്‍പ്പെടണമെന്നും ചൈന വ്യക്തമാക്കി. പാക്കിസ്ഥാന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ പിന്തുണയ്ക്കുമെന്നും ചൈന പ്രസ്താവനയില്‍ അറിയിച്ചു. ഇതോടെ ഇന്ത്യ പാക്കിസ്ഥാനെതിരെ കടുത്ത നീക്കങ്ങളിലേക്ക് കടന്നാല്‍ ചൈന അവര്‍ക്ക് പിന്തുണയുമായി എത്തുമെന്നാണ് ചൈന സൂചിപ്പിക്കുന്നത്. ഭീകരതയെ ചെറുക്കല്‍ എല്ലാ രാജ്യങ്ങളുടെയും പൊതു ഉത്തരവാദിത്തമാണെന്നും ചൈന വ്യക്തമാക്കി.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണെന്ന് പാക്കിസ്ഥാന്‍ ചൈനയുമായുള്ള സംഭാഷണത്തില്‍ ആവശ്യപ്പെട്ടിരുന്നു. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ആക്രമണം ഭയന്ന് പാകിസ്ഥാന്‍ റഷ്യയുടെയും ചൈനയുടെയും പിന്തുണയാണ് തേടിയത്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യമാണ് ഇരു രാജ്യങ്ങളോടും ഉന്നയിച്ചിരിക്കുന്നത്. ഇരുവരോടും ഇന്ത്യയുടെ നീക്കങ്ങള്‍ തടയാന്‍ ഇടപടണമെന്നാണ് പാക്കിസ്താന്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യത്തെയും ചൈന പിന്തുണച്ചു.

പുല്‍വാമ ആക്രമണത്തിന് ശേഷം നടന്ന ഏറ്റവും ഭീകരമായ ആക്രമണമാണ് പഹല്‍ഗാമില്‍ ചൊവ്വാഴ്ച നടന്നത്. പാകിസ്ഥാന്‍ ആസ്ഥാനമായ ലഷ്‌ക്കര്‍-ഇ-തൊയ്ബയുടെ കൂട്ടാളിയായ റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന സംഘടനയാണ് പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ആക്രമണം നടത്തിയത്. മതം ചോദിച്ച് പുരുഷന്‍മാരെ മാത്രം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.

സംഭവത്തെ അപലപിക്കാന്‍ പോലും തയ്യാറാകാതിരുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്, നിരപരാധികളെ കൊന്നൊടുക്കിയ കൊടും ക്രൂരതയില്‍ ഇന്ത്യ തെളിവുകള്‍ നിരത്തി ലോകരാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ പാക് പങ്ക് ചൂണ്ടിക്കാട്ടിയപ്പോഴാണ് സ്വതന്ത്ര അന്വേഷണം എന്ന ആവശ്യവുമായി മുന്നോട്ട് വന്നത്. അതേസമയം പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ കശ്മീരിലെ സ്വാതന്ത്ര്യ സമര സേനാനികളാകാമെന്നാണ് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദര്‍ പറഞ്ഞത്. ആണവായുധം ഉപയോഗിക്കുമെന്നും എല്ലാ ആണവായുധങ്ങളും ഇന്ത്യക്കെതിരെ പ്രയോഗിക്കാനാണ് ഉണ്ടാക്കിയതെന്നുമാണ് പാക് മന്ത്രി ക്വാജ ആസിഫ് പ്രതികരിച്ചത്.

നയതന്ത്ര തലത്തില്‍ പാകിസ്ഥാനെതിരെ നടപടി കര്‍ശനമാക്കിയ ഇന്ത്യ സിന്ധ നദീജല കരാറില്‍ നിന്ന് പിന്‍മാറിയത് മുതല്‍ അണക്കെട്ട് തുറന്ന് വിട്ട് ഝലം നദിയില്‍ വെള്ളപ്പൊക്കമുണ്ടാക്കിയത് വരെ പാകിസ്ഥാന്‍ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് നല്‍കുന്നത്. അതിനിടെയാണ് റഷ്യയും ചൈനയും സ്വതന്ത്ര അന്വേഷണം നടത്താന്‍ ഇടപെടണമെന്ന് പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടതും ചൈന അതിനെ പിന്തണച്ചതും.

