- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാപാര കരാര്‍ എന്ന ട്രംപിന്റെ ഓഫറില്‍ ചൈനയും വീഴുമോ? അമേരിക്കന്‍ ഉപരോധത്തിന് പിന്നാലെ ചൈനയും റഷ്യന്‍ എണ്ണ ഇറക്കുമതി കുറയ്ക്കുന്നു; റഷ്യയുമായുള്ള ഹ്രസ്വകാല കരാറില്‍ നിന്ന് പിന്‍വാങ്ങി; റഷ്യയെ മെരുക്കാനുള്ള ട്രംപിന്റെ നീക്കത്തില്‍ കുതിച്ച് എണ്ണ വില
വ്യാപാര കരാര്‍ എന്ന ട്രംപിന്റെ ഓഫറില്‍ ചൈനയും വീഴുമോ?
മുംബൈ: റഷ്യയെ മെരുക്കാനുള്ള ട്രംപിന്റെ തന്ത്രങ്ങള്‍ ആഗോള തലത്തില്‍ എണ്ണവില കുത്തനെ ഉയരാന്‍ ഇടയാക്കുന്നു. റഷ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലൂക്കോയിലിനും അമേരിക്ക ഉപരോധം കൊണ്ടുവന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുകയറിയിരിക്കയാണ്. അന്താരാഷ്ട്ര ബെഞ്ച്മാര്‍ക്കായ ബ്രെന്റ് ക്രൂഡിന് വ്യാഴാഴ്ചമാത്രം 5.29 ശതമാനമാണ് വില കൂടിയത്. ഇതോടെ വില വീപ്പയ്ക്ക് 65.90 ഡോളറിലേക്കെത്തി. ഡബ്ല്യുടിഐ ക്രൂഡ് വില 5.71 ശതമാനം വര്‍ധനയോടെ 61.84 ഡോളറായും ഉയര്‍ന്നു.
റഷ്യന്‍ കമ്പനികള്‍ക്ക് ഉപരോധം വന്ന സാഹചര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോഗ രാജ്യങ്ങളായ ചൈനയ്ക്കും ഇന്ത്യക്കും പുതിയ എണ്ണ സ്രോതസ്സുകള്‍ കണ്ടെത്തേണ്ടിവരും. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതു തുടര്‍ന്നാല്‍ പാശ്ചാത്യരാജ്യങ്ങളുടെ ബാങ്കിങ് ശൃംഖലയില്‍നിന്ന് പുറത്താകുമെന്നതാണ് പ്രതിസന്ധിയാകുക. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ പുതിയ സ്രോതസ്സുകള്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഉപരോധ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് കമ്പനികളും റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് 'തല്‍ക്കാലത്തേക്ക്' നിര്‍ത്തി. ചൈനയുടെ പൊതുമേഖലാ എണ്ണക്കമ്പനികളായ സിനോപെക്, പെട്രോചൈന, സിനൂക്, ഷെന്‍ഹുവ ഓയില്‍ എന്നിവയാണ് റഷ്യയുമായുള്ള ഹ്രസ്വകാല കരാറില്‍ നിന്ന് പിന്‍വാങ്ങിയത്.
പ്രതിദിനം ശരാശരി 16 ലക്ഷം ബാരല്‍ വീതം റഷ്യന്‍ എണ്ണയാണ് ഇന്ത്യ വാങ്ങിയിരുന്നത്. 2025ന്റെ ആദ്യ 9 മാസം കണക്കിലെടുത്താല്‍ പ്രതിദിന ശരാശരി 19 ലക്ഷം ബാരല്‍. ചൈനീസ് കമ്പനികള്‍ കടല്‍വഴി മാത്രം പ്രതിദിനം 14 ലക്ഷം ബാരല്‍വീതം എണ്ണ റഷ്യയില്‍ നിന്ന് വാങ്ങിയിരുന്നു. നിലവില്‍ റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ ചൈനയും ഇന്ത്യയും കൈവിടുന്നത് പുട്ടിന് കനത്ത ആഘാതമാകും. റഷ്യയിലെ വമ്പന്‍ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റ്, ലൂക്കോയില്‍ എന്നിവയ്ക്കും ഇവയുടെ ഉപസ്ഥാപനങ്ങള്‍ക്കുമാണ് അമേരിക്കയുടെ ഉപരോധം.