ഇന്ത്യപാക്ക് പ്രശ്‌നങ്ങളില്‍ പൊതുവേ പാക്കിസ്ഥാന് അനുകൂലമായ നിലപാടാണു ചൈന സ്വീകരിക്കാറുള്ളതെങ്കിലും നേരിട്ടു സൈനികമായി ഇടപെട്ടിട്ടില്ല. 1947-48ലെ ഇന്ത്യപാക്ക് യുദ്ധകാലത്ത് ചൈന ആഭ്യന്തരയുദ്ധത്തിന്റെ നടുവിലായിരുന്നു. 1965ലെ യുദ്ധകാലത്തു പാക്കിസ്ഥാന് അനുകൂലമായ നിലപാടെടുത്തെങ്കിലും സൈനികമായി ഇടപെട്ടില്ല; അതിനു 3 കൊല്ലം മുന്‍പു ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തി ആക്രമിച്ചു ഭൂമി പിടിച്ചെടുത്തിട്ടുപോലും.

1971ലെ യുദ്ധത്തില്‍ ചൈന ഇടപെട്ടേക്കുമെന്ന് ഇന്ത്യയ്ക്ക് ആശങ്കയുണ്ടായിരുന്നു. അന്നു ചൈനയുമായി അതിര്‍ത്തിത്തര്‍ക്കമുണ്ടായിരുന്ന സോവിയറ്റ് യൂണിയനെ ഇന്ത്യ ഇതറിയിച്ചതായി പറയപ്പെടുന്നു. ഒരു വന്‍ സൈനികവ്യൂഹത്തെ ചൈനീസ് അതിര്‍ത്തിയിലേക്കു സോവിയറ്റ് യൂണിയന്‍ അയച്ചതോടെ തങ്ങളുടെ അതിര്‍ത്തിക്കു കാവല്‍ നില്‍ക്കാന്‍ ചൈനീസ് സൈന്യം നിര്‍ബന്ധിതരായി. കാര്‍ഗില്‍ പോരാട്ടത്തിനു തൊട്ടുമുന്‍പ് പാക്ക് സൈനികമേധാവി പര്‍വേസ് മുഷറഫ് ചൈന സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, സൈനികമായി ഇടപെടാമെന്ന യാതൊരു വാഗ്ദാനവും ചൈന നല്‍കിയില്ല. സാമ്പത്തിക, സാങ്കേതിക, സൈനിക ആധുനികീകരണത്തില്‍ ശ്രദ്ധിച്ചിരുന്ന ചൈന അതിര്‍ത്തിരാജ്യവുമായി ഉരസലിനു തയാറല്ലായിരുന്നു.

ഇന്ന് കാര്യങ്ങള്‍ മാറിയിട്ടുണ്ട്. അതിര്‍ത്തിരാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങളില്‍ സൈനികവും അല്ലാതെയുമുള്ള സമ്മര്‍ദതന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ ചൈന തയാറാണ്. ഗല്‍വാന്‍ താഴ്വരയിലും ഭൂട്ടാന്‍ അതിര്‍ത്തിയിലും കിഴക്കന്‍ ലഡാക്കിലുമെല്ലാം അടുത്തകാലത്തായി ചൈനയുടെ സൈനികസമ്മര്‍ദം ഇന്ത്യ നേരിട്ടതാണ്. കാരക്കോറം ചുരത്തോടു ചേര്‍ന്നുള്ള പ്രദേശത്ത് പാക്ക് സൈന്യത്തോടൊപ്പം ചൈനീസ് സൈന്യം സിവില്‍ നിര്‍മാണപ്രവൃത്തികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ സൈന്യവും പാക്ക് സൈന്യവും തമ്മില്‍ ഉരസലുള്ള സിയാച്ചിന്‍ പ്രദേശത്തോടു ചേര്‍ന്നുള്ള ചൈനീസ് നിയന്ത്രിതഭൂമിയില്‍ അടുത്തകാലത്തായി ചൈനയുടെ സൈനിക നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. 2019 ലെ പുല്‍വാമ കൂട്ടക്കൊലയ്ക്കു പകരമായി ഇന്ത്യ ബാലാക്കോട്ട് ഭീകരത്താവളം ബോംബിട്ടു തകര്‍ത്തതിനെത്തുടര്‍ന്നാണ് ചൈനീസ് പാക്ക് നിയന്ത്രിത ഭൂമിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ചൈന സൈനികസാന്നിധ്യം വര്‍ധിപ്പിച്ചതെന്നു പറയപ്പെടുന്നു. ഇവയെല്ലാം കണക്കിലെടുത്തുള്ള നടപടികളാകും ഇന്ത്യന്‍ നേതൃത്വത്തില്‍നിന്നു പ്രതീക്ഷിക്കാവുന്നത്.