യുക്രൈന്‍ യുദ്ധം എത്രയും വേഗം നിര്‍ത്താന്‍ റഷ്യയെ പ്രേരിപ്പിക്കുന്നതിനു ലക്ഷ്യമിട്ടാണ് ഉപരോധമെന്ന് അമേരിക്ക പറയുന്നു. റോസ്‌നെഫ്റ്റിനും ലൂക്കോയിലിനും പുറമേ ഇവയുടെ ഉപകമ്പനികള്‍ക്കും ഇവയില്‍നിന്ന് എണ്ണ കൊണ്ടുപോകുന്ന കപ്പലുകള്‍ക്കും അമേരിക്കന്‍ ഉപരോധം ബാധകമാണ്. രണ്ടു കമ്പനികള്‍ക്കും കഴിഞ്ഞയാഴ്ച ഉപരോധം പ്രഖ്യാപിച്ചിരുന്നു.
യുഎസിന്റെ ഉപരോധ പ്രഖ്യാപനം 'സീരിയസ്' ആണെന്നും ആഘാതം കടുത്തതായിരിക്കുമെന്നും സമ്മതിച്ച റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ പക്ഷേ, സമ്പദ്‌വ്യവസ്ഥയെ ബാധിക്കാന്‍ മാത്രം ശക്തി അതിനില്ലെന്ന് വ്യക്തമാക്കി. മെച്ചപ്പെടുകയായിരുന്ന യുഎസ്-റഷ്യ ബന്ധത്തിനാണ് ഉപരോധം വഴി ട്രംപ് തടയിട്ടത്. ഇതു ശത്രുതാപരമായ നീക്കമാണെന്നും പുട്ടിന്‍ പറഞ്ഞു. യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ തകര്‍ക്കുന്നതാണ് യുഎസ് ഉപരോധമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവയും പ്രതികരിച്ചു. ഉപരോധം ബാധിക്കാതിരിക്കാനുള്ള പ്രതിരോധശക്തി റഷ്യയ്ക്കുണ്ടെന്നും മരിയ പറഞ്ഞു.
ഇന്ത്യയിലേക്ക് ഏറ്റവുമധികം റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇറക്കുമതി തല്‍ക്കാലം നിര്‍ത്തിവയ്ക്കുന്നതായി വ്യക്തമാക്കിയിരുന്നു. റഷ്യന്‍ കമ്പനിയായ റോസ്‌നെഫ്റ്റില്‍ നിന്ന് പ്രതിദിനം 5 ലക്ഷം ബാരല്‍ വീതം എണ്ണ വാങ്ങാമെന്ന കരാറില്‍ നിന്നും റിലയന്‍സിന് പിന്മാറേണ്ടിവരും. ഇന്ത്യയുടെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ബിപിസിഎല്‍, എച്ച്പിസിഎല്‍, മാംഗ്ലൂര്‍ റിഫൈനറി തുടങ്ങിയവയും റഷ്യയുമായി നേരിട്ടുള്ള ഇടപാട് നിര്‍ത്തി. ഉപരോധം ബാധകമല്ലാത്ത യൂറോപ്യന്‍ വിതരണക്കാരില്‍ നിന്ന് തുടര്‍ന്നും ഇന്ത്യന്‍ കമ്പനികള്‍ റഷ്യന്‍ എണ്ണ വാങ്ങിയേക്കാം; ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
2022-ല്‍ യുക്രൈനില്‍ റഷ്യ ആക്രമണം തുടങ്ങിയശേഷം റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ കൂട്ടുകയായിരുന്നു. അന്താരാഷ്ട്ര വിലയിലും കുറഞ്ഞനിരക്കിലാണ് റഷ്യ ഇന്ത്യക്ക് എണ്ണ നല്‍കുന്നത്. ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 30 മുതല്‍ 40 ശതമാനത്തിനടുത്ത് റഷ്യയില്‍നിന്നാണ്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില പിടിച്ചുനിര്‍ത്താന്‍ ഈ നീക്കം ഏറെ സഹായിക്കുകയും ചെയ്തു. ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ ഗള്‍ഫ് മേഖലയില്‍ നിന്നടക്കം എണ്ണ വാങ്ങുന്നത് ഉയര്‍ത്തിയേക്കുമെന്നാണ് കരുതുന്നത്.




